Sunday, 13 September 2026
‘Honest storytelling is a powerful means of change
12:06:02 PM IST
Newsroom

‘രാഷ്ട്രപതിയുടെ എഡിസിമാര്‍ വിവാഹം കഴിക്കാന്‍ പാടില്ല, രാഷ്ട്രപതിക്കൊപ്പം ജീവിച്ചത് അമ്മയ്‌ക്കൊപ്പമുള്ളതിനേക്കാൾ കൂടുതൽ’; ഋഷഭ് സിങ് സംബ്യാൽ

ന്യൂസ് ഡെസ്ക് 13 September 2026, 10:03 am
SHARE

രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ സൈനിക സഹായി (എഡിസി) ആയിരുന്ന പാരാ സ്പെഷ്യൽ ഫോഴ്‌സ് ഓഫീസർ മേജർ ഋഷഭ് സിങ് സംബ്യാൽ അടുത്തിടെയാണ് സർവീസിൽ നിന്ന് വിരമിച്ചത്. 12 വർഷത്തെ സൈനിക സേവനത്തിന് ശേഷമായിരുന്നു വിരമിക്കൽ. രാഷ്ട്രപതിക്കൊപ്പം പ്രത്യക്ഷപ്പെടുന്ന അദ്ദേഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും നേരത്തെ സമൂഹമാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടിയിരുന്നു. ഇതിനിടെ ഒരു യൂട്യൂബ് ചാനലിന് അദ്ദേഹം നൽകിയ അഭിമുഖത്തിലെ വെളിപ്പെടുത്തലുകളാണ് ഇപ്പോൾ ചർച്ചയാകുന്നത്.

രാഷ്ട്രപതി ദ്രൗപതി മുർമുവിനെ ആദ്യമായി കണ്ടപ്പോൾ സ്വന്തം അമ്മയെ മുന്നിൽ കാണുന്നതുപോലെയാണ് തോന്നിയതെന്ന് ഋഷഭ് സിങ് സംബ്യാൽ പറഞ്ഞു. 2014 മുതൽ സൈനിക സേവനത്തിന്റെ ഭാഗമായി സ്വന്തം അമ്മയ്‌ക്കൊപ്പം കഴിയാൻ സാധിച്ചിട്ടില്ലെന്നും മാസങ്ങൾ നീളുന്ന യാത്രകൾക്കിടെ വീട്ടിൽ ചെലവഴിക്കാൻ ലഭിച്ചിരുന്നത് വളരെ കുറച്ച് സമയമായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രപതി തങ്ങളോട് വളരെ സ്നേഹത്തോടെയാണ് പെരുമാറിയിരുന്നതെന്നും സ്വന്തം അമ്മയ്‌ക്കൊപ്പം ചെലവഴിച്ചതിനേക്കാൾ കൂടുതൽ സമയം രാഷ്ട്രപതിക്കൊപ്പമാണ് കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

താൻ വിവാഹിതനല്ലെന്നും രാഷ്ട്രപതിയുടെ എഡിസിമാർക്ക് വിവാഹവുമായി ബന്ധപ്പെട്ട് പ്രത്യേക നിയന്ത്രണങ്ങളുണ്ടെന്നും ഋഷഭ് സിങ് പറഞ്ഞു. കുടുംബത്തിൽ നിന്ന് അകന്നുനിൽക്കേണ്ടി വരുന്നത് വലിയ ത്യാഗമാണെന്നും രാഷ്ട്രപതിക്കൊപ്പം സേവനമനുഷ്ഠിച്ച കാലത്ത് സാധാരണ ജീവിതം ആസ്വദിക്കാനുള്ള അവസരം പരിമിതമായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഇക്കാര്യങ്ങളെ ഖേദത്തോടെയല്ല, അഭിമാനകരവും അതേസമയം വലിയ ഉത്തരവാദിത്തവുമായ ദൗത്യത്തിനായി നടത്തിയ വിട്ടുവീഴ്ചകളായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

മകൻ എന്ന നിലയിൽ കുടുംബത്തോടുള്ള ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിനായാണ് ഈ പ്രായത്തിൽ വിരമിക്കാൻ തീരുമാനിച്ചതെന്നും ഋഷഭ് സിങ് വ്യക്തമാക്കി. 12 വർഷം രാജ്യത്തെ സേവിക്കാൻ കഴിഞ്ഞതിൽ സന്തോഷവും അഭിമാനവുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

s
ന്യൂസ് ഡെസ്ക്
View all posts →