‘തെളിവിന്റെ കണിക പോലുമില്ല, പിന്നെന്തിന് ഒളിച്ചോടണം’; പിണറായിക്കെതിരായ ക്രൈംബ്രാഞ്ച് അന്വേഷണം നിയമപരമായി നേരിടുമെന്ന് എംവി ഗോവിന്ദൻ
സിഎംആർഎൽ-എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, പി എ മുഹമ്മദ് റിയാസ്, ടി വീണ എന്നിവർക്കെതിരെ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം പ്രഖ്യാപിച്ചതിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അന്വേഷണം രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് അദ്ദേഹം വ്യക്തമാക്കി. അന്വേഷണത്തിൽ നിന്ന് ഒളിച്ചോടേണ്ട സാഹചര്യമില്ലെന്നും തെളിവിന്റെ കണിക പോലുമില്ലെന്നുമാണ് എം വി ഗോവിന്ദന്റെ പ്രതികരണം.
ഇതിന്റെ പേരിൽ സിപിഎമ്മിനെ തകർക്കാനാകില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു. എൽഡിഎഫ് യോഗം ഉടൻ ചേരും. തെളിവുകളുടെ അടിസ്ഥാനമില്ലാതെ പാർട്ടിക്കെതിരെ കടന്നാക്രമണം നടത്തുകയാണെന്ന ആരോപണവുമായി ശക്തമായ പ്രതിഷേധം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇഡി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച അന്വേഷണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടാനാണ് സിപിഎമ്മിന്റെ തീരുമാനം.
അതേസമയം, ഇഡി സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നത്. ക്രൈംബ്രാഞ്ച് എഡിജിപി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാനാണ് തീരുമാനം. ഐജി ശ്യാംസുന്ദറിന് മേൽനോട്ട ചുമതല നൽകാനുള്ള നീക്കവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിന് മുമ്പുള്ള പ്രാഥമിക അന്വേഷണമായാണ് നിലവിലെ നടപടി.
പിണറായി വിജയൻ, മകൾ ടി. വീണ, മരുമകനും മുൻമന്ത്രിയുമായ പി എ മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ അഴിമതി, സാമ്പത്തിക ഇടപാടുകൾ, ഹവാല ഇടപാടുകൾ എന്നിവയുമായി ബന്ധപ്പെട്ട ആരോപണങ്ങളാണ് ഇഡി റിപ്പോർട്ടിൽ ഉന്നയിച്ചിട്ടുള്ളത്. റിപ്പോർട്ടിൽ ഉന്നയിച്ച ആരോപണങ്ങൾ അന്വേഷണത്തിലൂടെ പരിശോധിക്കേണ്ടവയാണ്; അവ കുറ്റം തെളിയിച്ചതായി കണക്കാക്കാനാകില്ല.
അന്വേഷണം വിജിലൻസിന് പകരം ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചതും എഫ്ഐആർ രജിസ്റ്റർ ചെയ്യാതെ പ്രാഥമിക അന്വേഷണം നടത്തുന്നതും സംബന്ധിച്ച് രാഷ്ട്രീയ വിമർശനങ്ങളും ഉയർന്നിട്ടുണ്ട്. അതേസമയം, നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പ്രാഥമിക അന്വേഷണം നടത്താൻ സർക്കാർ തീരുമാനിച്ചതെന്നാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കിയിട്ടുള്ളത്.
മാസപ്പടി കേസിൽ നിർണായക നീക്കം; പിണറായി, റിയാസ്, വീണ എന്നിവർക്കെതിരായ അന്വേഷണത്തിന് പ്രത്യേക സംഘമൊരുങ്ങുന്നു
ശബരിമല തീർഥാടനത്തിന് മുന്നൊരുക്ക പ്രതിസന്ധി; കടകളുടെയും ഹോട്ടലുകളുടെയും ലേലം അനിശ്ചിതത്വത്തിൽ, അരവണ സാധനങ്ങളുടെ കരാറും ആയില്ല