Friday, 11 September 2026
‘Honest storytelling is a powerful means of change
08:24:03 PM IST
Kerala

‘വന്ദേമാതരം ചൊല്ലിയതിന് സമരം ചെയ്തവരെ നരനായാട്ടിന് ഇരയാക്കി’; യുഡിഎഫിനെതിരെ എം.വി. ഗോവിന്ദൻ

ന്യൂസ് ഡെസ്ക് 3 September 2026, 6:30 pm
SHARE

തിരുവനന്തപുരം: വന്ദേമാതരം പൂർണമായി ചൊല്ലിയതിനെതിരെ സമരം ചെയ്ത എസ്‌എഫ്‌ഐ പ്രവർത്തകരെ അതിക്രൂരമായി നേരിടാനാണ് യുഡിഎഫ് സർക്കാർ തീരുമാനിച്ചിരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഗവർണർക്ക് വേണ്ടി സർക്കാർ എന്തും ചെയ്യുകയാണെന്നും ആർഎസ്എസിനെ സന്തോഷിപ്പിക്കുകയാണ് മന്ത്രിസഭയുടെ ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചു. കേരള സർവകലാശാലയിൽ വന്ദേമാതരം പൂർണമായി ചൊല്ലിയതിനെതിരെ സമരം നടത്തിയ എസ്‌എഫ്‌ഐ പ്രവർത്തകർക്കെതിരായ പൊലീസ് നടപടി നരനായാട്ടാണെന്നും ഗോവിന്ദൻ പറഞ്ഞു.

സമരത്തിനിടെ രണ്ട് പെൺകുട്ടികളെ പൊലീസ് ക്രൂരമായി മർദിച്ചെന്നും ലാത്തികൊണ്ട് മുഖത്തടിച്ചെന്നും അദ്ദേഹം ആരോപിച്ചു. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിലും പി.എസ്. സഞ്ജീവ് ഉൾപ്പെടെയുള്ള നേതാക്കളെ തിരഞ്ഞുപിടിച്ച് ആക്രമിച്ചെന്നാണ് ആരോപണം. മാർച്ചിൽ പങ്കെടുക്കാത്ത വിദ്യാർഥികൾക്കെതിരെയും കേസെടുത്തെന്നും വീടുകളിലെത്തിയാണ് വിദ്യാർഥികളെ അറസ്റ്റ് ചെയ്യുന്നതെന്നും ഗോവിന്ദൻ പറഞ്ഞു.

സർവകലാശാലാ ചട്ടങ്ങൾ ഭേദഗതി ചെയ്യുമെന്ന് ഗവർണറും സർക്കാരും വ്യക്തമാക്കിയിട്ടുണ്ടെന്നും ഡിജിറ്റൽ സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ നിയമനത്തിൽ സംസ്ഥാനത്തിന്റെ അധികാരം നഷ്ടപ്പെടുന്ന തരത്തിലുള്ള കരാറിലാണ് ഒപ്പുവച്ചതെന്നും അദ്ദേഹം ആരോപിച്ചു. സർവകലാശാലകളെ ആർഎസ്എസിന് വിട്ടുനൽകി അവരുടെ ചട്ടുകമായി മാറാനുള്ള നീക്കമാണ് നടക്കുന്നതെന്നും ഗോവിന്ദൻ കുറ്റപ്പെടുത്തി. സ്ത്രീ-പുരുഷ സമത്വം ഭരണഘടന ഉറപ്പുനൽകുന്ന അവകാശമാണെന്നും കുടുംബശ്രീ ഉൾപ്പെടെയുള്ള സംവിധാനങ്ങളിലൂടെ കേരളം വലിയ വനിതാ മുന്നേറ്റത്തിന് നേതൃത്വം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തോമസ് ഐസക്കിന്റെ പ്രതികരണവുമായി ബന്ധപ്പെട്ടും ഗോവിന്ദൻ നിലപാട് വ്യക്തമാക്കി. കേന്ദ്ര-സംസ്ഥാന റിവ്യൂ കമ്മിറ്റി റിപ്പോർട്ട് പരസ്യപ്പെടുത്തിയിട്ടുണ്ടെന്നും അത് വായിച്ചാൽ കാര്യങ്ങൾ വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയന്റെ ഒന്നര മണിക്കൂർ പ്രസംഗത്തിലെ ചില ഭാഗങ്ങൾ മാത്രമാണ് ചർച്ചയായതെന്നും പാർട്ടി വിരുദ്ധ നിലപാട് സ്വീകരിച്ച സ്ഥാനാർഥികളെ വിമർശിക്കുകയാണ് ചെയ്തതെന്നും ഗോവിന്ദൻ വ്യക്തമാക്കി. പയ്യന്നൂരിലും തളിപ്പറമ്പിലും ജനങ്ങൾ തെറ്റിദ്ധരിക്കപ്പെട്ടുവെന്ന ദൗർബല്യമാണ് ചൂണ്ടിക്കാട്ടിയത്. പ്രതിപക്ഷ ഉപനേതൃസ്ഥാനം സംബന്ധിച്ച് സിപിഐയുമായി ചർച്ച ചെയ്ത് മാത്രമേ തീരുമാനമെടുക്കൂവെന്നും സിപിഎമ്മും സിപിഐയും ഇടതുപക്ഷത്തിന്റെ പ്രധാന പാർട്ടികളാണെന്നും ചെറിയ തർക്കങ്ങൾ ചർച്ചയിലൂടെ പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More
s
ന്യൂസ് ഡെസ്ക്
View all posts →