Friday, 11 September 2026
‘Honest storytelling is a powerful means of change
07:10:10 PM IST
National

നിങ്ങൾ നുണയന്മാരുടെ കൂട്ടം; യോ​ഗിയുടെ യുപി പൊലീസിനെ നിർത്തിപ്പൊരിച്ച് അലഹബാദ് ഹൈക്കോടതി; 10 ദിവസം 4 പേരെ അനധികൃത തടവിൽ വെച്ച് സിസിടിവി ദൃശ്യം കാണാനില്ലെന്ന മൊഴിയുമായി ഉത്തർപ്രദേശ് പൊലീസ്

ന്യൂസ് ഡെസ്ക് 10 September 2026, 11:32 am
SHARE

10 ദിവസം 4 പേരെ അനധികൃത തടങ്കലിൽ വച്ചു യോ​ഗിയുടെ യുപി പൊലീസ്, എസ്എച്ച്ഒയുടെ ശമ്പളത്തിൽനിന്ന് 65,000 രൂപ 4 പേർക്കുമായി നഷ്ടപരിഹാരത്തിന് വിധിച്ച് മലയാളി ജഡ്ജി

‘നിങ്ങൾ നുണയന്മാരുടെ കൂട്ടമാ’ണെന്ന് ഉത്തർപ്രദേശ് പൊലീസിനോട് അലഹാബാദ് ഹൈക്കോടതി. ബിജെപിയുടെ യോ​ഗി ആദിത്യനാഥ് മുഖ്യമന്ത്രിയായും ആഭ്യന്തരമന്ത്രിയായും ഭരിക്കുന്ന ഉത്തർപ്രദേശിലെ പൊലീസിന്റെ നിയമവിരുദ്ധ നടപടികളിൽ മനംമടുത്താണ് നിങ്ങൾ നുണയന്മാരുടെ കൂട്ടമാണെന്ന് സംസ്ഥാനത്തിന്റെ ഹൈക്കോടതി വിമർശിച്ചത്. 4 പേരെ 10 ദിവസത്തോളം അനധികൃതമായി കസ്റ്റഡിയിൽവച്ചെന്ന പരാതിയിൽ പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ കാണാതായ സംഭവത്തിലാണു ദേവ്‌റിയയിലെ ഗൗരി ബസാർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെ ജഡ്ജി കടുത്ത വിമർശനം നടത്തിയത്.

മലയാളി ജഡ്‌ജിയായ അലഹബാദ് ഹൈക്കോടതി ജഡ്ജി അതുൽ ശ്രീധരനാണ് പൊലീസിന്റെ വഴിവിട്ട നീക്കങ്ങൾക്കെതിരെ കടുത്ത വിമർശനം നടത്തിയത്. യുപി പൊലീസിനെ അലഹാബാദ് ഹൈക്കോടതി നിർത്തിപ്പൊരിച്ചു. ദേവ്‌റിയ എസ്‌പി കോടതിയിൽ മാപ്പുപറയാൻ ശ്രമിച്ചെങ്കിലും കോടതിയോടല്ല, ജനങ്ങളോടാണു മാപ്പു പറയേണ്ടതെന്നു ജ‍ഡ്‌ജി നിർദേശിച്ചു. സിസിടിവി സംവിധാനം തകരാറിലായെന്ന പൊലീസിന്റെ വിശദീകരണത്തിലെ അതൃപ്തി പരസ്യമാക്കിയാണ് ജസ്റ്റിസ് ദിവേഷ് ചന്ദ്ര സാമന്ത് ഉൾപ്പെട്ട ബെഞ്ചിന്റെ വിമർശനം.

4 പേരെ അനധികൃത തടങ്കലിൽ വച്ചതിന് എസ്എച്ച്ഒയുടെ ശമ്പളത്തിൽനിന്ന് 65,000 രൂപ 4 പേർക്കുമായി നഷ്ടപരിഹാരം നൽകാനും വിധിച്ചു. ദേശസുരക്ഷാ നിയമം ചുമത്തി, നോയിഡയിൽ ആകൃതി ചൗധരിയെന്ന വിദ്യാർഥിനിയെ അനധികൃതമായി തടങ്കലിലിട്ടതിനു കലക്ടറും പൊലീസും ഉൾപ്പെടെ 5 ലക്ഷം രൂപ ശമ്പളത്തിൽ നിന്നു നഷ്ടപരിഹാരം നൽകണമെന്നു വിധിച്ച് ദിവസങ്ങൾക്കുള്ളിലാണ് പൊലീസിനെതിരെ കോടതിയിൽ നിന്നും അടുത്ത നടപടി. ജസ്റ്റിസ് അതുൽ ശ്രീധരൻ ആകൃതി ചൗധരി കേസിൽ വിധിപറഞ്ഞ ബെഞ്ചിലും അൺ​ഗമായിരുന്നു.

കഴിഞ്ഞ ഏപ്രിലിൽ അനധികൃതമായി തടങ്കലിൽ വച്ചുവെന്നാണു പരാതി. സത്യാവസ്ഥ പരിശോധിക്കാൻ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ ഹാജരാക്കാൻ കോടതി നേരത്തെ നിർദേശിച്ചിരുന്നു. എന്നാൽ, പരാതിയിൽ പറയുന്ന ദിവസം സിസിടിവി സംവിധാനം തകരാറിലായെന്നും പിന്നീട് നന്നാക്കിയെന്നുമാണ് എസ്‌എച്ച്ഒ കോടതിയെ അറിയിച്ചത്. എന്നാൽ, സിസിടിവി തകരാറിലായതോ അറ്റകുറ്റപ്പണി നടത്തിയതോ ജനറൽ ഡയറിയിൽ പരാമർശിച്ചിരുന്നില്ലെന്നു കോടതി കണ്ടെത്തി. ജനറൽ ഡയറി പോലും പരിശോധിച്ചുറപ്പാക്കാൻ കഴിയുന്നില്ലെങ്കിൽ പൊലീസ് സ്റ്റേഷൻ ചുമതലയുള്ളയാളെ പിരിച്ചുവിടുകയാണ് ഉചിതമെന്നു കോടതി വിമർശിച്ചു.

Read More
s
ന്യൂസ് ഡെസ്ക്
View all posts →