Friday, 11 September 2026
‘Honest storytelling is a powerful means of change
08:36:44 PM IST
Kerala

സല്യൂട്ടടിച്ചവർക്ക് മുന്നിൽ പി ശശിക്ക് ചോദ്യം ചെയ്യലിന് ഇരിക്കേണ്ടി വരും; സമാന്തര ഭരണത്തിനും ഗൂഢാലോചനയ്ക്കും പ്രത്യേക അന്വേഷണ സംഘം; വെട്ടിലാകുന്നത് സി.പി.എം നേതൃത്വം

ന്യൂസ് ഡെസ്ക് 6 September 2026, 12:40 pm
SHARE

പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് സമാന്തര പൊലീസ് ഭരണം നടത്തിയെന്ന പരാതിയിൽ മുൻ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് ആഭ്യന്തര വകുപ്പ്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ മകൻ ശ്യാംജിത്, സി.പി.എം ലണ്ടൻ ഘടകം മുൻ നേതാവ് രാജേഷ് കൃഷ്ണ എന്നിവർക്കെതിരെയും ഗുരുതര ആരോപണമുണ്ട്. ഒരു കാലത്ത് തനിക്ക് സല്യൂട്ടടിച്ച പൊലീസ് ഉദ്യോഗസ്ഥർക്ക് മുന്നിൽ പി. ശശിക്ക് ഇനി ചോദ്യം ചെയ്യലിനായി ഹാജരാകേണ്ടി വരും. കുറ്റക്കാരനെന്ന് തെളിഞ്ഞാൽ മുൻ പൊളിറ്റിക്കൽ സെക്രട്ടറി നേരെ ജയിലിലേക്കാകും പോവുക.


​ചെന്നൈ സ്വദേശിയായ വ്യവസായി മുഹമ്മദ് ഷർഷാദ് നൽകിയ പരാതിയിലാണ് ഉന്നതതല അന്വേഷണം വരുന്നത്. പൊലീസ് ആസ്ഥാനത്തെ ഐ.ജി ഹർഷിത അട്ടലൂരിയുടെ നിർദ്ദേശപ്രകാരം ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി പി. വിജയന്റെ മേൽനോട്ടത്തിലാണ് അന്വേഷണം. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാറിന്റെ നേതൃത്വത്തിൽ കൊച്ചി ഡി.സി.പിക്കാണ് അന്വേഷണ ചുമതല. സെപ്റ്റംബർ അഞ്ചിന് രാത്രി കൊച്ചി കമ്മീഷണറേറ്റിലേക്ക് വിളിച്ചുവരുത്തി പരാതിക്കാരന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിക്കഴിഞ്ഞു. കൊച്ചി പനമ്പിള്ളി നഗറിലെ പി. ശശിയുടെ ഓഫീസ് കേന്ദ്രീകരിച്ച് സമാന്തര പൊലീസ് ഭരണവും ഗൂഢാലോചനയും നടന്നെന്നാണ് ഷർഷാദിന്റെ പരാതി. തന്നെ കള്ളക്കേസിൽ കുടുക്കി ജയിലിലടച്ചതിന് പിന്നിൽ പി. ശശിയും എം.വി ഗോവിന്ദന്റെ മകൻ ശ്യാംജിത്തും രാജേഷ് കൃഷ്ണയുമാണെന്ന് പരാതിക്കാരൻ ആരോപിക്കുന്നു.


​എം.വി ഗോവിന്ദന്റെ മകൻ വഴിയാണ് ലണ്ടൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന രാജേഷ് കൃഷ്ണയെ ഷർഷാദ് പരിചയപ്പെടുന്നത്. സി.പി.എം നേതാക്കൾക്കും പി. ശശിക്കും വേണ്ടി ബിനാമി ഇടപാടുകൾ നടത്തിയിരുന്നത് രാജേഷാണെന്നും, നേതാക്കൾ ലണ്ടനിൽ പോകുമ്പോൾ എല്ലാ സഹായങ്ങളും ചെയ്തിരുന്നത് ഇയാളാണെന്നും പരാതിയിൽ പറയുന്നു. സിനിമാ മേഖലയിലുള്ള ആളാണ് പരാതിക്കാരന്റെ ഭാര്യ. മമ്മൂട്ടി ചിത്രങ്ങളുൾപ്പെടെ ഇവർ നിർമ്മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. സി.പി.എം നേതാക്കളുടെ ബിനാമിപ്പേരിൽ ലണ്ടനിൽ നിന്ന് സിനിമയിലേക്ക് കള്ളപ്പണം എത്തിച്ചത് രാജേഷ് കൃഷ്ണയാണെന്ന് ഷർഷാദ് ആരോപിക്കുന്നു. ശ്യാംജിത്തിന്റെ പല രഹസ്യങ്ങളും അനധികൃത സാമ്പത്തിക ഇടപാടുകളും രാജേഷിന് അറിയാമായിരുന്നു. ഇത് വെച്ച് എം.വി ഗോവിന്ദനെപ്പോലും രാജേഷ് ഭീഷണിപ്പെടുത്തി കാര്യങ്ങൾ നേടിയിരുന്നത്രെ.


​പിന്നീട് ഷർഷാദുമായി അകന്ന ഭാര്യ രാജേഷ് കൃഷ്ണയുമായി അടുത്തു. ഇതിനെതിരെ അന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണനെ നേരിൽ കണ്ട് ഷർഷാദ് പരാതി നൽകി. കോടിയേരിയുടെ നിർദ്ദേശപ്രകാരം സി.പി.എം പോളിറ്റ് ബ്യൂറോയ്ക്കും പരാതി നൽകി. ഷർഷാദിന്റെ പരാതിയെ തുടർന്ന് തമിഴ്നാട്ടിൽ നടന്ന പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നതിൽ നിന്ന് രാജേഷിനെ സി.പി.എം വിലക്കിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് പി. ശശിയുടെ പനമ്പിള്ളി നഗറിലെ ഓഫീസ് കേന്ദ്രീകരിച്ച് ഗൂഢാലോചന നടത്തി തന്നെ കള്ളക്കേസിൽ കുടുക്കിയതെന്ന് ഷർഷാദ് പറയുന്നു. പാർട്ടിയെയും മുൻ മുഖ്യമന്ത്രിയുടെ ഓഫീസിനെയും ഒരുപോലെ പ്രതിക്കൂട്ടിലാക്കുന്നതാണ് പുതിയ വെളിപ്പെടുത്തലുകൾ. പി. ശശിയുടെ മൊബൈൽ ഫോൺ രേഖകൾ വിശദമായി പരിശോധിക്കണമെന്ന ആവശ്യവും ശക്തമാണ്. വരും ദിവസങ്ങളിൽ സി.പി.എം നേതൃത്വത്തെയാകെ പിടിച്ചുകുലുക്കാൻ പോന്ന ഒരു ബോംബാണ് ഈ അന്വേഷണത്തിലൂടെ പൊട്ടാൻ പോകുന്നത്.

Read More
s
ന്യൂസ് ഡെസ്ക്
View all posts →