സൽമാൻ ഖാന് പിന്നാലെ ആമിർ ഖാനും വധഭീഷണി? ലോറൻസ് ബിഷ്‌ണോയ് സംഘത്തിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ്; അന്വേഷണം ആരംഭിച്ച് പൊലീസ്
ബോളിവുഡ് താരം ആമിർ ഖാനെതിരെ ലോറൻസ് ബിഷ്‌ണോയ് സംഘത്തിന്റെ പേരിൽ സമൂഹമാധ്യമത്തിൽ വധഭീഷണി സന്ദേശം പ്രചരിക്കുന്നതായി റിപ്പോർട്ട്. ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ അർസു ബിഷ്ണോയിയും ടൈസൺ ബിഷ്ണോയി എന്ന് തിരിച്ചറിഞ്ഞ മറ്റൊരാളുമാണ് ഭീഷണി മുഴക്കിയതെന്നാണ് റിപ്പോർട്ട്.
രാജ്യത്ത് ‘ലവ് ജിഹാദ്’ പ്രോത്സാഹിപ്പിക്കുന്നുവെന്നാണ് ആമിർ ഖാനെതിരായ ആരോപണം. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ ഒരിക്കലും അംഗീകരിക്കില്ലെന്നും അതിന് ആമിർ ഖാൻ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നുമാണ് പോസ്റ്റിലെ ഭീഷണി.
‘അർസു ബിഷ്‌ണോയ് എന്ന ഞാനും ടൈസൺ ബിഷ്‌ണോയും (ലോറൻസ് ബിഷ്‌ണോയ് ഗ്രൂപ്പ്) അറിയിക്കുന്നത്, ആമിർ ഖാനെ പോലുള്ളവർ രാജ്യത്ത് ‘ലവ് ജിഹാദ്’ പ്രോത്സാഹിപ്പിക്കുകയാണ്. ഇത് നമ്മുടെ സംസ്കാരത്തിനും സനാതന ധർമത്തിനും എതിരാണ്. ഇത്തരക്കാരെ ഞങ്ങൾ വെച്ചുപൊറുപ്പിക്കില്ല’ എന്നാണ് പോസ്റ്റിൽ പറയുന്നത്. താരപദവിയുടെ മറവിൽ ഇത്തരം പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നവരെ ‘ ഞങ്ങളുടേതായ രീതിയിൽ’ നേരിടുമെന്നും പോസ്റ്റിൽ മുന്നറിയിപ്പ് നൽകുന്നുണ്ട്.
രാജസ്ഥാനിലെ ശ്രീഗംഗാനഗറിൽ കഴിഞ്ഞ മാസം 13 വയസ്സുകാരിക്കെതിരെ നടന്നതായി ആരോപിക്കപ്പെടുന്ന തട്ടിക്കൊണ്ടുപോകലും ലൈംഗികാതിക്രമവും പോസ്റ്റിൽ പരാമർശിക്കുന്നു. കേസിൽ ഭരണകൂടം സ്വീകരിച്ച നടപടിയെ അഭിനന്ദിച്ചെങ്കിലും, പ്രതികളെ സംരക്ഷിക്കാൻ ചില രാഷ്ട്രീയ നേതാക്കൾ ശ്രമിക്കുന്നുവെന്നാണ് ആരോപണം.
അതേസമയം, ഫേസ്ബുക്കിലൂടെയും ഒരു വോയ്സ് നോട്ടിലൂടെയും ഭീഷണിസന്ദേശം ലഭിച്ചതായാണ് പോലീസിന് വിവരം ലഭിച്ചിരിക്കുന്നത്. ഇതിന്റെ ആധികാരികത പരിശോധിച്ചുവരികയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവത്തിൽ ആമിർ ഖാനോ അദ്ദേഹത്തിന്റെ പ്രതിനിധികളോ ഇതുവരെ ഔദ്യോഗിക പരാതി നൽകിയിട്ടില്ലെന്നാണ് മുംബൈ പൊലീസ് വൃത്തങ്ങൾ അറിയിക്കുന്നത്. പരാതി ലഭിച്ചാൽ തുടർനിയമനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.
സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുടങ്ങുക വൈകുന്നേരം 6.30 മുതൽ രാത്രി 12.45 വരെയുള്ള പീക്ക് സമയങ്ങളിൽ
ബ്രിക്സ് ഉച്ചകോടിക്ക് ഷി ജിന്പിങ് ഇന്ത്യയിലെത്തും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ചൈന