Wednesday, 16 September 2026
‘Honest storytelling is a powerful means of change
03:23:14 PM IST
Kerala

‘മുകളിൽ നിന്ന് കൃത്യമായ ഉത്തരവില്ലാതെ ഒരു മാധ്യമസ്ഥാപനത്തില്‍ പൊലീസ് ഇങ്ങനെ കയറി പ്രവർത്തിക്കില്ല’; ഭയപ്പെടുത്തി കീഴ്‌പ്പെടുത്തി തങ്ങളുടെ നാവാക്കി മാധ്യമങ്ങളെ മാറ്റാമെന്നാണോ മുഖ്യമന്ത്രി കരുതുന്നത്? റിപ്പോർട്ടർ ടിവി റെയ്ഡിൽ പ്രതികരിച്ച് പി. രാജീവ്

ന്യൂസ് ഡെസ്ക് 16 September 2026, 10:43 am
SHARE

റിപ്പോർട്ടർ ടിവി ഓഫീസിലും ന്യൂസ് റൂമിലും നടന്ന പോലീസ് റെയ്ഡിൽ പ്രതികരിച്ച് സിപിഎം കേന്ദ്രകമ്മിറ്റി അംഗം പി. രാജീവ്. മുകളിൽ നിന്ന് കൃത്യമായ ഉത്തരവില്ലാതെ ഒരു മാധ്യമസ്ഥാപനത്തില്‍ പൊലീസ് ഇങ്ങനെ കയറി പ്രവർത്തിക്കില്ല എന്ന് അദ്ദേഹം പറഞ്ഞു.

അടിയന്തരാവസ്ഥ കാലത്ത് ഭയപ്പെടുത്തി കാര്യങ്ങള്‍ ചെയ്യുന്ന രീതിയാണെങ്കില്‍ സമീപകാലത്ത് കേട്ടുകേള്‍വിയില്ലാത്ത സാഹചര്യമാണ് ഇന്ന് റിപ്പോര്‍ട്ടര്‍ ടിവിയിലുണ്ടായതെന്ന് പി രാജീവ് റിപ്പോര്‍ട്ടറിനോട് പറഞ്ഞു. ഒരു മാധ്യമസ്ഥാപനത്തിന് അകത്ത് പൊലീസ് കയറി എഡിറ്ററുടെ കസേരയിലിരിക്കുന്നതും മാധ്യമപ്രവര്‍ത്തകരുടെ ഫോണ്‍ പിടിച്ചെടുക്കുന്നതും മാധ്യമപ്രവര്‍ത്തനത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

പൊലീസ് രാജ് എന്ന രീതിയിലേക്കാണ് ഇത് വന്നിരിക്കുന്നത്. ഇതാണോ നെഹ്‌റുവിന്റെ ഭരണം? അടിയന്തരാവസ്ഥാ കാലത്ത് കോണ്‍ഗ്രസ് ചെയ്തതിനേക്കാള്‍ തീവ്രമായ സാഹചര്യമാണിത്. മോദി കാലഘട്ടത്തിൽ ന്യൂസ് ക്ലിക്കില്‍ കയറി എഡിറ്ററെ അറസ്റ്റ് ചെയ്ത സംഭവം ഉണ്ടായിരുന്നു . ഇപ്പോള്‍ അതിനേക്കാള്‍ അപ്പുറത്ത് കേരളത്തിലെ ഒരു പ്രധാന സ്ഥാപനം നിലപാടുകള്‍ സ്വീകരിക്കുന്നുവെന്നതിന്റെ പേരില്‍ വേട്ടയാടാന്‍ അവസരം കാത്തിരുന്നു എന്ന മട്ടില്‍ പ്രവര്‍ത്തിച്ച് കേരളം ഭരിക്കാമെന്നാണോ ആഭ്യന്തര മന്ത്രിയും സതീശനും കരുതുന്നത്’ എന്നും പി രാജീവ് ചോദിച്ചു.

‘കേരളം സ്വതന്ത്രമായ മാധ്യമപ്രവര്‍ത്തനത്തില്‍ മാതൃകാപരമായ അനുഭവമുള്ള നാടാണ്. ഒരു മാധ്യമസ്ഥാപനത്തിന് അകത്തുകയറി പ്രവര്‍ത്തനത്തെ പൂര്‍ണമായി തടസപ്പെടുത്തുന്ന രീതിയില്‍ പത്രപ്രവര്‍ത്തകരുടെ ഫോണുകള്‍ ഉള്‍പ്പെടെ വാങ്ങി വെക്കുക, സ്വകാര്യത ഉള്‍പ്പെടെ ലംഘിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തുക, ഇങ്ങനെയൊക്കെ കേട്ടുകേള്‍വിയുണ്ടോ കേരളത്തില്‍. ഇതാണോ ഇവര് കൊണ്ടുവന്ന മാറ്റം?’

‘കഠിനമായ നിലപാട് കേരള സമൂഹം സ്വീകരിക്കണം. ജനാധിപത്യ സംവിധാനങ്ങള്‍ നിലപാട് സ്വീകരിക്കണം. മുകളില്‍ നിന്നാണ് പൊലീസുകാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. ആരാണ് ആ നിര്‍ദ്ദേശം നല്‍കിയത്. ഭയപ്പെടുത്തി കീഴ്‌പ്പെടുത്തി തങ്ങളുടെ നാവാക്കി മാധ്യമങ്ങളെ മാറ്റാമെന്നാണോ മുഖ്യമന്ത്രി കരുതുന്നത്’ എന്നും പി. രാജീവ് ചോദിച്ചു.

Read More
s
ന്യൂസ് ഡെസ്ക്
View all posts →