‘വിമർശനങ്ങളും സ്വയം വിമർശനങ്ങളും ഉണ്ടായിട്ടുണ്ട്, തിരുത്തൽ നടത്തി പാർട്ടിയെ കരുത്തോടെ നയിക്കാം എന്നതാണ് വിശാല സംസ്ഥാന സമിതിയുടെ ഉത്തരവാദിത്തം’; എംവി ഗോവിന്ദൻ
തിരഞ്ഞെടുപ്പ് പരാജയത്തിൽ നിന്ന് തിരിച്ചുവരാൻ അടിമുടി മാറ്റം വേണമെന്ന നിർദേശങ്ങൾ സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിൽ ഉയർന്നതായി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. അവലോകന റിപ്പോർട്ടിൽ വിമർശനങ്ങളും സ്വയംവിമർശനങ്ങളും ഉണ്ടായിട്ടുണ്ടെന്നും തിരുത്തലുകൾ വരുത്തി പാർട്ടിയെ കൂടുതൽ കരുത്തോടെ മുന്നോട്ട് നയിക്കുകയാണ് പ്രധാന ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സമിതി ചേർന്ന് ചർച്ചകൾക്ക് മറുപടി തയ്യാറാക്കുമെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.
മാധ്യമ രംഗത്തെ വലതുപക്ഷവൽക്കരണത്തെ ചെറുക്കണമെന്നും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നതിനെതിരെ പ്രതിരോധം തീർക്കണമെന്നും അദ്ദേഹം പറഞ്ഞു. പോരായ്മകൾ പരിഹരിക്കുന്നതിനുള്ള വിവിധ നിർദേശങ്ങൾ സംസ്ഥാന വിപുലീകൃത സമിതിയിൽ ഉയർന്നിട്ടുണ്ട്. സംസ്ഥാന സർക്കാരിനെതിരായ പ്രതിരോധം ശക്തിപ്പെടുത്തണമെന്നും കേന്ദ്ര നയങ്ങൾക്കെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കണമെന്നും കേന്ദ്ര ഏജൻസികളുടെ നീക്കങ്ങൾക്കെതിരെ പ്രതിരോധം തീർക്കണമെന്നും ആവശ്യമുയർന്നതായും എം.വി. ഗോവിന്ദൻ പറഞ്ഞു.
എല്ലാ ഉത്സവങ്ങളെയും എല്ലാവരുടേതുമാക്കി മാറ്റാൻ ബോധപൂർവമായ ഇടപെടൽ വേണമെന്ന നിർദേശവും യോഗത്തിൽ ഉയർന്നു. ആരാധനാലയങ്ങൾ വർഗീയവാദികളുടെ വേദിയായി മാറരുതെന്നും ക്ഷേത്രങ്ങളിൽ ശാഖാ പ്രവർത്തനം അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു. എല്ലാ വിശ്വാസികളും വർഗീയവാദികളല്ലെന്നും വിശ്വാസികളെ മാറ്റിനിർത്തി വർഗീയതയ്‌ക്കെതിരെ പോരാടാനാകില്ലെന്നും വിശ്വാസികളെ കൂടെച്ചേർത്താണ് വർഗീയതയെ നേരിടേണ്ടതെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.
പാർട്ടി വിദ്യാഭ്യാസത്തിൽ ആധുനിക വിദ്യ ഉൾപ്പെടുത്തുന്നതിനായി ആപ്പ് സംവിധാനം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. നവമാധ്യമ രംഗത്ത് താഴെത്തലം വരെ ഇടപെടൽ ശക്തമാക്കണം. എ.കെ.ജി പഠന ഗവേഷണ കേന്ദ്രം ഉൾപ്പെടെയുള്ള സ്ഥാപനങ്ങളെ ഗവേഷണാധിഷ്ഠിത കേന്ദ്രങ്ങളാക്കി മാറ്റണമെന്നും പൊതുജനങ്ങളുടെ ആവശ്യങ്ങൾ ഫലപ്രദമായി മനസ്സിലാക്കാൻ ഗവേഷണ സംവിധാനങ്ങൾ ശക്തിപ്പെടുത്തണമെന്നും നിർദേശമുണ്ട്. ബ്രാഞ്ച് തലത്തിലുള്ള പ്രവർത്തനം ശക്തിപ്പെടുത്താനും ഏരിയ കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ ജനങ്ങളുമായുള്ള ബന്ധം വർധിപ്പിക്കാനും നിർദേശമുയർന്നു. പാർട്ടി അംഗങ്ങളുടെ അനധികൃത സ്വത്ത് സമ്പാദനത്തിൽ നടപടിയുണ്ടാകുമെന്നും മുൻ തിരഞ്ഞെടുപ്പ് തോൽവികളിലും പരിശോധന നടത്തിയിട്ടുണ്ടെന്നും ഇ.ഡിയുമായി ബന്ധപ്പെട്ട വിഷയങ്ങളും ചർച്ചയിൽ ഉയർന്നുവന്നതായും എം.വി. ഗോവിന്ദൻ പറഞ്ഞു.
108 ആംബുലൻസ് ജീവനക്കാർ പ്രഖ്യാപിച്ച അനിശ്ചിതകാല സമരം പിൻവലിച്ചു; തീരുമാനം മന്ത്രിയുമായുള്ള ചർച്ചക്ക് പിന്നാലെ
സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടായേക്കുമെന്ന് കെഎസ്ഇബി; 6നും 12.45നും ഇടയിൽ നിയന്ത്രം