Friday, 11 September 2026
‘Honest storytelling is a powerful means of change
07:59:27 PM IST
World

നേപ്പാളിൽ മിന്നൽപ്രളയം, ഗ്രാമങ്ങൾ ഒലിച്ചുപോയി; ഏഴ് പേർ മരിച്ചു, 40 ഓളം സുരക്ഷാ ഉദ്യോഗസ്ഥരെ കാണാതായി

ന്യൂസ് ഡെസ്ക് 26 August 2026, 3:03 pm
SHARE

നേപ്പാളിൽ ടിബറ്റൻ അതിർത്തിയോട് ചേർന്നുള്ള പ്രദേശത്തുണ്ടായ മിന്നൽ പ്രളയത്തിൽ ഒട്ടേറെ ഗ്രാമങ്ങൾ ഒലിച്ചുപോയി. നേപ്പാളിലെ ടിബറ്റൻ അതിർത്തിക്കടുത്തുള്ള റസുവ ജില്ലയിലുണ്ടായ മിന്നൽപ്രളയത്തിലാണ് വൻ നാശനഷ്ടം ഉണ്ടായിരിക്കുന്നത്. മലയോര ജില്ലയായ രസുവയിലെ ശ്യാപ്രു ബേസി, തിമുറെ എന്നീ പ്രദേശങ്ങളെയാണ് വെള്ളപ്പൊക്കം രൂക്ഷമായി ബാധിച്ചതെന്ന് നേപ്പാൾ സർക്കാർ അറിയിച്ചു. ഏഴ് പേർ മരിക്കുകയും 40 ഓളം സുരക്ഷാ ഉദ്യോഗസ്ഥരെ കാണാതായതായുമാണ് വിവരം.വൻതോതിൽ ആളപായമുണ്ടായേക്കാമെന്ന് മുന്നറിയിപ്പ് നൽകിയ അധികൃതർ, നദീതീരങ്ങളിൽ താമസിക്കുന്നവരോട് സുരക്ഷിതമായ ഉയർന്ന പ്രദേശങ്ങളിലേക്ക് മാറിത്താമസിക്കാൻ ആവശ്യപ്പെട്ടു.

ഭോട്ടെ കോശി നദീതീരത്തുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്നും നേപ്പാൾ അധികൃതർ ആവശ്യപ്പെട്ടു. ബുധനാഴ്ച രാവിലെ ഭോട്ടെ കോശി നദിയിൽ പെട്ടെന്ന് വെള്ളം ഉയർന്നതോടെയാണ് മിന്നൽപ്രളയത്തിലേക്ക് കാര്യങ്ങൾ നീങ്ങിയത്. പ്രളയത്തിൽ ഒട്ടേറെ വീടുകളും വാഹനങ്ങളും പാലങ്ങളും തകർന്നു. തിമുരെ, സ്യാബ്രുബെസി തുടങ്ങിയ അതിർത്തിപ്രദേശങ്ങളെയാണ് പ്രളയം ഏറ്റവും രൂക്ഷമായി ബാധിച്ചത്. കുതിച്ചെത്തുന്ന വെള്ളം ഗ്രാമങ്ങളെ തുടച്ചുനീക്കിക്കൊണ്ട് മുന്നോട്ടുപോകുന്ന ഭയാനകമായ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

രക്ഷാപ്രവർത്തനങ്ങൾക്കും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമായി പൊലീസിനെയും സൈന്യത്തെയും സന്നദ്ധസംഘങ്ങളെയും നിയോഗിച്ചതായി നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ അറിയിച്ചു. ‘‘താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്ന ജനങ്ങളെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. നദീതീരത്തുള്ളവർ അതീവ ജാഗ്രത പുലർത്തണം.’’ എന്നും സർക്കാർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

ടിബറ്റിൽ നിന്ന് ഉദ്ഭവിച്ച് നേപ്പാളിലെ തൃശൂലി നദിയിലേക്ക് ഒഴുകിയെത്തുന്നതാണ് ഭോട്ടെ കോശി നദി. ഈ നദി പിന്നീട് ഇന്ത്യയിലേക്ക് പ്രവേശിച്ച് ഗണ്ഡക് നദിയായി മാറുന്നു. കഴിഞ്ഞ വർഷം ഭോട്ടെ കോശി നദിയിലുണ്ടായ വെള്ളപ്പൊക്കത്തിൽ ഒൻപത് പേർ മരിക്കുകയും 24 പേരെ കാണാതാവുകയും ചെയ്തിരുന്നു. അന്ന് നേപ്പാളിനെയും ചൈനയെയും ബന്ധിപ്പിക്കുന്ന ‘ഫ്രണ്ട്ഷിപ് ബ്രിഡ്ജ്’ ഒലിച്ചുപോയതിനെ തുടർന്ന് മാസങ്ങളോളം ഗതാഗതവും കച്ചവടവും തടസ്സപ്പെട്ടിരുന്നു.

Read More
s
ന്യൂസ് ഡെസ്ക്
View all posts →