Friday, 11 September 2026
‘Honest storytelling is a powerful means of change
08:24:01 PM IST
Kerala

ചെലവ് 8,000 കോടി; ആദ്യഘട്ടത്തില്‍ 31 കിലോമീറ്റര്‍; തിരുവനന്തപുരത്ത് വരുന്നത് രാജ്യത്തെ ഏറ്റവും അത്യാധുനിക മെട്രോ

ന്യൂസ് ഡെസ്ക് 2 September 2026, 11:00 am
SHARE

തിരുവനന്തപുരത്തിനായി രാജ്യത്തെ ഏറ്റവും അത്യാധുനികമായ മെട്രോയാണ് വിഭാവനം ചെയ്യുന്നതെന്ന് കെഎംആര്‍എല്‍. പദ്ധതിയുടെ പുതുക്കിയ രൂപരേഖ സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനാണ് (ഡിഎംആര്‍സി) പദ്ധതി രൂപരേഖ തയ്യാറാക്കിയത്. തിരുവനന്തപുരത്തിനായി നൂതനമായ ഒട്ടേറെ ആശയങ്ങള്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

നേരത്തെ ഡിഎംആര്‍സി രൂപരേഖ തയ്യാറാക്കിയിരുന്നെങ്കിലും ഇതില്‍ മാറ്റങ്ങള്‍ നിര്‍ദേശിക്കപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പുതുക്കുകയായിരുന്നു. 31 കിലോമീറ്റര്‍ ദൂരമാണ് തിരുവനന്തപുരത്ത് ആദ്യഘട്ടമായി മെട്രോ ആസൂത്രണം ചെയ്യുന്നത്. റോഡിന് മുകളിലൂടെയുള്ള നിര്‍മാണമാണ് നിര്‍ദേശിച്ചിരിക്കുന്നത്.

പാപ്പനംകോട് നിന്നാണ് മെട്രോ തുടങ്ങുന്നത്. കിള്ളിപ്പാലം, തമ്പാനൂര്‍, സെക്രട്ടേറിയറ്റ്, പാളയം, പട്ടം, മെഡിക്കല്‍ കോളജ്, ഉള്ളൂര്‍, കാര്യവട്ടം വഴി കഴക്കൂട്ടം, ടെക്‌നോപാര്‍ക്ക്, ആക്കുളം, ചാക്ക വഴി ഈഞ്ചയ്ക്കലിലെത്തും. ടെക്‌നോപാര്‍ക്ക്, വിമാനത്താവളം, തമ്പാനൂര്‍ ബസ്സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍, സെക്രട്ടേറിയറ്റ്, മെഡിക്കല്‍ കോളജ് എന്നിവയെല്ലാം ബന്ധിപ്പിച്ച് മെട്രോ കടന്നുപോവും.

8000 കോടി രൂപയോളമാണ് നിര്‍മാണച്ചെലവ് കണക്കാക്കിയിരുന്നത്. എന്നാൽ ഈ തുക വർധിക്കാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ ചൂണ്ടിക്കാണിക്കുന്നത്. മെട്രോയ്ക്ക് അനുബന്ധമായി നടപ്പാക്കാവുന്ന വികസന പദ്ധതികളെക്കുറിച്ചുള്ള നിര്‍ദേശങ്ങളും രൂപരേഖയില്‍ ഉള്‍പ്പെടുന്നുണ്ട്. കെ.എം. ആര്‍.എല്‍. സമര്‍പ്പിച്ചിരിക്കുന്ന രൂപരേഖ സംസ്ഥാന സര്‍ക്കാര്‍ വിശദമായി പഠിക്കും. സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചശേഷം കേന്ദ്രസര്‍ക്കാരിന്റെ അനുമതിക്കായി സമര്‍പ്പിക്കും.

Read More
s
ന്യൂസ് ഡെസ്ക്
View all posts →