ഇനി മറക്കില്ല, 55ന് ഓള് ഔട്ടായി നാണക്കേടിന്റെ നെറുകയില്‍ നിന്നും ഗ്രൗണ്ടില്‍ ‘ഷോഓഫ്’; ഇന്ത്യക്കെതിരായ പാക് ക്യാപ്റ്റന്റെ ‘കയറിപ്പോ’ ആക്ഷന്‍ അടികൊടുത്ത് ഐസിസി
വനിതാ ഏഷ്യാകപ്പില്‍ ഇന്ത്യയ്ക്കെതിരായ മത്സരത്തിനിടയിലെ അമിത ആഘോഷ പ്രകടനങ്ങള്‍ക്ക് പാകിസ്ഥാന് ക്യാപ്റ്റന്‍ ഫാത്തിമ സനയ്ക്കെതിരെ ശക്തമായ നടപടിയെടുത്ത് ഐസിസി. അച്ചടക്കമില്ലാത്ത പാക് ക്യാപ്റ്റന്റെ പ്രകടനത്തിന് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ പിഴ ചുമത്തി. ഇന്ത്യന്‍ ഓപ്പണര്‍ ഷെഫാലി വര്‍മ പുറത്തായപ്പോള്‍ ഡഗ് ഔട്ടിലേക്കു കൈ ചൂണ്ടിയ ഫാത്തിമ സന ‘കയറിപ്പോ’ എന്ന തരത്തില്‍ ആക്ഷന്‍ കാണിച്ചത് വിവാദമായിരുന്നു. ബാറ്റു ചെയ്ത പാകിസ്ഥാന് 55 റണ്‍സിന് ഓള്‍ഔട്ടായതിനു പിന്നാലെയായിരുന്നു പാക് ക്യാപ്റ്റന്റെ പ്രകോപനം. ചെയ്സിങ്ങിനിറങ്ങിയ ഇന്ത്യക്കായി ആദ്യ ബോള്‍ തന്നെ സിക്സര്‍ പറത്തിയ ഷെഫാലിയോടുള്ള കലിപ്പാണ് പാക് ക്യാപ്റ്റന്‍ ഷെഫാലി ഔട്ടായപ്പോള്‍ പ്രകടിപ്പിച്ചത്.
12 റണ്‍സെടുത്ത ഇന്ത്യന്‍ താരത്തെ പുറത്താക്കിയപ്പോള്‍ വന്‍ ആഘോഷ പ്രകടനമാണ് പാക്ക് ക്യാപ്റ്റന്‍ നടത്തിയത്. എന്നാല്‍ ഇത് ഗൗനിക്കാതിരുന്ന ഇന്ത്യന്‍ ബാറ്റര്‍ ഡ്രസിങ് റൂമിലേക്കു മടങ്ങുകയായിരുന്നു.
സംഭവം വിവാദമായതോടെ മാച്ച് ഫീയുടെ 10 ശതമാനം പാക്ക് ക്യാപ്റ്റനു പിഴയായി ചുമത്തി ഐസിസി. അച്ചടക്കം ലംഘിച്ചതിനാണു നടപടി. ഐസിസിയുടെ ‘കോഡ് ഓഫ് കണ്ടക്ടിലെ’ ആര്‍ട്ടിക്കിള്‍ 2.5 പ്രകാരമാണു ശിക്ഷ. രാജ്യാന്തര മത്സരങ്ങളില്‍ ബാറ്റര്‍ പുറത്താകുമ്പോള്‍, പ്രകോപനമുണ്ടാക്കുക ലക്ഷ്യമിട്ട് വാക്കുകളോ, ആംഗ്യങ്ങളോ പ്രയോഗിക്കുന്നതു വിലക്കുന്നതാണു നിയമം. പിഴയ്ക്കു പുറമേ ഫാത്തിമ സനയ്ക്കെതിരെ ഒരു ഡിമെറിറ്റ് പോയിന്റും ചുമത്തും. രണ്ടു വര്‍ഷത്തിനിടെ പാകിസ്ഥാന് ക്യാപ്റ്റനു ലഭിക്കുന്ന രണ്ടാമത്തെ ഡിമെറിറ്റ് പോയിന്റാണിത്.
2025 ല്‍ അയര്‍ലന്‍ഡിനെതിരായ മത്സരത്തിനിടെയും മോശം പെരുമാറ്റത്തിന്റെ പേരില്‍ പാക്ക് ക്യാപ്റ്റനെതിരെ നടപടിയെടുത്തിരുന്നു. എമിറേറ്റ്സസ് ഐസിസി രാജ്യാന്തര പാനലിന്റെ നടപടി ഫാത്തിമ സന അംഗീകരിച്ചതിനാല്‍ ഇക്കാര്യത്തില്‍ ഇനി ഹിയറിങ് ഉണ്ടാകില്ല.
ഏഷ്യ കപ്പില്‍ ഇന്ത്യക്കെതിരെ നാണംകെട്ട തോല്‍വി വഴങ്ങേണ്ടി വന്ന നിരാശയിലാണ് പാക് ടീം. അവസാന ഗ്രൂപ്പ് മത്സരത്തില്‍ പാകിസ്ഥാനെതിരെ ഇന്ത്യ 7 വിക്കറ്റിന്റെ മിന്നുന്ന വിജയമാണു നേടിയത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാനെ 18.1 ഓവറില്‍ 55ന് ഓള്‍ഔട്ടാക്കി മുട്ടുകുത്തിച്ചു ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ഇന്ത്യ 8.4 ഓവറില്‍ 3ന് 57 എടുത്ത് മിന്നുന്ന വിജയം നേടി.
മറുപടി ബാറ്റിങില്‍ പാക്ക് ബോളര്‍ സാദിയ ഇക്ബാലിന്റെ ആദ്യ പന്തു തന്നെ സിക്സര്‍ പറത്തിയാണ് ഓപ്പണര്‍ ഷെഫാലി വര്‍മ ഇന്ത്യയുടെ ചേസിങ്ങിനു തുടക്കമിട്ടതെങ്കില്‍ വിജയറണ്‍ ക്യാപ്റ്റന്‍ ഹര്മന് പ്രീത് കൗര്‍ സിക്സറടിച്ചു തന്നെയാണ് നേടിയത്. ട്വന്റി20 ചരിത്രത്തില്‍ പാക് വനിതാ ടീമിന്റെ ഏറ്റവും ചെറിയ ടോട്ടലാണിത്. ഗ്രൂപ്പിലെ ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച ഇന്ത്യ നേരത്തെ തന്നെ സെമി ഉറപ്പിച്ചിരുന്നു. ആദ്യ രണ്ട് മല്‍സരങ്ങളിലും എതിര് ടീമിനെ മൂന്നക്കം കടക്കാന്‍ ഇന്ത്യ അനുവദിച്ചിരുന്നില്ല. മൂന്ന് മല്‍സരങ്ങളിലും എതിര് ടീമിന്റെ സ്കോര്‍ 100ല്‍ താഴെയായിരുന്നുവെന്നതും ഇന്ത്യയുടെ മികച്ച ഫോമും ഏഷ്യ കപ്പ് ഫൈനലില്‍ ഇന്ത്യ തന്നെ ട്രോഫി ഉയര്‍ത്താനുള്ള സാധ്യതയാണ് പങ്കുവെയ്ക്കുന്നത്.
സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുടങ്ങുക വൈകുന്നേരം 6.30 മുതൽ രാത്രി 12.45 വരെയുള്ള പീക്ക് സമയങ്ങളിൽ
ബ്രിക്സ് ഉച്ചകോടിക്ക് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ചൈന