അപകടത്തിൽ മുഖം പൂർണമായും തകർന്നു, 20ലേറെ തുന്നലുകൾ; ആറ് ദിവസത്തിനകം ഷൂട്ടിങ് സെറ്റിലേക്ക് തിരിച്ചെത്തി മഹിമ നമ്പ്യാർ
20ലേറെ തുന്നലുകൾ ആവശ്യമായ ഗുരുതര അപകടത്തിന് പിന്നാലെ ശസ്ത്രക്രിയ കഴിഞ്ഞ് വെറും ആറ് ദിവസത്തിനകം ഷൂട്ടിങ് സെറ്റിലേക്ക് തിരിച്ചെത്തിയ നടി മഹിമ നമ്പ്യാരുടെ അതിജീവനകഥയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ‘മണ്ടാടി’ സിനിമയുടെ വിജയാഘോഷത്തിനിടെയാണ് സംവിധായകൻ മതിമാരൻ മഹിമ നേരിട്ട അപകടത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.
ചിത്രത്തിലെ ഒരു ഗാനരംഗത്തിന്റെ ചിത്രീകരണത്തിന് തൊട്ടുമുമ്പാണ് മഹിമയ്ക്ക് അപകടമുണ്ടായത്. അപകടത്തിൽ മുഖത്ത് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് 20ലേറെ തുന്നലുകൾ വേണ്ടിവന്നു. തുടർന്ന് ശസ്ത്രക്രിയയ്ക്കും വിധേയയായി. അപകടത്തിന് പിന്നാലെ മഹിമ തന്റെ പരുക്കേറ്റ മുഖത്തിന്റെ ചിത്രം സംവിധായകന് അയച്ചിരുന്നതായും മതിമാരൻ പറഞ്ഞു.
ശസ്ത്രക്രിയ കഴിഞ്ഞ് ആറ് ദിവസത്തിനകം മഹിമ വീണ്ടും സെറ്റിലെത്തി. തുടർന്ന് ചിത്രത്തിലെ ഗാനരംഗം പൂർത്തിയാക്കുകയും ചെയ്തു. ഇത്രയും ഗുരുതരമായ പരുക്കുകൾക്കിടയിലും ഷൂട്ടിങ്ങിനായി തിരിച്ചെത്തിയ മഹിമയുടെ ആത്മസമർപ്പണത്തെയും പ്രൊഫഷണലിസത്തെയും സംവിധായകൻ വേദിയിൽ പ്രത്യേകം പ്രശംസിച്ചു.
മഹിമയുടെ സിനിമാജീവിതത്തിൽ നേരത്തെയും പരുക്കുകളുടെയും തിരിച്ചടികളുടെയും അനുഭവങ്ങളുണ്ടായിട്ടുണ്ട്. 2023ലെ ഒരു അഭിമുഖത്തിൽ കുട്ടിക്കാലത്ത് സഹോദരനൊപ്പം കളിക്കുന്നതിനിടെ പടിക്കെട്ടിലൂടെ വീണ് നെറ്റിയിലും താടിയിലും ഉണ്ടായ മുറിവിന്റെ പാടുകൾ ഇപ്പോഴും ഉണ്ടെന്ന് മഹിമ പറഞ്ഞിരുന്നു. സിനിമയിലേക്കുള്ള യാത്രയിൽ പല തിരിച്ചടികളും നേരിട്ടെങ്കിലും അവ തന്നെ കൂടുതൽ ശക്തയാക്കിയെന്നും അവർ വ്യക്തമാക്കിയിരുന്നു.
‘കാര്യസ്ഥൻ’ എന്ന ചിത്രത്തിലൂടെ ബാലതാരമായി സിനിമയിലെത്തിയ മഹിമ പിന്നീട് മലയാളത്തിലും തമിഴിലുമായി ശ്രദ്ധേയമായ നിരവധി വേഷങ്ങൾ ചെയ്തു. ‘ആർഡിഎക്സ്’, ‘ജയ് ഗണേഷ്’ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിലും സാന്നിധ്യം ശക്തമാക്കിയ നടി ഇപ്പോൾ ‘മണ്ടാടി’യിലെ പ്രകടനത്തിനും പ്രശംസ നേടുകയാണ്.
അഭിനയത്തിൽ നിന്ന് സംവിധാനത്തിലേക്ക് ഉണ്ണി മുകുന്ദൻ; 50-ാം ചിത്രമൊരുങ്ങുന്നത് പനോരമ സ്റ്റുഡിയോസിനൊപ്പം
ദീപിക-രൺവീർ കുടുംബത്തിലേക്ക് വീണ്ടും കുഞ്ഞതിഥി; രണ്ടാമതും പെൺകുഞ്ഞ്, സന്തോഷവാർത്ത പങ്കുവെച്ച് ദീപികയും രൺവീറും