Friday, 11 September 2026
‘Honest storytelling is a powerful means of change
07:44:47 PM IST
Kerala

ഇഡി നടപടിക്ക് നിയമപരമായ അടിത്തറയുണ്ടെന്ന് അഡ്വ. കാളീശ്വരം രാജ്; കേസെടുത്ത് പ്രതികളെ പ്രോസിക്യൂട്ട് ചെയ്യണോ എന്നു തീരുമാനിക്കേണ്ടതു പൊലീസും സംസ്ഥാന സര്‍ക്കാരും; ഒരു കേന്ദ്ര ഏജന്‍സി വ്യവസ്ഥയനുസരിച്ച് കൈമാറിയ വിവരങ്ങള്‍ അവഗണിക്കാന്‍ പൊലീസ് മേധാവിക്കോ സര്‍ക്കാരിനോ കഴിയില്ല

ന്യൂസ് ഡെസ്ക് 9 September 2026, 1:16 pm
SHARE

മാസപ്പടി കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണയ്ക്കും മുന്‍ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനുമെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന ഇഡിയുടെ കത്ത് നിയമപരമായി അടിത്തറയുള്ളതാണെന്ന് സുപ്രീംകോടതി അഭിഭാഷകനായ അഡ്വ. കാളീശ്വരം രാജ്. മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ മകള്‍ ടി.വീണ വഴി സിഎംആര്‍എല്‍ എക്‌സാലോജിക് ഇടപാടിലൂടെ 3.28 കോടി രൂപ കൈക്കൂലി വാങ്ങിയെന്നു കാട്ടിയും അന്വേഷണത്തിനു ശുപാര്‍ശ ചെയ്തുമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സംസ്ഥാന പൊലീസ് മേധാവിക്കു കത്തു നല്‍കിയിരിക്കുന്നത്. ഈ ഇഡി നടപടിക്ക് നിയമപരമായ അടിത്തറയുണ്ടെന്നാണ് അഡ്വ. കാളീശ്വരം രാജ് വ്യക്തമാക്കുന്നത്.

2002 ലെ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിലെ 66(2) വകുപ്പ് അനുസരിച്ച് ഇ.ഡിക്ക് ഇങ്ങനെ കത്തയയ്ക്കാന്‍ അധികാരം ലഭിക്കുന്നുണ്ട്. ഈ വ്യവസ്ഥ പ്രകാരം, കള്ളപ്പണം വെളുപ്പിക്കല്‍ സംബന്ധിച്ച കേസന്വേഷണത്തിനിടെ ശേഖരിക്കുന്ന തെളിവുകളും വിവരങ്ങളും വച്ച് മറ്റു നിയമങ്ങള്‍ ലംഘിക്കപ്പെട്ടതായി തോന്നിയാല്‍ അക്കാര്യം ബന്ധപ്പെട്ട അധികാരികളെ അറിയിക്കാനുള്ള ബാധ്യത ഇ.ഡിക്കുണ്ടെന്നും സുപ്രീം കോടതി അഭിഭാഷകന്‍ ചൂണ്ടിക്കാട്ടുന്നു. അഴിമതി നിരോധന നിയമപ്രകാരം കുറ്റകൃത്യങ്ങള്‍ നടന്നതായി തോന്നിയാല്‍ സംസ്ഥാന പൊലീസിനെ അക്കാര്യം അറിയിക്കാനുള്ള ബാധ്യത ഇ.ഡിക്കു ഉണ്ടെന്നും ഈ നടപടിക്ക് നിയമപരമായ അടിത്തറയുണ്ടെന്നും അഡ്വ കാളീശ്വരം രാജ് വിശദമാക്കുന്നു.

ഇഡിയുടെ പരിമിതികളേയും സുപ്രീം കോടതി അഭിഭാഷകന്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. കേസെടുക്കണോ എന്ന് പരിശോധിക്കണമെന്നു മാത്രമേ ഇ.ഡിക്കു പറയാന്‍ കഴിയുകയുള്ളെന്നും നിര്‍ബന്ധമായും കേസെടുക്കണമെന്ന് ആവശ്യപ്പെടാനാകില്ലെന്നും നിയമവിദഗ്ധന്‍ ചൂണ്ടിക്കാണുന്നു. കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് പ്രതികളെ പ്രോസിക്യൂട്ട് ചെയ്യണോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടതു സംസ്ഥാന സര്‍ക്കാരും പൊലീസുമാണ്. പക്ഷേ ഒരു കേന്ദ്ര ഏജന്‍സി, കേന്ദ്ര നിയമത്തിലെ വ്യവസ്ഥയനുസരിച്ച് കൈമാറിയ വിവരങ്ങള്‍ അവഗണിക്കാന്‍ സാധാരണ നിലയ്ക്ക് സംസ്ഥാന പൊലീസ് മേധാവിക്കോ സര്‍ക്കാരിനോ കഴിയില്ലെന്ന് കൂടി അഭിഭാഷകനായ അഡ്വക്കേറ്റ് കാളീശ്വരം രാജ് വ്യക്തമാക്കുന്നു

ഇ.ഡി നല്‍കിയ വിവരങ്ങള്‍ക്കും തെളിവുകള്‍ക്കും പുറമേ കൂടുതല്‍ അന്വേഷണവും വിവരശേഖരണവും തെളിവുശേഖരണവും വേണമെന്നു തോന്നിയാല്‍ സംസ്ഥാന സര്‍ക്കാരിനു കൂടുതല്‍ അന്വേഷണം നടത്താമെന്നും മറിച്ച്, കിട്ടിയ തെളിവുകളും വിവരങ്ങളും തന്നെ പര്യാപ്തമാണെങ്കില്‍ അവയുടെ അടിസ്ഥാനത്തില്‍ കേസെടുക്കാനും കഴിയുമെന്നും അഭിഭാഷകന്‍ കാളീശ്വരം രാജ് വിശദമാക്കി.
.

Read More
s
ന്യൂസ് ഡെസ്ക്
View all posts →