റഷ്യയിൽ ഉദ്ഘാടനം നടക്കാനിരുന്ന ഗ്യാസ് കെമിക്കൽ പ്ലാന്റിൽ തീപിടിച്ചു, 6 ചൈനക്കാരടക്കം 7 പേർ മരിച്ചു; 10 ബില്യൺ ഡോളറിന്റെ സംരംഭം റഷ്യൻ പെട്രോകെമിക്കൽ കമ്പനി സിബൂറും ചൈനയുടെ സിനോപെകും ചേർന്നുള്ളത്
റഷ്യയിൽ ഉദ്ഘാടനം നടക്കാനിരുന്ന 10 ബില്യൺ ഡോളറിന്റെ ഗ്യാസ് കെമിക്കൽ കോംപ്ലക്സിൽ വൻ തീപ്പിടിത്തവും സ്ഫോടനവും. റഷ്യയിലെ ഫാർ ഈസ്റ്റേൺ അമുർ മേഖലയിലെ അമുർ ഗ്യാസ് കെമിക്കൽ പ്ലാന്റിനാണ് തീപ്പിടിച്ചത്. അപകടത്തിൽ ആറ് ചൈനക്കാരുൾപ്പെടെ ഏഴുപേർ മരിച്ചു. ഒൻപതുപേരെ കാണാനില്ല. 152 പേർക്ക് പരിക്കുണ്ട്. പ്ലാന്റിൽനിന്ന് വൻ തീജ്വാലകളും കറുത്ത പുകയും ഉയരുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
റഷ്യൻ പെട്രോകെമിക്കൽ കമ്പനിയായ സിബൂറും ചൈനയുടെ സിനോപെകും ചേർന്നുള്ള സംയുക്ത സംരംഭമാണ് ഈ പ്രൊജക്റ്റ്. പ്ലാന്റ് ഉടൻ തുറക്കാൻ നിശ്ചയിച്ചിരുന്നതും, പ്രവർത്തനസജ്ജമാക്കുന്നതിന് മുൻപുള്ള ജോലികൾ നടന്നുകൊണ്ടിരുന്നതുമായിരുന്നു. അപകടത്തെക്കുറിച്ച് റഷ്യൻ അധികൃതർ അന്വേഷണം ആരംഭിച്ചു. വ്യാവസായിക സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചോ എന്നും ദുരന്തത്തിന്റെ യഥാർഥ കാരണമെന്താണെന്നും ഉദ്യോഗസ്ഥർ പരിശോധിച്ചുവരികയാണ്. റഷ്യൻ പെട്രോകെമിക്കൽ കമ്പനിയായ സിബൂറും (Sibur) ചൈനയുടെ ഉടമസ്ഥതയിലുള്ള വമ്പൻ എണ്ണ-വാതക കമ്പനിയായ സിനോപെക്കും (Sinopec) തമ്മിലുള്ള സംയുക്ത സംരംഭമാണ് അമുർ കോംപ്ലക്സ്. നിർമ്മാണ പ്രവർത്തനങ്ങൾ ഏറ്റവും സജീവമായിരുന്ന ഘട്ടത്തിൽ ഏകദേശം 30,000 തൊഴിലാളികൾ ഈ പദ്ധതിയിൽ ഏർപ്പെട്ടിരുന്നതായി അവരുടെ വെബ്സൈറ്റ് വ്യക്തമാക്കുന്നു.
റഷ്യയിലെ അമുർ മേഖലയിലുള്ള സ്വബോഡ്നി (Svobodny) നഗരത്തിന് സമീപമാണ് AGCC നിർമ്മിച്ചുകൊണ്ടിരിക്കുന്നത്. പോളിയെത്തിലീൻ, പോളിപ്രൊപ്പിലീൻ എന്നിവ ഉൽപ്പാദിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ കേന്ദ്രങ്ങളിലൊന്നായി മാറാൻ ലക്ഷ്യമിട്ടുള്ള, ഏകദേശം 10 ബില്യൺ ഡോളർ ചെലവ് വരുന്ന പദ്ധതിയാണിതെന്ന് ‘മോസ്കോ ടൈംസ്’ റിപ്പോർട്ട് ചെയ്യുന്നു.
പൂർണതോതിൽ പ്രവർത്തനസജ്ജമാകുന്നതോടെ പ്രതിവർഷം 2.3 ദശലക്ഷം ടൺ പോളിഎഥിലിനും 400,000 ടൺ പോളിപ്രൊഫൈലിനും ഉത്പാദിപ്പിക്കാൻ ഇതിന് കഴിയുമായിരുന്നു.
സമീപത്തുള്ള അമുർ ഗ്യാസ് പ്രോസസിങ് പ്ലാന്റിൽനിന്നാണ് ഇതിനാവശ്യമായ അസംസ്‌കൃത വസ്തുക്കൾ ലഭിക്കുന്നത്. പ്രതിവർഷം രണ്ടുദശലക്ഷം ടൺ ഈഥെയ്‌നും 1.5 ദശലക്ഷം ടൺ എൽ.പി.ജി.യും ഇവിടെയെത്തിച്ച് പ്ലാസ്റ്റിക് നിർമാണത്തിനുള്ള വസ്തുക്കളാക്കി മാറ്റുകയാണ് പദ്ധതി. 325 ഹെക്ടറിൽ വ്യാപിച്ചുകിടക്കുന്ന ഈ വൻകിട സമുച്ചയംവഴി 1,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2016-ൽ എൻജിനീയർമാരുടെ പരിശീലനത്തോടെ ആരംഭിച്ച പദ്ധതി 2024-ലാണ് കമ്മിഷനിങ് ഘട്ടത്തിലേക്ക് കടന്നത്.
സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുടങ്ങുക വൈകുന്നേരം 6.30 മുതൽ രാത്രി 12.45 വരെയുള്ള പീക്ക് സമയങ്ങളിൽ
ബ്രിക്സ് ഉച്ചകോടിക്ക് ഷി ജിന്പിങ് ഇന്ത്യയിലെത്തും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ചൈന