Friday, 11 September 2026
‘Honest storytelling is a powerful means of change
08:23:56 PM IST
Kerala

ഇരിട്ടിയിലെ സാമ്പത്തിക തിരിമറി ആരോപണം; വിശദീകരണവുമായി സിപിഐഎം ഏരിയാ സെക്രട്ടറി

ന്യൂസ് ഡെസ്ക് 31 August 2026, 10:44 am
SHARE

കണ്ണൂർ: ഇരിട്ടിയിലെ സിപിഐഎം സംരംഭത്തിനെതിരായ സാമ്പത്തിക തിരിമറി ആരോപണത്തിൽ വിശദീകരണവുമായി സിപിഐഎം ഇരിട്ടി ഏരിയാ സെക്രട്ടറി സക്കീർ ഹുസൈൻ. നോർത്ത് മലബാർ എജുക്കേഷൻ സൊസൈറ്റിയുടെ പേരിൽ ഓഹരി ഇനത്തിൽ 24 ലക്ഷം രൂപ മാത്രമാണ് സമാഹരിക്കാനായതെന്ന് സക്കീർ ഹുസൈൻ പറഞ്ഞു. സമാഹരിച്ച തുക ഉപയോഗിച്ച് ഇരിട്ടിയിൽ സൊസൈറ്റിയുടെ പേരിൽ 38 സെന്റ് സ്ഥലം വാങ്ങിയെന്നും ഭൂമിയുടെ നിലവിലെ മൂല്യം സമാഹരിച്ച തുകയേക്കാൾ കൂടുതലാണെന്നും അദ്ദേഹം വ്യക്തമാക്കി.

സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ പ്രതീക്ഷിച്ച രീതിയിൽ മുന്നോട്ടുപോകാൻ സാധിച്ചില്ലെന്നും സക്കീർ ഹുസൈൻ വിശദീകരിച്ചു. നോട്ട് നിരോധനം, 2018-19 കാലത്തെ പ്രളയം, കോവിഡ് തുടങ്ങിയ സാഹചര്യങ്ങൾ പദ്ധതിക്ക് തിരിച്ചടിയായെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി ഘടകങ്ങളുടെ സഹായത്തോടെയാണ് ഓഹരികൾ സമാഹരിച്ചതെന്നും സക്കീർ ഹുസൈൻ വ്യക്തമാക്കി.

കോളജ് നിർമാണത്തിനായി പിരിച്ച പണത്തിന്റെ കണക്ക് ലഭ്യമല്ലെന്നാരോപിച്ച് നിക്ഷേപകർ രംഗത്തെത്തിയതോടെയാണ് വിഷയം വിവാദമായത്. ഇരിട്ടിയിലെ നോർത്ത് മലബാർ എജുക്കേഷൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ കോളജ് നിർമിക്കാനായിരുന്നു പദ്ധതി. 2017ൽ കോളജിന് ശിലാസ്ഥാപനം നടത്തിയിരുന്നെങ്കിലും ഇതുവരെ നിർമാണം ആരംഭിച്ചിട്ടില്ല.

ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരിയുടെ നേതൃത്വത്തിലുള്ള പ്രഗതി കോളജിന് ബദലായി 2015ലാണ് ഇരിട്ടിയിൽ നോർത്ത് മലബാർ എജുക്കേഷൻ സൊസൈറ്റി രൂപീകരിച്ചത്. പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെ സ്വയംഭരണ കോളജ് സ്ഥാപിക്കുകയായിരുന്നു ലക്ഷ്യം. ലാഭവിഹിതം വാഗ്ദാനം ചെയ്ത് പതിനായിരത്തിലേറെ റസീപ്റ്റുകൾ അച്ചടിച്ച് പൊതുജനങ്ങളിൽ നിന്ന് പണം സമാഹരിച്ചതായാണ് ആരോപണം.

ആയിരം രൂപ മുതൽ ഒരു ലക്ഷം രൂപ വരെയുള്ള ഓഹരികളാണ് സൊസൈറ്റിയിലേക്ക് സ്വീകരിച്ചത്. എന്നാൽ പണം നിക്ഷേപിച്ചവർക്ക് പിന്നീട് തങ്ങളുടെ നിക്ഷേപത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭിച്ചില്ലെന്നാണ് പരാതി. ഇരിട്ടിയിലെ സിപിഐഎം-ഡിവൈഎഫ്ഐ നേതാക്കളാണ് സൊസൈറ്റിയുടെ ഭാരവാഹികളെന്നാണ് വിവരം. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യനാണ് സൊസൈറ്റിയുടെ പ്രസിഡന്റ്. നിക്ഷേപകർ സിപിഐഎമ്മിന് പരാതി നൽകിയിരുന്നു. തുടർന്ന് പാർട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചെങ്കിലും കാര്യമായ തുടർനടപടികളുണ്ടായില്ലെന്നും പരാതിക്കാർ ആരോപിക്കുന്നു.

Read More
s
ന്യൂസ് ഡെസ്ക്
View all posts →