Friday, 11 September 2026
‘Honest storytelling is a powerful means of change
08:30:21 PM IST
Kerala

കേരളത്തിന് തിരിച്ചടിയാകുമോ? ഇതരസംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കാൻ ബംഗാൾ സർക്കാരിന്റെ ‘തൊഴിൽ പദ്ധതി’

ന്യൂസ് ഡെസ്ക് 30 August 2026, 6:30 pm
SHARE

കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലേക്ക് ബംഗാളിൽ നിന്നുള്ള തൊഴിലാളികളുടെ ഒഴുക്ക് തടയാൻ സ്വന്തം സംസ്ഥാനത്ത് തന്നെ തൊഴിലും മികച്ച വേതനവും ഉറപ്പാക്കാനുള്ള നടപടികളുമായി ബംഗാൾ സർക്കാർ. ഇതരസംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികളെ നാട്ടിലേക്ക് തിരിച്ചെത്തിച്ച് തൊഴിൽ നൽകുകയാണ് ലക്ഷ്യം. കേരളത്തിലടക്കം ജോലി ചെയ്യുന്ന ബംഗാൾ സ്വദേശികളോട് നാട്ടിലേക്ക് മടങ്ങിവരണമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി നേരത്തെ അഭ്യർഥിച്ചിരുന്നു.

ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇതരസംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ മടങ്ങിയത് കേരളത്തിലെ തൊഴിൽ മേഖലകളിൽ വലിയ പ്രതിസന്ധിയുണ്ടാക്കിയിരുന്നു. ഹോട്ടൽ–റസ്റ്റോറന്റ് മേഖല, നിർമാണ മേഖല, ഫാക്ടറികൾ എന്നിവ തൊഴിലാളിക്ഷാമം നേരിട്ടു. നിരവധി ഹോട്ടലുകൾ വരെ അടച്ചിടേണ്ട സാഹചര്യമുണ്ടായി. ബംഗാൾ സർക്കാർ തൊഴിലാളികളുടെ ജില്ല തിരിച്ചുള്ള കണക്കെടുപ്പ് പൂർത്തിയാക്കിയിട്ടുണ്ട്.

തൊഴിലാളികളുടെ വീടുകളിലെത്തി ഗ്രാമീൺ റോസ്‌ഗർ ഗ്യാരന്റി കാർഡ് (ജിആർജിസി) വിതരണം ചെയ്യാനും ഉയർന്ന വേതനത്തോടെ തൊഴിൽ ഉറപ്പാക്കാനും പഞ്ചായത്ത്–റൂറൽ ഡെവലപ്‌മെന്റ് വകുപ്പ് നടപടികൾ ആരംഭിച്ചു. ഇതരസംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്നവർക്കായി റൂറൽ എംപ്ലോയ്‌മെന്റ് ഗ്യാരന്റി കാർഡും നൽകും. കാർഡ് ലഭിക്കുന്നവർക്ക് തൊഴിലുറപ്പ് പദ്ധതിയായ വിബി–ജി റാം ജി പ്രകാരം തൊഴിൽ ലഭ്യമാക്കും. ഒരു കുടുംബവും തൊഴിലിനായി ഇതരസംസ്ഥാനങ്ങളിലേക്ക് പോകേണ്ടിവരാത്ത സാഹചര്യം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് സർക്കാർ വ്യക്തമാക്കി.

സർക്കാർ കണക്കുകൾ പ്രകാരം കേരളം ഉൾപ്പെടെയുള്ള ഇതരസംസ്ഥാനങ്ങളിൽ 22.24 ലക്ഷം ബംഗാൾ സ്വദേശികളാണ് ജോലി ചെയ്യുന്നത്. ഇതിൽ 3.86 ലക്ഷം പേർ മൂർഷിദാബാദ് ജില്ലയിൽ നിന്നുള്ളവരാണ്. മാൾഡയിൽ നിന്ന് 2.86 ലക്ഷവും പശ്ചിം മേദിനിപ്പുരിൽ നിന്ന് 1.68 ലക്ഷവും നദീയയിൽ നിന്ന് 1.61 ലക്ഷവും പുർബ മേദിനിപ്പുരിൽ നിന്ന് 1.57 ലക്ഷവും സൗത്ത് 24 പർഗനസിൽ നിന്ന് 1.50 ലക്ഷവും നോർത്ത് 24 പർഗനസിൽ നിന്ന് 1.27 ലക്ഷവും പേർ ഇതരസംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്നുണ്ട്. കേരളത്തിൽ 2024ലെ സംസ്ഥാന പ്ലാനിങ് ബോർഡിന്റെ കണക്കനുസരിച്ച് 31 ലക്ഷം ഇതരസംസ്ഥാന തൊഴിലാളികളുണ്ട്. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിന്റെ കണക്ക് 25 ലക്ഷമാണ്. അനൗദ്യോഗിക കണക്കുകൾ പ്രകാരം ഇത് 40 ലക്ഷത്തിലേറെയാണെന്നും ഇതിൽ പകുതിയോളം ബംഗാൾ സ്വദേശികളാണെന്നുമാണ് വിലയിരുത്തൽ.

Read More
s
ന്യൂസ് ഡെസ്ക്
View all posts →