Friday, 11 September 2026
‘Honest storytelling is a powerful means of change
07:59:27 PM IST
Kerala

‘സ്ത്രീകൾ വീട്ടിലിരിക്കണമെന്ന് പറയാൻ കാന്തപുരത്തിന് അർഹതയില്ല, സമസ്ത പിന്തുടരുന്നത് പിന്തിരിപ്പൻ ആശയങ്ങൾ’; ഷുക്കൂർ സ്വലാഹി

ന്യൂസ് ഡെസ്ക് 4 September 2026, 5:30 pm
SHARE

സ്ത്രീകൾ വീട്ടിലിരിക്കണമെന്ന കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവനയോട് ശക്തമായി വിയോജിച്ച് ഐ.എസ്.എം സംസ്ഥാന ജനറൽ സെക്രട്ടറി ഷുക്കൂർ സ്വലാഹി. സ്ത്രീകളെ വീട്ടിലിരിക്കണമെന്ന് പറയാൻ കാന്തപുരത്തിന് അർഹതയില്ലെന്നും പ്രസ്താവന തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അഭിപ്രായം പറയാനുള്ള അവകാശം ഭരണഘടന നൽകുന്നുണ്ടെങ്കിലും, അവകാശലംഘനം ആര് നടത്തിയാലും അത് തിരുത്തപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. സമസ്ത പിന്തുടരുന്നത് പിന്തിരിപ്പൻ ആശയങ്ങളാണെന്നും ഷുക്കൂർ സ്വലാഹി വിമർശിച്ചു.

സമസ്തയിലെ ആഭ്യന്തര പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള നീക്കത്തിന്റെ തുടർച്ചയാണ് കാന്തപുരത്തിന്റെ പ്രസ്താവനയെന്നും അദ്ദേഹം ആരോപിച്ചു. കാന്തപുരം നിലപാട് തിരുത്തണം. മുഖ്യമന്ത്രി പറഞ്ഞതാണ് ശരിയെന്നും അദ്ദേഹം പറഞ്ഞു. പ്രസംഗത്തിലെ പരാമർശങ്ങൾ തിരുത്താൻ കാന്തപുരം ഇതുവരെ ശ്രമിച്ചിട്ടില്ലെന്നും, മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയ ചരിത്രപരമായ കാര്യങ്ങളിൽ ചില തിരുത്തലുകൾ ഉണ്ടായേക്കാമെങ്കിലും അദ്ദേഹത്തിന്റെ നിലപാട് വ്യക്തമാണെന്നും ഷുക്കൂർ സ്വലാഹി കൂട്ടിച്ചേർത്തു.

അതേസമയം, സ്ത്രീകൾ പൊതുവേദികളിൽ ഇറങ്ങിയാൽ വലിയ നാശമുണ്ടാകുമെന്നതടക്കമുള്ള വിവാദ പരാമർശങ്ങളിൽ വിശദീകരണവുമായി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ രംഗത്തെത്തി. ആത്മീയ ചർച്ചകളെ ബോധപൂർവം വിവാദങ്ങളിലേക്കും വിഭാഗീയതയിലേക്കും തിരിച്ചുവിടാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ കാന്തപുരം ആരോപിച്ചു. നിക്ഷിപ്ത താൽപര്യങ്ങൾ തിരിച്ചറിയണമെന്നും അറിവന്വേഷണത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങൾക്കെതിരെ ജാഗ്രത വേണമെന്നും അദ്ദേഹം പറഞ്ഞു.

സമൂഹത്തിൽ ഭിന്നത വളർത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും പ്രവർത്തകർ പ്രകോപനങ്ങളിൽ വീഴാതെ പക്വതയോടെയും വിവേകത്തോടെയും ഇടപെടണമെന്നും കാന്തപുരം ആഹ്വാനം ചെയ്തു. കഴിഞ്ഞ ദിവസം തൃശൂരിലെ വേദിയിൽ സ്ത്രീകളെ രണ്ടാം സ്ഥാനക്കാരായി കാണുന്നില്ലെന്ന് കാന്തപുരം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഫേസ്ബുക്ക് പോസ്റ്റ്. അതേസമയം, നാളെ കോഴിക്കോട്ട് നടക്കുന്ന മീലാദ് സമ്മേളനത്തിൽ വിഷയത്തിൽ കാന്തപുരം കൂടുതൽ വിശദീകരണം നൽകുമെന്ന് സംഘാടകർ അറിയിച്ചു.

Read More
s
ന്യൂസ് ഡെസ്ക്
View all posts →