‘വിരൽ മുറിച്ചു, എപ്പോൾ വേണമെങ്കിലും ജീവൻ നഷ്ടപ്പെടാം’; ഗുരുതര ആരോഗ്യപ്രശ്നങ്ങൾ വെളിപ്പെടുത്തി സരിത എസ് നായർ
ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലൂടെ കടന്നുപോകുകയാണെന്ന് വെളിപ്പെടുത്തി സോളാർ കേസിലൂടെ ശ്രദ്ധേയയായ സരിത എസ് നായർ. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലാണ് നിലവിലെ ആരോഗ്യസ്ഥിതിയെക്കുറിച്ച് സരിത വിശദീകരിച്ചത്. കഴിഞ്ഞ ഫെബ്രുവരി മുതൽ അമീബിക് മെനിഞ്ചൈറ്റിസ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണെന്ന് സരിത പറഞ്ഞു. ഇതിനിടെയാണ് ഇടതുകൈയിൽ കടുത്ത വേദന അനുഭവപ്പെടുകയും കൈ അനക്കാൻ പോലും കഴിയാത്ത അവസ്ഥയുണ്ടാകുകയും ചെയ്തത്.
തുടർന്ന് നടത്തിയ പരിശോധനയിൽ രക്തക്കുഴലുകൾ പൊട്ടി രണ്ട് പ്രധാന ബ്ലോക്കുകൾ കണ്ടെത്തിയതായി സരിത പറയുന്നു. തലച്ചോറിലെ അണുബാധയെ തുടർന്ന് അടിയന്തരമായി ശസ്ത്രക്രിയ നടത്താനും സാധിച്ചില്ല. രക്തയോട്ടം നിലച്ചതോടെ ഇടതുകൈയിലെ ചൂണ്ടുവിരലിൽ ഗാംഗ്രീൻ ബാധിക്കുകയും അണുബാധ അസ്ഥിയിലേക്ക് പടരുകയും ചെയ്തു. ഇതിനെ തുടർന്ന് ജൂലൈയിൽ ശസ്ത്രക്രിയയിലൂടെ ചൂണ്ടുവിരൽ മുറിച്ചുമാറ്റേണ്ടിവന്നതായും അവർ വ്യക്തമാക്കി.
ശ്രീചിത്രയിലെ പരിശോധനയിൽ അപൂർവമായ സെർവിക്കൽ ബോൺ സംബന്ധമായ പ്രശ്നവും കണ്ടെത്തിയതായി സരിത പറഞ്ഞു. ഏത് നിമിഷവും വീണ്ടും രക്തം കട്ടപിടിക്കാനും അപ്രതീക്ഷിതമായി ജീവൻ നഷ്ടപ്പെടാനും സാധ്യതയുണ്ടെന്നാണ് ഡോക്ടർമാർ അറിയിച്ചതെന്നും കുറിപ്പിൽ പറയുന്നു. തനിക്കെതിരെ ഉയരുന്ന വിമർശനങ്ങളും ശാപവാക്കുകളും ഇപ്പോഴത്തെ സാഹചര്യത്തിൽ തന്നെ ബാധിക്കുന്നില്ലെന്നും സരിത പ്രതികരിച്ചു. വലിയ വേദനകളിലൂടെയാണ് കടന്നുപോകുന്നതെന്നും, തന്നെ സ്നേഹിക്കുന്നവരും പ്രിയപ്പെട്ടവരും തനിക്കായി പ്രാർഥിക്കണമെന്നും അവർ അഭ്യർഥിച്ചു.
സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുടങ്ങുക വൈകുന്നേരം 6.30 മുതൽ രാത്രി 12.45 വരെയുള്ള പീക്ക് സമയങ്ങളിൽ
മുഖം നോക്കാതെ പറയേണ്ടത് പറയാൻ വീണ്ടും ‘മാധ്യമവിചാരം’; 16 വർഷങ്ങൾക്ക് ശേഷം ഡിജിറ്റൽ സ്ക്രീനിൽ സെബാസ്റ്റ്യൻ പോൾ!