Friday, 11 September 2026
‘Honest storytelling is a powerful means of change
08:23:51 PM IST
Kerala

‘മാസപ്പടി’ വാങ്ങിയെന്ന് കണ്ടെത്തൽ; കോട്ടയത്തെ എക്സൈസിൽ വൻ അഴിമതി, ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് നീക്കം

ന്യൂസ് ഡെസ്ക് 30 August 2026, 11:48 am
SHARE

ബാറുടമകളിൽ നിന്ന് എക്സൈസ് ഉദ്യോഗസ്ഥർ മാസപ്പടി വാങ്ങിയെന്ന കണ്ടെത്തലിന് പിന്നാലെ ജില്ലയിലെ കൂടുതൽ ബാറുകളിൽ പരിശോധന നടത്താൻ എക്സൈസ് മന്ത്രി നിർദേശം നൽകി. സംഭവത്തിൽ കോട്ടയം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ അശോക് കുമാറിനെ സസ്പെൻഡ് ചെയ്തേക്കും. അഴിമതിയിൽ പങ്കുള്ള മുഴുവൻ ഉദ്യോഗസ്ഥരെയും മാറ്റിനിർത്താനാണ് നീക്കം. കോട്ടയം എക്സൈസ് സ്ക്വാഡിലെ രണ്ട് ഉദ്യോഗസ്ഥരെയും ചങ്ങനാശേരി റേഞ്ചിലെ നാല് ഉദ്യോഗസ്ഥരെയും തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചിട്ടുണ്ട്. രാത്രിയിൽ നടത്തിയ പരിശോധനയിൽ നിർണായക വിവരങ്ങൾ ശേഖരിച്ചതായി എക്സൈസ് കമ്മീഷണർ അറിയിച്ചു. വിജിലൻസ് ഉൾപ്പെടെയുള്ള കൂടുതൽ ഉദ്യോഗസ്ഥരും നിരീക്ഷണത്തിലാണ്.

കോട്ടയം ജില്ലയിലെ ബാറുകളിൽ നിന്ന് എക്സൈസ് ഉദ്യോഗസ്ഥർ പ്രതിമാസം കൈക്കൂലി വാങ്ങിയെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ അശോക് കുമാറിന് ഒരു ബാറിൽ നിന്ന് മാത്രം മാസം 15,000 രൂപ വരെ ലഭിച്ചിരുന്നതായാണ് കണ്ടെത്തൽ. ചങ്ങനാശേരി റേഞ്ചിലെ മറ്റ് ഉദ്യോഗസ്ഥർക്കും ഇടപാടിൽ പങ്കുണ്ടെന്നതിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥർക്കായി പ്രതിമാസ പണപ്പിരിവ് നടത്തിയിരുന്നത് ചങ്ങനാശേരിയിലെ ഒരു ബാറുടമയാണെന്നും പണമിടപാടുകളുടെ വിവരങ്ങൾ ബാറുടമയിൽ നിന്ന് എക്സൈസിന് ലഭിച്ചതായും അന്വേഷണ സംഘം വ്യക്തമാക്കി.

പണത്തിന് പുറമെ ബാറുടമകൾ ഉദ്യോഗസ്ഥർക്ക് മദ്യവും നൽകിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ബാറുകളിലെ സ്ഥിരം സന്ദർശകരായിരുന്നുവെന്നാണ് വിവരം. ഇവർ ബാറുകളിൽ എത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും എക്സൈസ് സംഘം ശേഖരിച്ചിട്ടുണ്ട്. കൂടുതൽ ഉദ്യോഗസ്ഥർക്ക് അഴിമതിയിൽ പങ്കുണ്ടോയെന്ന് കണ്ടെത്താൻ അന്വേഷണം വ്യാപിപ്പിക്കാനാണ് എക്സൈസിന്റെ തീരുമാനം.

Read More
s
ന്യൂസ് ഡെസ്ക്
View all posts →