Friday, 11 September 2026
‘Honest storytelling is a powerful means of change
08:29:09 PM IST
Kerala

‘കേരളം’ പേര് മാറ്റം; പഴയ ബോർഡുകളും ഫയലുകളും മാറ്റേണ്ട, അനാവശ്യ ചെലവ് ഒഴിവാക്കാൻ സർക്കാർ നിർദേശം

ന്യൂസ് ഡെസ്ക് 30 August 2026, 10:01 am
SHARE

സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്നാക്കി മാറ്റിയതിന്റെ പേരിൽ അനാവശ്യ ചെലവ് ഒഴിവാക്കാൻ സർക്കാർ നിർദേശം. നിലവിലുള്ള ഓഫീസ് നെയിം ബോർഡുകളും ഫലകങ്ങളും ഉടൻ മാറ്റേണ്ടതില്ലെന്നും നിലവിലുള്ള പേപ്പറുകളും ഫയലുകളും ഉപേക്ഷിക്കരുതെന്നും ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ സർക്കുലറിൽ വ്യക്തമാക്കി. നിലവിലുള്ള ലെറ്റർഹെഡുകൾ, കവറുകൾ, ഫോമുകൾ, രജിസ്റ്ററുകൾ, ഫയലുകൾ, പ്രസിദ്ധീകരണങ്ങൾ ഉൾപ്പെടെയുള്ള അച്ചടിച്ച സാമഗ്രികൾ സ്റ്റോക്ക് തീരുന്നതുവരെ മഷി ഉപയോഗിച്ച് തിരുത്തി ഉപയോഗിക്കണമെന്നും നിർദേശമുണ്ട്.

സാങ്കേതികമായി സാധ്യമായിടത്ത് ഇംഗ്ലീഷിലെ ‘Kerala’ എന്നത് അധികമായി ‘m’ ചേർത്ത് ‘Keralam’ എന്നും മലയാളത്തിലെ ‘കേരള’ എന്നത് ആവശ്യമായ തിരുത്തൽ വരുത്തി ‘കേരളം’ എന്നും മാറ്റാം. സൈൻബോർഡുകൾക്ക് പതിവ് പെയിന്റിംഗ്, അറ്റകുറ്റപ്പണി, മാറ്റിസ്ഥാപിക്കൽ എന്നിവ ആവശ്യമായി വരുന്ന അവസരങ്ങളിൽ ഇത്തരം മാറ്റങ്ങൾ ഘട്ടംഘട്ടമായി നടത്താമെന്നും സർക്കുലറിൽ പറയുന്നു. സംസ്ഥാനത്തിന്റെ പേര് മാറ്റിയതിന്റെ പേരിൽ മാത്രം ഫർണിച്ചർ, വാഹനങ്ങൾ, ഉപകരണങ്ങൾ, സ്റ്റേഷനറി, സൈൻബോർഡുകൾ, മുദ്രകൾ തുടങ്ങിയവ കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് മാറ്റിസ്ഥാപിക്കാൻ ചെലവഴിക്കരുതെന്നും നിർദേശമുണ്ട്.

തേയ്‌മാനം, കാലഹരണപ്പെടൽ, കേടുപാട്, ഉപയോഗയോഗ്യമായ കാലാവധി പൂർത്തിയാകൽ തുടങ്ങിയ സാധാരണ കാരണങ്ങളാൽ സാമഗ്രികൾ മാറ്റേണ്ടിവരുമ്പോൾ, നിലവിലുള്ള നടപടിക്രമങ്ങൾ പാലിച്ച് ‘Keralam’/‘കേരളം’ എന്ന പുതുക്കിയ പേര് ഉൾപ്പെടുത്തണം. ഇനി മുതൽ നടത്തുന്ന എല്ലാ അച്ചടിജോലികളിലും സ്റ്റേഷനറി, ഫോമുകൾ, സൈൻബോർഡുകൾ, നെയിം ബോർഡുകൾ, ഔദ്യോഗിക മുദ്രകൾ എന്നിവയുടെ പുതിയ വാങ്ങലിലും നിർമാണത്തിലും ആവശ്യാനുസരണം ‘Keralam’/‘കേരളം’ എന്ന പേര് ഉപയോഗിക്കണമെന്നും ചീഫ് സെക്രട്ടറി നിർദേശിച്ചു.

Read More
s
ന്യൂസ് ഡെസ്ക്
View all posts →