പശ്ചിമേഷ്യൻ സംഘർഷം; ഇറാൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി നരേന്ദ്ര മോദി, സമാധാന ശ്രമങ്ങൾക്ക് ഇന്ത്യ പൂർണ പിന്തുണ അറിയിച്ചു
പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്നതിനിടെ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയനുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിഷ്കെക്കിൽ നടന്ന ഷാങ്ഹായ് സഹകരണ സംഘടന ഉച്ചകോടിക്കിടെയായിരുന്നു ഇരുനേതാക്കളുടെയും കൂടിക്കാഴ്ച. സംഘർഷം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് മോദിയും പെസെഷ്കിയനും നേരിട്ട് കൂടിക്കാഴ്ച നടത്തുന്നത്. ഇറാൻ വിദേശകാര്യ മന്ത്രി സയിദ് അബ്ബാസ് അരാഗ്ചിയും ചർച്ചയിൽ പങ്കെടുത്തു. സംഘർഷത്തിൽ ഉൾപ്പെട്ട വിവിധ കക്ഷികളുമായി ഇന്ത്യയ്ക്ക് വിശാലമായ ബന്ധമുണ്ടെന്നും ഈ സ്വാധീനം സംഘർഷം അവസാനിപ്പിക്കാൻ ഇന്ത്യ പ്രയോജനപ്പെടുത്തണമെന്നും പെസെഷ്കിയൻ ആവശ്യപ്പെട്ടു.
സമാധാന ശ്രമങ്ങൾക്ക് ഇന്ത്യയുടെ പൂർണ പിന്തുണയുണ്ടാകുമെന്ന് മോദി വ്യക്തമാക്കി. സാധാരണക്കാർക്ക് നേരെയുള്ള ആക്രമണം അംഗീകരിക്കാനാകില്ലെന്നും പ്രശ്നങ്ങൾ ചർച്ചകളിലൂടെയും നയതന്ത്ര മാർഗങ്ങളിലൂടെയും പരിഹരിക്കണമെന്നുമുള്ള ഇന്ത്യയുടെ നിലപാട് മോദി ആവർത്തിച്ചു. സമാധാനം ആഗ്രഹിക്കുന്ന വ്യക്തിയാണ് പെസെഷ്കിയനെന്ന് താൻ മനസ്സിലാക്കിയിട്ടുണ്ടെന്നും മോദി പറഞ്ഞു. സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങൾക്കും ഇന്ത്യ പിന്തുണ നൽകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ചാബഹാർ തുറമുഖം, ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം എന്നിവയും കൂടിക്കാഴ്ചയിൽ ചർച്ചയായി. സാധാരണക്കാർക്കും ചരക്ക് കപ്പലുകൾക്കും നേരെ ആക്രമണം ഉണ്ടാകരുതെന്നും സമുദ്ര ഗതാഗത സ്വാതന്ത്ര്യവും വ്യാപാരവും സുരക്ഷിതമായി തുടരണമെന്നും മോദി ആവശ്യപ്പെട്ടു. ഇന്ത്യയും ഇറാനും തമ്മിലുള്ള ദീർഘകാല സൗഹൃദം കൂടുതൽ ശക്തമാക്കുമെന്നും വിവിധ മേഖലകളിലെ വ്യാപാര സഹകരണം വിപുലീകരിക്കുമെന്നും മോദി പറഞ്ഞു. എസ്‌സിഒ, ബ്രിക്സ് തുടങ്ങിയ ബഹുരാഷ്ട്ര വേദികളിൽ ഇറാനുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും ഇന്ത്യയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിലേക്ക് പെസെഷ്കിയനെ മോദി സ്വാഗതം ചെയ്തതായും അറിയിച്ചു.
പശ്ചിമേഷ്യ വീണ്ടും യുദ്ധക്കളം; അമേരിക്കൻ ആക്രമണത്തിന് തിരിച്ചടിച്ച് ഇറാൻ, രണ്ട് കപ്പലുകളും എട്ട് എണ്ണ ടാങ്കറുകളും ആക്രമിച്ചു
സൗദിക്ക് നേരെ ഹൂതി ആക്രമണം; 73 പേർക്ക് പരുക്ക്, ശക്തമായ തിരിച്ചടിക്ക് മുന്നറിയിപ്പ്