Friday, 11 September 2026
‘Honest storytelling is a powerful means of change
07:59:44 PM IST
World

നേപ്പാളിലെ മിന്നൽ പ്രളയം: 105 ഇന്ത്യക്കാരെ കാണാനില്ല; വിനോദ സഞ്ചാരത്തിനെത്തിയ 291 വിദേശപൗരന്മാരെ കാണാനില്ലെന്ന് നേപ്പാൾ ടൂറിസം ബോർഡ്

ന്യൂസ് ഡെസ്ക് 26 August 2026, 4:33 pm
SHARE

നേപ്പാളിലെ ടിബറ്റൻ അതിർത്തിക്കടുത്തുള്ള റസുവ ജില്ലയിലുണ്ടായ ശക്തമായ മിന്നൽപ്രളയത്തിൽ നൂറിലേറെ ഇന്ത്യക്കാരുൾപ്പെടെ നിരവധി പേരെ കാണാനില്ല. നേപ്പാൾ ടൂറിസം ബോർഡ് നൽകിയ വിവരങ്ങളനുസരിച്ച് ആകെ കാണാതായത് 291 വിദേശപൗരന്മാരെയാണ്. ഇവരിൽ 105 പേർ ഇന്ത്യക്കാരാണ്. പ്രദേശത്ത് വിനോദസഞ്ചാരത്തിനെത്തിയ സംഘങ്ങളാണ് അപകടത്തിൽപ്പെട്ടതെന്നാണ് സൂചന. മൂന്ന് അമേരിക്കൻ പൗരന്മാരും മലേഷ്യയിൽനിന്നുള്ള 17 പേരും ബ്രിട്ടനിൽനിന്നുള്ള 12 പേരും ദക്ഷിണാഫ്രിക്കയിൽനിന്നുള്ള നാലുപേരും ഓസ്ട്രേലിയ, നെതർലൻഡ്സ് എന്നിവിടങ്ങളിൽനിന്നുള്ള ഓരോരുത്തരും കാണാതായവരിൽ ഉൾപ്പെടുന്നു. ഇതിനുപുറമെ കാണാതായ മറ്റു 103 പേരുടെ രാജ്യം ഏതാണെന്ന് ഇതുവരെ സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല.

ടിബറ്റൻ അതിർത്തിയിൽ നിന്ന് ഒഴുകിയെത്തിയ വെള്ളമാണ് നേപ്പാളിൽ വ്യാപക നാശനഷ്ടം വിതച്ചതെന്ന് നേപ്പാളി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നുവാകോട്ട്, ധാഡിങ് ജില്ലകളിൽ നിന്നായി ഇതുവരെ എട്ട് മൃതദേഹങ്ങൾ കണ്ടെടുത്തതായി സെൻട്രൽ പൊലീസ് അറിയിച്ചു.


ടിബറ്റുമായി അതിർത്തി പങ്കിടുന്ന നേപ്പാളിന്റെ മലയോര താഴ്‌വരകളിലൂടെ ചെളിനിറഞ്ഞ വെള്ളം കുത്തിയൊലിച്ചുവരുന്നതിന്റെ വിഡിയോകൾ നേപ്പാൾ പൊലീസും മറ്റുള്ളവരും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു.

രസുവ ജില്ലയിൽ 26 നേപ്പാൾ പൊലീസ് ഉദ്യോഗസ്ഥരെ കാണാതായതായി അധികൃതർ അറിയിച്ചു. തങ്ങളുടെ ഏഴ് ഉദ്യോഗസ്ഥരെ കാണാതായതായി സായുധ പൊലീസ് സേനയും (എപിഎഫ്) വ്യക്തമാക്കി. ദുരന്തബാധിത പ്രദേശങ്ങളിൽ നേപ്പാൾ സൈന്യം ഹെലികോപ്റ്ററുകളും ദുരന്തനിവാരണ സേനയെയും വിന്യസിച്ചിട്ടുണ്ട്.

നാശനഷ്ടങ്ങളുടെ വിശദാംശങ്ങൾ ശേഖരിച്ചുവരികയാണെന്ന് സൈന്യം പ്രസ്താവനയിൽ അറിയിച്ചു.‘‘നാശനഷ്ടങ്ങളുടെ കൃത്യമായ വ്യാപ്തി ഞങ്ങൾക്ക് അറിയില്ല, പക്ഷേ പ്രളയം വളരെ വലുതാണ്, ഇത് ഒട്ടേറെ ജനവാസ മേഖലകളെ ബാധിച്ചിട്ടുണ്ടാകാം.’’– നേപ്പാൾ പൊലീസ് വക്താവ് അബി നാരായൺ കാഫ്ലെ പറഞ്ഞു. നദീതീരങ്ങളിൽ താമസിക്കുന്നവരോട് മാറിത്താമസിക്കാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും തങ്ങളുടെ എല്ലാ സജ്ജീകരണങ്ങളും രംഗത്തിറക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More
s
ന്യൂസ് ഡെസ്ക്
View all posts →