Monday, 14 September 2026
‘Honest storytelling is a powerful means of change
10:52:30 AM IST
Kerala

‘സംസ്ഥാന നേതൃത്വം പരാജയം’; സിപിഐഎം വിപുലീകൃത സംസ്ഥാന സമിതിയിൽ വിമർശനം

ന്യൂസ് ഡെസ്ക് 14 September 2026, 8:34 am
SHARE

സിപിഐഎം വിപുലീകൃത സംസ്ഥാന സമിതിയിൽ സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം. പാർട്ടി നേരിടുന്ന പ്രശ്നങ്ങളിൽ സമയബന്ധിതമായി ഇടപെട്ട് പരിഹാരം കണ്ടെത്തുന്നതിൽ സംസ്ഥാന നേതൃത്വം പരാജയപ്പെട്ടെന്നാണ് പ്രതിനിധികളുടെ വിമർശനം. നിയമസഭാ തിരഞ്ഞെടുപ്പിൽ മാത്രമല്ല, 2021ന് ശേഷം നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും പാർട്ടി തിരിച്ചടി നേരിട്ടിട്ടും ആവശ്യമായ തിരുത്തൽ നടപടികൾ ഉണ്ടായില്ലെന്നും വിമർശനമുയർന്നു.

വിപുലീകൃത സംസ്ഥാന സമിതിയിൽ അവതരിപ്പിച്ച രേഖ സമഗ്രമല്ലെന്ന വിമർശനവും ഉയർന്നു. കണ്ണൂർ ഘടകമാണ് റിപ്പോർട്ടിനെതിരെ രൂക്ഷമായി രംഗത്തെത്തിയത്. കണ്ണൂരിൽ നിന്നുള്ള ഹരീന്ദ്രനാണ് വിമർശനം ഉന്നയിച്ചത്. സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വീഴ്ചകളിൽ ആത്മവിമർശനം ഉണ്ടായിട്ടില്ലെന്നും പരാജയങ്ങളുടെ ഉത്തരവാദിത്വം അണികളുടെയും ജില്ലാ നേതൃത്വത്തിന്റെയും മാത്രം മേൽ ചുമത്തിയെന്നും പ്രതിനിധികൾ ആരോപിച്ചു.

ഇഡി നീക്കം പിണറായി വിജയനെ ദുർബലപ്പെടുത്താനുള്ളതാണെന്ന പരാമർശം രേഖയിലുണ്ട്. എന്നാൽ സ്ഥാനാർഥി നിർണയത്തിലെ പാളിച്ചകളെക്കുറിച്ച് വിശദമായ പരാമർശമില്ലെന്നും വിമർശനമുയർന്നു. തളിപ്പറമ്പ്, പയ്യന്നൂർ മണ്ഡലങ്ങളിലെ വീഴ്ചകൾ റിപ്പോർട്ടിൽ പേരെടുത്ത് പറയാത്തതിലും പ്രതിനിധികൾ അതൃപ്തി രേഖപ്പെടുത്തി.

പാർലമെന്ററി വ്യാമോഹത്തിന് ഉത്തരവാദി സംസ്ഥാന നേതൃത്വമാണെന്നും വിമർശനമുയർന്നു. കഴിഞ്ഞ പത്ത് വർഷമായി പാർലമെന്ററി നേട്ടങ്ങൾക്ക് അമിത പ്രാധാന്യം നൽകിയാണ് നേതൃത്വം പ്രവർത്തിച്ചതെന്നും ഇതോടെ വിപ്ലവ പാർട്ടി എന്ന സങ്കൽപം തന്നെ നഷ്ടപ്പെട്ടെന്നും പ്രതിനിധികൾ പറഞ്ഞു. മൂന്നാം തുടർഭരണം ലക്ഷ്യമിട്ടാണ് നേതൃത്വം പ്രവർത്തിച്ചതെന്നും തോൽവിക്ക് ശേഷം മാത്രം ‘പാർലമെന്ററി വ്യാമോഹം’ എന്ന വിമർശനം ഉയർത്തിയിട്ട് എന്ത് കാര്യമെന്നും പ്രതിനിധികൾ ചോദിച്ചു

Read More
CPM
s
ന്യൂസ് ഡെസ്ക്
View all posts →