യാത്രക്കാർ 50 ശതമാനം വർധിച്ചെങ്കിലും വരുമാനം കുറഞ്ഞു; ടിക്കറ്റിൽ പരസ്യം നൽകി പണമുണ്ടാക്കാൻ ഒരുങ്ങി കെഎസ്ആർടിസി
യാത്രക്കാർക്കായി സമ്മാനപദ്ധതി നടപ്പാക്കാൻ തയ്യാറെടുത്ത് കെഎസ്ആർടിസി. യാത്രാവേളയിൽ നൽകുന്ന പരസ്യം പതിച്ച ടിക്കറ്റുകളിൽനിന്ന് നറുക്കെടുപ്പ് നടത്തിയാണ് സമ്മാനാർഹരെ കണ്ടെത്തുക. ഇതിനുള്ള പ്രാരംഭചർച്ചകൾ കോർപ്പറേഷൻ ആരംഭിച്ചു കഴിഞ്ഞു. നിലവിൽ കെഎസ്ആർടിസിയുടെ അയ്യായിരത്തോളം ബസുകളിലായി 21 ലക്ഷം പേരാണ് യാത്ര ചെയ്യുന്നത്.
പ്രിയദർശിനിയാത്രയുടെ തുടക്കം മുതൽ സ്ത്രീയാത്രക്കാരുടെ എണ്ണത്തിൽ 30 മുതൽ 50 ശതമാനം വരെ വർധനയുണ്ടായിട്ടുണ്ട്. എന്നാൽ സൗജന്യയാത്രമൂലം ടിക്കറ്റ് വരുമാനം വൻതോതിൽ കുറഞ്ഞു. ഇതിന് പരിഹാരം കാണാനുള്ള നടപടികളുടെ ഭാഗമായാണ് പരസ്യം പതിച്ച ടിക്കറ്റുകൾ നൽകുന്നത്.
കെഎസ്ആർടിസി ഒരു വർഷം 27.6 ലക്ഷം പേപ്പർ റോളുകളാണ് ഉപയോഗിക്കുന്നത്. ഒരു മാസം 2.3 ലക്ഷം എണ്ണവും. ഒരു റോളിൽ നിന്ന് 230 ടിക്കറ്റുകൾ നൽകാൻ സാധിക്കും. 5.9 സെന്റിമീറ്റർ നീളത്തിലും 5.5 സെൻ്റിമീറ്റർ വീതിയിലും ടിക്കറ്റുകളുടെ ഒരുഭാഗത്ത് പരസ്യം പതിച്ച് നൽകാൻ താത്പര്യമുള്ള പരസ്യ-മാർക്കറ്റിങ് ഏജൻസികളെ കണ്ടെത്താൻ കോർപ്പറേഷൻ ടെൻഡർ ക്ഷണിച്ചിരുന്നു.
ലൈസൻസ് ലഭിക്കുന്ന ഏജൻസികളിൽ നിന്ന് മുൻകൂട്ടി പരസ്യങ്ങൾ സ്വീകരിച്ച്, കോർപ്പറേഷൻ്റെ ഇലക്ട്രോണിക് ടിക്കറ്റിങ് മെഷീനുകളിലേക്കുള്ള പേപ്പർ റോൾ വിതരണം ചെയ്യുന്ന കമ്പനികൾക്ക് നൽകാനും അവരിൽനിന്ന് പരസ്യം പതിച്ച റോളുകൾ തിരികെ വാങ്ങാനുമാണ് ആലോചിച്ചിരുന്നത്. പ്രിൻ്റിങ് ചെലവ് ഏജൻസിയിൽനിന്ന് ഈടാക്കും.
ടിക്കറ്റിൻ്റെ വലുപ്പം കണക്കുകൂട്ടി ഉൾപ്പെടുത്തുന്ന പരസ്യങ്ങൾക്ക് മാസം തോറും ഏജൻസി ലൈസൻസ് ഫീസ് കോർപ്പറേഷന് നൽകേണ്ടതുണ്ട്. പരസ്യങ്ങൾ നിയമവിധേയമാകണമെന്നും കോർപ്പറേഷന്റെയോ സർക്കാരിന്റെയോ പൊതുജനത്തിൻ്റെയോ താത്പര്യങ്ങൾക്ക് വിരുദ്ധമാകരുതെന്നും വ്യവസ്ഥയുണ്ടായിരുന്നു.
സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുടങ്ങുക വൈകുന്നേരം 6.30 മുതൽ രാത്രി 12.45 വരെയുള്ള പീക്ക് സമയങ്ങളിൽ
ബ്രിക്സ് ഉച്ചകോടിക്ക് ഷി ജിന്പിങ് ഇന്ത്യയിലെത്തും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ചൈന