Friday, 11 September 2026
‘Honest storytelling is a powerful means of change
08:24:11 PM IST
Kerala

‘ഇഡി യുടെ കത്ത് ലഭിച്ചു, നിയമപരമായി ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാൻ സർക്കാർ ബാധ്യസ്ഥമാണ്’; രമേശ് ചെന്നിത്തല

ന്യൂസ് ഡെസ്ക് 8 September 2026, 7:00 pm
SHARE

സി.എം.ആർ.എൽ–എക്സാലോജിക് മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അയച്ച കത്ത് ലഭിച്ചതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇഡിയുടെ കത്ത് സംസ്ഥാന പൊലീസ് മേധാവിക്ക് ലഭിച്ചെന്നും ഡിജിപി പരിശോധിച്ച ശേഷം ഹോം സെക്രട്ടറിക്ക് കൈമാറിയെന്നും ചെന്നിത്തല വ്യക്തമാക്കി. ഹോം സെക്രട്ടറി കത്ത് വിശദമായി പരിശോധിച്ച് റിപ്പോർട്ട് നൽകും. നിയമപരമായി ചെയ്യേണ്ട നടപടികൾ സ്വീകരിക്കാൻ സർക്കാർ ബാധ്യസ്ഥമാണെന്നും ഇഡി അന്വേഷണത്തിന് ശേഷം നൽകിയ കത്ത് തള്ളിക്കളയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ഹോം സെക്രട്ടറിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികൾ. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത ശേഷമായിരിക്കും സർക്കാർ അന്തിമ തീരുമാനം സ്വീകരിക്കുകയെന്നും ചെന്നിത്തല വ്യക്തമാക്കി. കത്ത് ലഭിച്ച കാര്യം സംസ്ഥാന പൊലീസ് മേധാവിയും സ്ഥിരീകരിച്ചതായി അദ്ദേഹം അറിയിച്ചു. കത്തിലെ വിവരങ്ങൾ പരിശോധിച്ച് നിയമപരമായി എന്തൊക്കെ നടപടികൾ സ്വീകരിക്കാനാകുമെന്ന് വിലയിരുത്തിയ ശേഷമായിരിക്കും തീരുമാനമെന്നും മന്ത്രി പറഞ്ഞു.

ഇതോടെ മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ സംസ്ഥാനതലത്തിൽ തുടർ നിയമനടപടികൾക്ക് സാധ്യതയേറി. അന്വേഷണത്തിൽ കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യണമെന്നാണ് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്. പി.എം.എൽ.എ സെക്ഷൻ 66(2) പ്രകാരമാണ് ഇഡി ഡിജിപിക്ക് റിപ്പോർട്ട് കൈമാറിയതെന്നാണ് വിവരം. സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന തുടർനടപടിയിലേക്കാണ് ഇനി രാഷ്ട്രീയ ശ്രദ്ധ.

Read More
s
ന്യൂസ് ഡെസ്ക്
View all posts →