Friday, 11 September 2026
‘Honest storytelling is a powerful means of change
08:24:05 PM IST
Kerala

‘അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിനായി പ്രത്യേക ടെലഗ്രാം ഗ്രൂപ്പുകൾ’; ശ്രീഹരിയുടെ ഫോണിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

ന്യൂസ് ഡെസ്ക് 4 September 2026, 10:36 am
SHARE

അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച കേസിൽ അറസ്റ്റിലായ തൃക്കാക്കര ഭാരത് മാതാ കോളേജ് വിദ്യാർത്ഥി ശ്രീഹരിയുടെ ഫോണിൽ നിന്ന് ഞെട്ടിക്കുന്ന വിവരങ്ങൾ കണ്ടെത്തിയതായി വിദ്യാർത്ഥികൾ. പൊലീസ് അനുമതിയോടെ ഫോൺ പരിശോധിച്ചപ്പോഴാണ് നിരവധി പെൺകുട്ടികളുടേതടക്കമുള്ള ചിത്രങ്ങൾ പലതവണ ദുരുപയോഗം ചെയ്തതിന്റെ തെളിവുകൾ കണ്ടെത്തിയത്. നഗ്നചിത്രങ്ങൾ ടെലഗ്രാം ഗ്രൂപ്പുകൾ വഴി പണം വാങ്ങി വിൽപ്പന നടത്തിയതിന്റെയും തെളിവുകൾ ഫോണിലുണ്ടായിരുന്നുവെന്നാണ് വിവരം.

ചിത്രങ്ങൾ ടെലഗ്രാം ചാറ്റിലേക്ക് അയച്ചുനൽകുകയും തുടർന്ന് മോർഫ് ചെയ്ത ചിത്രങ്ങൾ തിരികെ ലഭിക്കുകയും ചെയ്യുന്ന രീതിയായിരുന്നു ഉപയോഗിച്ചിരുന്നതെന്നാണ് കണ്ടെത്തൽ. അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിനായി പ്രത്യേക ടെലഗ്രാം ഗ്രൂപ്പുകളും കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിൽ ലഭിക്കുന്ന ചിത്രങ്ങൾ ഉപയോഗിച്ചാണ് മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ തയ്യാറാക്കിയിരുന്നതെന്നാണ് സൂചന.

ക്ലാസ് മുറിയിൽ അധ്യാപകർ പഠിപ്പിക്കുന്ന ദൃശ്യങ്ങൾ പകർത്തിയ ശേഷമാണ് ചിത്രങ്ങൾ മോർഫ് ചെയ്തതെന്നും വിദ്യാർത്ഥികൾ കണ്ടെത്തി. കൂടാതെ പെൺകുട്ടികളുടെ ഹോസ്റ്റലിൽനിന്നും ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ടാകാമെന്ന സംശയവും ഉയർന്നിട്ടുണ്ട്. ശ്രീഹരിയുടെ ഫോൺ ഗാലറിയിൽ ഗേൾസ് ഹോസ്റ്റൽ മുറിയുടേതെന്ന് സംശയിക്കുന്ന ദൃശ്യങ്ങൾ കണ്ടെത്തിയതായും വിദ്യാർത്ഥികൾ പറയുന്നു.

സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്. ഫോണിൽ നിന്ന് കണ്ടെത്തിയ ചിത്രങ്ങളും ടെലഗ്രാം ഗ്രൂപ്പുകളും കേന്ദ്രീകരിച്ച് പൊലീസ് പരിശോധന നടത്തിവരികയാണ്. ചിത്രങ്ങൾ എങ്ങനെയാണ് ലഭിച്ചത്, മോർഫ് ചെയ്ത ചിത്രങ്ങൾ തയ്യാറാക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നതടക്കമുള്ള കാര്യങ്ങളും അന്വേഷണ പരിധിയിലുണ്ട്.

Read More
s
ന്യൂസ് ഡെസ്ക്
View all posts →