ദൃശ്യത്തെ വെല്ലുന്ന കൊലപാതകം; 8 വർഷം മണ്ണിനടിയിൽ ഒളിപ്പിച്ച മൃതദേഹം, ഒടുവിൽ പുറത്തുവന്നത് അമ്പരപ്പിക്കുന്ന സത്യം
സിനിമയിൽ മാത്രം കാണുന്ന തരത്തിലുള്ള കൊലപാതകത്തിന്റെ ചുരുളഴിയാൻ എടുത്തത് എട്ട് വർഷം. 2008ൽ തലയോലപ്പറമ്പിൽ ദുരൂഹ സാഹചര്യത്തിൽ കാണാതായ കാലായിൽ മാത്യുവിന്റെ തിരോധാനത്തിന് പിന്നിലെ സത്യം പുറത്തുവന്നത് വർഷങ്ങൾക്കുശേഷം മറ്റൊരു കേസിലെ പ്രതിയുടെ വെളിപ്പെടുത്തലിലൂടെയായിരുന്നു. മൃതദേഹം കണ്ടെത്തുമ്പോഴേക്കും കൊലപാതകം നടന്ന സ്ഥലത്ത് പുതിയൊരു കെട്ടിടം ഉയർന്നിരുന്നു. ഒടുവിൽ കോടതിയിൽ തെളിവുകളുടെ അഭാവത്തിൽ പ്രതി കുറ്റവിമുക്തനാകുകയും ചെയ്തു.
2008 നവംബറിലാണ് പണമിടപാടുകളും ഫിനാൻസ് ബിസിനസുമായി ബന്ധപ്പെട്ടിരുന്ന 44കാരനായ കാലായിൽ മാത്യുവിനെ കാണാതാകുന്നത്. ദിവസങ്ങൾ കഴിഞ്ഞിട്ടും മാത്യുവിനെക്കുറിച്ച് വിവരമൊന്നും ലഭിക്കാതെ വന്നതോടെ അന്വേഷണം ആരംഭിച്ചു. ഒടുവിൽ പള്ളിക്കവലയിലെ ഒരു തിയേറ്ററിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ മാത്യുവിന്റെ കാർ കണ്ടെത്തി. എന്നാൽ വാഹനത്തിൽ പിടിവലി നടന്നതിന്റെയോ രക്തത്തിന്റെയോ യാതൊരു അടയാളവും ഉണ്ടായിരുന്നില്ല. മാത്യുവിന്റെ സാമ്പത്തിക ഇടപാടുകളും ഫോൺ രേഖകളും വ്യക്തിപരമായ തർക്കങ്ങളുമെല്ലാം പരിശോധിച്ചെങ്കിലും അന്വേഷണത്തിന് കാര്യമായ തുമ്പൊന്നും ലഭിച്ചില്ല. പിന്നീട് കേസ് മാൻ മിസ്സിംഗ് കേസായി മാറി.
വർഷങ്ങൾ കടന്നുപോയി. അന്വേഷണം വഴിമുട്ടി, കേസ് ഫയലുകൾ നിശ്ചലമായി. എന്നാൽ 2016ൽ തികച്ചും വ്യത്യസ്തമായൊരു കേസാണ് മാത്യുവിന്റെ തിരോധാനത്തിലേക്ക് വീണ്ടും വെളിച്ചം വീശിയത്. പ്രദേശവാസിയായ അനീഷ് വ്യാജനോട്ട് കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്നതിനിടെ, സഹതടവുകാരനോട് വർഷങ്ങൾക്ക് മുൻപ് ഒരാളെ കൊലപ്പെടുത്തിയിട്ടുണ്ടെന്നും ആരും ഇതുവരെ അത് കണ്ടെത്തിയിട്ടില്ലെന്നും വെളിപ്പെടുത്തുകയായിരുന്നു. ഈ വിവരം എങ്ങനെയോ അനീഷിന്റെ പിതാവ് വാസുവിന്റെ ചെവിയിലുമെത്തി.
മകന്റെ കുറ്റകൃത്യത്തെക്കുറിച്ചുള്ള വിവരം പുറത്തുവന്നതോടെ വാസു കാലായിൽ മാത്യുവിന്റെ മകൾ നൈസിയെ ഫോണിൽ ബന്ധപ്പെട്ടു. തന്റെ മകനാണ് മാത്യുവിനെ കൊലപ്പെടുത്തിയതെന്ന് വാസു നൈസിയോട് പറഞ്ഞു. നിർണായകമായത് നൈസിയുടെ അടുത്ത നീക്കമായിരുന്നു. ഫോൺ സംഭാഷണം റെക്കോർഡ് ചെയ്ത അവർ അത് പോലീസിന് കൈമാറി. റെക്കോർഡിന്റെ അടിസ്ഥാനത്തിൽ പോലീസ് കേസ് പുനരന്വേഷിക്കാൻ തീരുമാനിച്ചു. അനീഷിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതോടെ തുടക്കത്തിൽ കുറ്റം നിഷേധിച്ച പ്രതി പിന്നീട് പോലീസിനോട് കുറ്റസമ്മതം നടത്തിയെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.
മാത്യുവുമായുള്ള സാമ്പത്തിക ഇടപാടുകളെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. 2008ൽ അനീഷ് നടത്തിയിരുന്ന പഴയ സ്റ്റിക്കർ കടയ്ക്കുള്ളിൽ വച്ച് മാത്യുവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം അവിടെത്തന്നെ കുഴിച്ചിട്ടുവെന്നാണ് മൊഴി. പിന്നീട് ആ കെട്ടിടം പൊളിച്ച് പുതിയ ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മിച്ചു. മൃതദേഹം കോൺക്രീറ്റിനടിയിലായതോടെ തെളിവുകൾ എന്നെന്നേക്കുമായി ഇല്ലാതായെന്നാണ് അനീഷ് കരുതിയതെന്നാണ് അന്വേഷണ സംഘം പറഞ്ഞത്.
എന്നാൽ പോലീസിന് മുന്നിലുണ്ടായിരുന്ന ഏറ്റവും വലിയ വെല്ലുവിളി മൃതദേഹം കണ്ടെത്തുകയായിരുന്നു. ഷോപ്പിംഗ് കോംപ്ലക്സിന്റെ തറ പൊളിച്ച് പരിശോധന നടത്തുന്നതിന് കോടതിയുടെ അനുമതി തേടി. തുടർന്ന് സബ് കളക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ പരിശോധന ആരംഭിച്ചു. അനീഷ് ചൂണ്ടിക്കാണിച്ച സ്ഥലത്ത് മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് തറ പൊളിച്ച് ഏകദേശം അഞ്ചടി ആഴത്തിൽ നടത്തിയ പരിശോധനയിലാണ് മനുഷ്യന്റെ അസ്ഥിക്കഷണങ്ങൾ കണ്ടെത്തിയത്. ഒപ്പം ഒരു വാച്ചും മോതിരവും ലഭിച്ചു. ഇവ മാത്യുവിന്റേതാണെന്ന് കുടുംബം തിരിച്ചറിഞ്ഞു.
അസ്ഥിക്കഷണങ്ങൾ മാത്യുവിന്റേതാണെന്ന് ശാസ്ത്രീയമായി സ്ഥിരീകരിക്കേണ്ടതുണ്ടായിരുന്നു. ഇതിനായി അവശിഷ്ടങ്ങൾ ഡിഎൻഎ പരിശോധനയ്ക്ക് അയച്ചു. മാത്യുവിന്റെ മക്കളുടെ രക്തസാമ്പിളുകളുമായി നടത്തിയ പരിശോധനയിൽ ലഭിച്ച അസ്ഥികൾ കാലായിൽ മാത്യുവിന്റേതാണെന്ന് സ്ഥിരീകരിച്ചു. എട്ട് വർഷം പഴക്കമുള്ള തിരോധാനക്കേസിൽ നിർണായക തെളിവാണ് ഇതോടെ ലഭിച്ചത്.
എന്നാൽ കേസിന്റെ അവസാനം അന്വേഷണ സംഘത്തിന് പ്രതീക്ഷിച്ച ഫലം ലഭിച്ചില്ല. 2026ൽ അനീഷിനെ കോടതി കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെ വിട്ടു. കുറ്റം സംശയാതീതമായി തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടതാണ് പ്രതിക്ക് അനുകൂലമായത്. കൊലപാതകം എങ്ങനെയാണ് നടന്നതെന്ന് ശാസ്ത്രീയമായി തെളിയിക്കാൻ ആവശ്യമായ തെളിവുകൾ ലഭിച്ചില്ല. കൃത്യത്തിന് ഉപയോഗിച്ചതായി പറയപ്പെടുന്ന ആയുധവും കണ്ടെത്താനായില്ല. മാത്രമല്ല, അനീഷിന്റെ പിതാവ് വാസു പിന്നീട് മൊഴിയിൽ നിന്ന് പിന്മാറുകയും ചെയ്തു.
കേസിലെ വാദത്തിനിടെ പ്രതിഭാഗം ഉയർത്തിയ മറ്റൊരു വാദവും ശ്രദ്ധേയമായി. ‘ദൃശ്യം’ സിനിമ കണ്ട് പ്രചോദിതരായാണ് പോലീസ് അന്വേഷണം നടത്തി കുറ്റപത്രം തയ്യാറാക്കിയതെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. യഥാർത്ഥ ജീവിതത്തിലെ ഒരു കൊലപാതകം സിനിമാ കഥയെ ഓർമിപ്പിക്കുന്ന രീതിയിൽ നടന്നുവെന്നതും കേസിനെ കൂടുതൽ ചർച്ചയാക്കി. എന്നാൽ ഒടുവിൽ, വർഷങ്ങൾ നീണ്ട അന്വേഷണത്തിനും മണ്ണിനടിയിൽ നിന്ന് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയതിനും ശേഷവും പ്രതിയെ കുറ്റക്കാരനെന്ന് സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല.
എട്ട് വർഷം മണ്ണിനടിയിൽ ഒളിച്ചിരുന്ന സത്യം പുറത്തുവന്നു. പക്ഷേ കോടതിയിൽ ആ സത്യം കുറ്റം തെളിയിക്കാൻ മതിയായ തെളിവായി മാറിയില്ല. അതാണ് തലയോലപ്പറമ്പിലെ ഈ ദുരൂഹ കൊലക്കേസിന്റെ ഏറ്റവും ഞെട്ടിക്കുന്ന അധ്യായം.
സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുടങ്ങുക വൈകുന്നേരം 6.30 മുതൽ രാത്രി 12.45 വരെയുള്ള പീക്ക് സമയങ്ങളിൽ
മുഖം നോക്കാതെ പറയേണ്ടത് പറയാൻ വീണ്ടും ‘മാധ്യമവിചാരം’; 16 വർഷങ്ങൾക്ക് ശേഷം ഡിജിറ്റൽ സ്ക്രീനിൽ സെബാസ്റ്റ്യൻ പോൾ!