Friday, 11 September 2026
‘Honest storytelling is a powerful means of change
07:59:00 PM IST
World

നേപ്പാളിലെ പ്രളയക്കെടുതിയിൽ മരണസംഖ്യ 270 കടന്നു; കൈലാസ് മാനസസരോവർ യാത്രയ്ക്ക് പോയ കേരളത്തിൽ നിന്നുള്ളവരുൾപ്പെടെ 288 ഇന്ത്യക്കാരെ കാണാനില്ല

ന്യൂസ് ഡെസ്ക് 27 August 2026, 4:04 pm
SHARE

നേപ്പാളിലെ പ്രളയക്കെടുതിയിൽ മരണസംഖ്യ 270 കടന്നു. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. നേപ്പാൾ മേഖലയിലേക്ക് കൈലാസ് മാനസസരോവർ യാത്രയ്ക്ക് പോയ കേരളത്തിൽനിന്നുള്ളവരുൾപ്പെടെ 288 ഇന്ത്യക്കാരെയാണ് കാണാതായത്.

നേപ്പാളിലുണ്ടായ ശക്തമായ പ്രളയത്തെ തുടർന്നു കുട്ടികൾ ഉൾപ്പെടെ 53 മലയാളികൾ അവിടെ കുടുങ്ങിക്കിടക്കുന്നതായി നോർക്ക റൂട്ട്‌സ് അറിയിച്ചു. ഇവരുമായി നേരിട്ടു ബന്ധപ്പെടാൻ ഇതുവരെ സാധിച്ചിട്ടില്ലെങ്കിലും നിലവിൽ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് നോർക്കയുടെ വിലയിരുത്തൽ. വാർത്താസമ്മേളനത്തിൽ നോർക്ക റൂട്ട്‌സ് സിഇഒ രാജേഷ് മാധവനാണ് ഇക്കാര്യം അറിയിച്ചത്.നേപ്പാളിലുണ്ടായിരുന്ന കേരളത്തിൽനിന്നുള്ള 33 പേരേപ്പറ്റി വിവരങ്ങളില്ല. കാണാതായവരിൽ തമിഴ്‌നാട്ടിൽനിന്നുള്ള 86 പേരും പശ്ചിമ ബംഗാളിൽനിന്നുള്ള 32 പേരും മറ്റു സംസ്ഥാനങ്ങളിൽനിന്നായി 61 പേരുമാണ് ഉള്ളത്. അതേസമയം, പ്രളയബാധിത പ്രദേശങ്ങളിൽ കുടുങ്ങിപ്പോയ 21 ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായി രക്ഷപ്പെടുത്താൻ സാധിച്ചതായി അധികൃതർ വ്യക്തമാക്കി. ഇവർ തമിഴ്‌നാട്ടിൽ നിന്നുള്ളവരാണ്.

തീർഥാടനത്തിന്റെ ഭാഗമായി ചൈനീസ് അതിർത്തിയിൽ നിലവിൽ ഇരുനൂറോളം ഇന്ത്യൻ പൗരന്മാർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. ഇവരെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിനായി ബീജിങ്ങിലെ ഇന്ത്യൻ എംബസി ചൈനീസ് അധികൃതരുമായി ചേർന്ന് ഊർജിത ശ്രമങ്ങൾ നടത്തുന്നുണ്ട്.

നേപ്പാളിലെ പ്രളയബാധിത മേഖലകളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഇന്ത്യൻ വ്യോമസേനയുടെ രണ്ട് വിമാനങ്ങൾ കാഠ്മണ്ഡുവിൽ എത്തിച്ചേർന്നിട്ടുണ്ട്. വ്യോമസേനയുടെ സി-130ജെ (C130J), സി-17 (C17) എന്നീ വിമാനങ്ങളിലായി ആകെ 47.5 ടൺ അടിയന്തര ദുരിതാശ്വാസ സാമഗ്രികളാണ് ഇന്ത്യ ഇതിനോടകം അയച്ചിട്ടുള്ളത്. താൽക്കാലിക ഷെൽട്ടറുകൾ, കമ്പിളികൾ, ജനറേറ്ററുകൾ, മരുന്നുകൾ, ആഹാരസാധനങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ദുരന്തബാധിത മേഖലകളിലുള്ളവരെ സഹായിക്കുന്നതിനായി വിദേശകാര്യ മന്ത്രാലയത്തിലും കാഠ്മണ്ഡു, ബീജിങ് ഇന്ത്യൻ എംബസികളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ കൺട്രോൾ റൂമുകൾ സജ്ജീകരിച്ചിട്ടുണ്ട്.

Read More
s
ന്യൂസ് ഡെസ്ക്
View all posts →