‘പുറത്തുവന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രം’; പിണറായിക്കെതിരായ ഇഡി നടപടി തെളിവുകളുടെ അടിസ്ഥാനത്തിലെന്ന് എൻകെ പ്രേമചന്ദ്രൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) നടപടി വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്ന് ആർഎസ്പി നേതാവും എംപിയുമായ എൻ.കെ. പ്രേമചന്ദ്രൻ. പുറത്തുവന്ന വിവരങ്ങൾ മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും വരും ദിവസങ്ങളിൽ കൂടുതൽ കാര്യങ്ങൾ പുറത്തുവരുമെന്നും അദ്ദേഹം ആരോപിച്ചു.
ഉന്നത സിപിഐഎം നേതാവിനെതിരെ ഉയർന്നിരിക്കുന്നത് ഗുരുതരമായ അഴിമതി ആരോപണമാണെന്ന് പ്രേമചന്ദ്രൻ പറഞ്ഞു. ഇഡി ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് പിണറായി വിജയൻ കൃത്യമായ മറുപടി നൽകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. വിഷയത്തിൽ സിപിഐഎം കേന്ദ്രനേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു.
‘ഇടതുപക്ഷ രാഷ്ട്രീയ രംഗത്ത് തന്നെ പുതിയ അനുഭവമാണിത്. സിപിഐഎം ഇക്കാര്യത്തിൽ നയം വ്യക്തമാക്കണം. ഒരു ഉന്നത നേതാവിനെതിരായ ഗുരുതര ആരോപണത്തിൽ പാർട്ടിക്ക് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ല’, എന്നും അദ്ദേഹം പറഞ്ഞു. ഇനിയും നിരവധി കേസുകൾ പുറത്തുവരുമെന്നും ബിജെപി–സിപിഐഎം അന്തർധാരയ്ക്ക് ഇതോടെ പോറലേറ്റെന്നും പ്രേമചന്ദ്രൻ കൂട്ടിച്ചേർത്തു.
അതേസമയം, പിണറായി വിജയൻ, മകൾ വീണ ടി, വീണയുടെ ഭർത്താവും സിപിഐഎം നേതാവുമായ പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് ഇഡി കത്ത് നൽകിയതായാണ് പുറത്തുവന്ന വിവരം. വീണ വഴി 3.28 കോടി രൂപ പിണറായി വിജയൻ കൈപ്പറ്റിയെന്ന ഗുരുതര ആരോപണവും ഇഡി റിപ്പോർട്ടിൽ പരാമർശിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.
കൈപ്പറ്റിയ പണം മുഹമ്മദ് റിയാസ് ദുബായിലേക്ക് മാറ്റിയെന്നും ഇഡി കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്. അതേസമയം, ഇഡിയുടെ കത്ത് ലഭിച്ചിട്ടുണ്ടെന്നും നിയമപരമായ പരിശോധനയ്ക്ക് ശേഷം തുടർനടപടി സ്വീകരിക്കുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഇഡി നടപടിയെ നിയമപരമായും രാഷ്ട്രീയമായും നേരിടാനാണ് സിപിഐഎം തീരുമാനിച്ചിരിക്കുന്നത്. ഇതോടെ ആരോപണത്തിൽ സംസ്ഥാന സർക്കാരിന്റെയും സിപിഐഎം കേന്ദ്രനേതൃത്വത്തിന്റെയും നിലപാട് നിർണായകമാകും.
സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുടങ്ങുക വൈകുന്നേരം 6.30 മുതൽ രാത്രി 12.45 വരെയുള്ള പീക്ക് സമയങ്ങളിൽ
മുഖം നോക്കാതെ പറയേണ്ടത് പറയാൻ വീണ്ടും ‘മാധ്യമവിചാരം’; 16 വർഷങ്ങൾക്ക് ശേഷം ഡിജിറ്റൽ സ്ക്രീനിൽ സെബാസ്റ്റ്യൻ പോൾ!