ഖജനാവ് കാലിയായോ? 1800 കോടി രൂപ കൂടി കടമെടുക്കാൻ സംസ്ഥാന സർക്കാർ, ഓണക്കാല ചെലവ് 10,000 കോടി
സംസ്ഥാന സർക്കാർ 1800 കോടി രൂപ കൂടി കടമെടുക്കുന്നു. കടപ്പത്രങ്ങളുടെ ലേലം ചൊവ്വാഴ്ച റിസർവ് ബാങ്കിന്റെ ഇലക്ട്രോണിക് പ്ലാറ്റ്‌ഫോം വഴി നടക്കും. ഓണത്തോടനുബന്ധിച്ചുള്ള ചെലവുകൾ 10,000 കോടി രൂപയോളം എത്തിയതോടെയാണ് സർക്കാർ വീണ്ടും കടമെടുക്കുന്നത്. നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ നാല് മാസത്തിൽ ജിഎസ്ടി ഇനത്തിൽ മാത്രം 13,880.82 കോടി രൂപയാണ് സംസ്ഥാനത്തിന് ലഭിച്ചത്.
ഓണം പ്രമാണിച്ച് ബോണസ്, ഉത്സവബത്ത, ക്ഷേമ പെൻഷൻ ഒരാഴ്ച നേരത്തെ വിതരണം ചെയ്യൽ, വിപണി ഇടപെടലുകൾക്കുള്ള പണം തുടങ്ങിയ ഇനങ്ങളിലാണ് വൻതുക ചെലവായത്. ഈ മാസം നേരത്തെ തന്നെ 2,200 കോടി രൂപ സർക്കാർ കടമെടുത്തിരുന്നു. ഓണക്കാലത്ത് വിപണി സജീവമാകുന്നതോടെ നികുതി വരുമാനം ഉയരുമെന്ന പ്രതീക്ഷയിലാണ് കടമെടുത്തും സർക്കാർ പണം ചെലവഴിച്ചത്. എന്നാൽ ഓണം കഴിഞ്ഞയുടൻ തന്നെ വീണ്ടും കടമെടുക്കേണ്ട സാഹചര്യത്തിലേക്കാണ് സർക്കാർ എത്തിയത്. കേരളം ഉൾപ്പെടെ 15 സംസ്ഥാനങ്ങളുടെ 27,000 കോടി രൂപയുടെ കടപ്പത്ര ലേലമാണ് നടക്കുന്നത്.
നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ നാല് മാസത്തിനിടെ കേരളം 26,461.75 കോടി രൂപ കടമെടുത്തു. ബജറ്റിൽ പൊതുവിപണിയിലെ കടമെടുപ്പ് ഉൾപ്പെടെ ആകെ 56,413.06 കോടി രൂപ കടമെടുക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. ഇതിന്റെ 46.91 ശതമാനവും ആദ്യ നാല് മാസത്തിനുള്ളിൽ തന്നെ കടമെടുത്തുകഴിഞ്ഞു. ഇതിന് പിന്നാലെയാണ് 1,800 കോടി രൂപ കൂടി കടമെടുക്കുന്നത്.
അതേസമയം, റവന്യൂ കമ്മിയും സാമ്പത്തിക വർഷത്തിന്റെ ആദ്യ നാല് മാസത്തിനുള്ളിൽ തന്നെ ബജറ്റിൽ കണക്കാക്കിയതിന്റെ പകുതിയോളം എത്തിയിട്ടുണ്ട്. ഓണക്കാലത്ത് സംസ്ഥാനത്ത് ഉണ്ടായ വൻ ചെലവിന്റെ ഗുണം ഖജനാവിനും ലഭിക്കുമെന്നാണ് സർക്കാർ കണക്കുകൂട്ടൽ. ജിഎസ്ടി ഉൾപ്പെടെയുള്ള നികുതി വരുമാനം ഉയരുമെന്ന പ്രതീക്ഷയിലാണ് സർക്കാർ.
സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുടങ്ങുക വൈകുന്നേരം 6.30 മുതൽ രാത്രി 12.45 വരെയുള്ള പീക്ക് സമയങ്ങളിൽ
മുഖം നോക്കാതെ പറയേണ്ടത് പറയാൻ വീണ്ടും ‘മാധ്യമവിചാരം’; 16 വർഷങ്ങൾക്ക് ശേഷം ഡിജിറ്റൽ സ്ക്രീനിൽ സെബാസ്റ്റ്യൻ പോൾ!