Friday, 11 September 2026
‘Honest storytelling is a powerful means of change
08:24:01 PM IST
Kerala

തൃക്കാക്കര മോർഫിങ് കേസ്; ശ്രീഹരി ഗ്രൂപ്പിൽ പങ്കുവെച്ച ചിത്രങ്ങൾ ഉപയോഗിച്ച് സനീഷ് സാമ്പത്തിക നേട്ടമുണ്ടാക്കിയെന്ന് കണ്ടെത്തൽ

ന്യൂസ് ഡെസ്ക് 8 September 2026, 8:17 am
SHARE

തൃക്കാക്കര മോർഫിങ് കേസിൽ അറസ്റ്റിലായ ചെങ്ങന്നൂർ സ്വദേശി സനീഷ് സാമ്പത്തിക നേട്ടമുണ്ടാക്കിയതായി പൊലീസ് കണ്ടെത്തൽ. കേസിലെ മറ്റൊരു പ്രതിയായ ശ്രീഹരിയുമായി സനീഷിന് നേരിട്ട് പരിചയമില്ലെന്നും അന്വേഷണത്തിൽ വ്യക്തമായി. ശ്രീഹരി ടെലഗ്രാം ഗ്രൂപ്പിൽ പങ്കുവെച്ച ചിത്രങ്ങൾ ഉപയോഗിച്ചാണ് സനീഷ് സാമ്പത്തിക നേട്ടമുണ്ടാക്കിയതെന്നാണ് കണ്ടെത്തൽ.

പണം സ്വീകരിക്കുന്നതിനായി വിവിധ വ്യക്തികൾക്ക് സനീഷ് ക്യുആർ കോഡ് അയച്ചുനൽകിയതിന്റെ വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ടെലഗ്രാമിന്റെ സ്വകാര്യതയും സുരക്ഷയും ഉറപ്പാണെന്ന വിശ്വാസത്തിലാണ് പലരും ചിത്രങ്ങൾ ഗ്രൂപ്പുകളിൽ പങ്കുവെച്ചത്. പിടിക്കപ്പെടില്ലെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു പ്രതിയെന്നും പൊലീസ് പറയുന്നു.

മോർഫിങ് ചിത്രങ്ങൾ പ്രചരിപ്പിച്ചവരിൽ അധികവും 18നും 21നും ഇടയിൽ പ്രായമുള്ള വിദ്യാർഥികളാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. നേരത്തെ അറസ്റ്റിലായ ശ്രീഹരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ആലപ്പുഴ ചെങ്ങന്നൂർ സ്വദേശിയായ സനീഷിനെ എസ്‌ഐടി കസ്റ്റഡിയിലെടുത്തത്. അശ്ലീല ചിത്രങ്ങൾ പങ്കുവെച്ച ടെലഗ്രാം ഗ്രൂപ്പിലെ അംഗമാണ് സനീഷ്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

മറ്റ് കോളജുകളിൽ നിന്നുള്ള വിദ്യാർഥികളടക്കം കൂടുതൽ പേർ അറസ്റ്റിലാകാൻ സാധ്യതയുണ്ടെന്ന് സിറ്റി പൊലീസ് കമ്മിഷണർ കാളിരാജ് മഹേഷ് കുമാർ നേരത്തെ വ്യക്തമാക്കിയിരുന്നു. റിമാൻഡിൽ കഴിയുന്ന ശ്രീഹരിയെ ഉടൻ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനും അന്വേഷണ സംഘം നീക്കം നടത്തുന്നുണ്ട്.

നിലവിൽ രണ്ട് ടെലഗ്രാം ഗ്രൂപ്പുകൾ പൊലീസ് നിരീക്ഷണത്തിലാണ്. അധ്യാപകരുടെയും വിദ്യാർഥികളുടെയും മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ ടെലഗ്രാം ഗ്രൂപ്പുകൾ വഴിയാണ് ശ്രീഹരിയും സംഘവും പ്രചരിപ്പിച്ചിരുന്നത്. സമാനമായ ചിത്രങ്ങൾ പങ്കുവെക്കാൻ കൂടുതൽ ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് പരാതിക്കാരുടെ ആരോപണം.

ക്ലാസ് മുറിയിൽ അധ്യാപകർ പഠിപ്പിക്കുന്ന ദൃശ്യങ്ങൾ പകർത്തിയാണ് മോർഫിങ്ങിനായി ചിത്രങ്ങൾ തയ്യാറാക്കിയിരുന്നത്. പകർത്തിയ ചിത്രങ്ങൾ ടെലഗ്രാം ചാറ്റിലേക്ക് അയച്ചുനൽകുകയും തുടർന്ന് മോർഫ് ചെയ്ത ചിത്രങ്ങൾ അതേ ചാറ്റിലൂടെ തിരികെ ലഭിക്കുകയും ചെയ്യുന്ന രീതിയിലായിരുന്നു പ്രവർത്തനം.

Read More
s
ന്യൂസ് ഡെസ്ക്
View all posts →