ഇറാനെ ഒതുക്കാൻ ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റുമായി അമേരിക്ക; കടുത്ത ഉപരോധനടപടികളിൽ കുടുങ്ങി 4 ഇന്ത്യൻ കമ്പനികളും
ഇറാന്റെ ജീവവായുവായ എല്ലാ സാമ്പത്തിക സ്രോതസ്സുകളും വിച്ഛേദിക്കുക എന്ന ലക്ഷ്യവുമായി ‘ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്’ എന്ന പേരിൽ കടുത്ത ഉപരോധനടപടികൾ പ്രഖ്യാപിച്ച് അമേരിക്ക രംഗത്തെത്തിയതോടെ കുടുങ്ങി ഇന്ത്യൻ കമ്പനികളും. തിങ്കളാഴ്ച യു.എസ്. ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റാണ് ഇറാനെ സാമ്പത്തികമായി വരിഞ്ഞുമുറുക്കാൻ ലക്ഷ്യമിട്ടുള്ള ‘ഇക്കണോമിക് ഡി-ഡേ’യ്ക്ക് തുടക്കമിട്ടതായി അറിയിച്ചത്.
പുതിയ നീക്കത്തിന്റെ ഭാഗമായി ഇറാനുമായി ബന്ധപ്പെട്ട ഏകദേശം 60 വ്യക്തികൾ, സ്ഥാപനങ്ങൾ, കപ്പലുകൾ എന്നിവയ്ക്കെതിരേ ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഇറാനുമായി വ്യാപാരം തുടരുന്ന രാജ്യങ്ങളെ ഡോളർ അടിസ്ഥാനമാക്കിയുള്ള ധനകാര്യ വ്യവസ്ഥയിൽനിന്ന് പുറത്താക്കുമെന്നും മുന്നറിയിപ്പുണ്ട്. രാജ്യങ്ങൾക്ക് മേൽ ഇരട്ട ഉപരോധമേർപ്പെടുത്തുമെന്നാണ് അമേരിക്കൻ ഭീഷണി.
ഇറാനുമായി വ്യാപാരം ചെയ്യുന്ന രാജ്യങ്ങളെക്കൂടി ലക്ഷ്യമിട്ടാണ് ട്രംപിന്റെ പുതിയ നീക്കം. ഇതിനെ ചൈന അടക്കമുള്ള രാജ്യങ്ങൾ തള്ളിയിട്ടുണ്ട്. ഇറാനുമായി രാജ്യാന്തര നിയമങ്ങൾ അനുസരിച്ചുള്ള വ്യാപാരം തുടരുമെന്നാണ് ചൈനയുടെ പ്രതികരണം. നിലവിൽ ഇറാന്റെ പ്രധാന വ്യാപാര പങ്കാളികളിലൊന്നാണ് ചൈന. ഇതു തുടർന്നാൽ ചൈനീസ് കമ്പനികൾക്കെതിരെ യുഎസ് ഉപരോധമുണ്ടായേക്കും. ഇക്കാര്യത്തില്‍ ചൈന എങ്ങനെ പ്രതികരിക്കുമെന്നത് സാമ്പത്തിക മേഖലയിൽ നിർണായകമാകും. തങ്ങളുടെ സാമ്പത്തിക-ദേശീയ താത്പര്യങ്ങൾക്ക് ഭീഷണിയുണ്ടായാൽ ശക്തമായി പ്രതികരിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ചൈനയും റഷ്യയും അമേരിക്കൻ സമ്മർദത്തിന് വഴങ്ങാതെ തങ്ങളുമായി ബന്ധം തുടരുമെന്ന പ്രതീക്ഷയാണ് ഇറാനുള്ളത്.
ഇറാനിൽനിന്നുള്ള എണ്ണ, പെട്രോകെമിക്കൽ ഉത്‌പന്നങ്ങളുടെ വ്യാപാരത്തിൽ പങ്കാളികളായെന്നാരോപിച്ച് ഇന്ത്യ ആസ്ഥാനമായ നാല് കമ്പനികൾക്കും മൂന്ന് ഇന്ത്യൻ പൗരർക്കും അമേരിക്ക ഉപരോധം ഏർപ്പെടുത്തി. പോർട്ട്ഈസ് പാർട്ണേഴ്സ്, സദാശിവ ഓവർസീസ്, പി.പി. സോഫ്റ്റ്ടെക്, പ്രകൃതീസ് ഇൻഫ്ര ഇംപെക്സ് ഇന്ത്യ എന്നിവയാണ് കമ്പനികൾ. ഇവർ ഇറാനിൽനിന്നുള്ള എണ്ണയുടെ ഇടപാടുകളിൽ അറിവോടെയും നേരിട്ടും പങ്കെടുത്തെന്നാണ് ആരോപണം. പോർട്ട്ഈസ് പാർട്ണേഴ്സ് കമ്പനിയുടെ പങ്കാളികളായ ഇന്ദ്രിസ്മിയ അഷറഫ്മിയ ഷെയ്ഖ്, ഹരീഷ് രാമചന്ദ്ര റങ്കി എന്നിവരെയും ഉപരോധപ്പട്ടികയിൽ ഉൾപ്പെടുത്തി.
ഇറാന്റെ പ്രധാന വരുമാന സ്രോതസ്സായ എണ്ണക്കയറ്റുമതിയാണ് അമേരിക്കയുടെ ഉന്നം. ഇറാനിയൻ എണ്ണ അന്താരാഷ്ട്ര വിപണിയിലെത്തിക്കാൻ സഹായിക്കുന്ന വ്യാപാരികൾ, ഇടനിലക്കാർ, കപ്പൽ കമ്പനികൾ, ടാങ്കറുകൾ തുടങ്ങിയവ ഉപരോധപരിധിയിൽ വരുന്നു. ഉപരോധം മറികടക്കാൻ ഉപയോഗിക്കുന്ന ‘ഷാഡോ ഫ്ലീറ്റ്’ കപ്പൽശൃംഖലകളും ലക്ഷ്യമിടുന്നു. കപ്പലുകളുടെ ഉടമസ്ഥാവകാശം മറച്ചുവെച്ചും ഇടനില കമ്പനികളെ ഉപയോഗപ്പെടുത്തിയും ഇറാനിയൻ എണ്ണയുടെ ഉറവിടം മറച്ചുവെക്കുന്ന ശൃംഖലകളെ തകർക്കാനാണ് ശ്രമം. ഇറാന്റെ ആണവ-മിസൈൽ സാങ്കേതികവിദ്യാ സംഭരണം, സൈബർ പ്രവർത്തനങ്ങൾ, എണ്ണവരുമാനം എന്നിവയ്ക്ക് സഹായം നൽകുന്ന ശൃംഖലകളെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. ഇറാൻ തകർച്ചയിലാണെന്നും ചരിത്രത്തിലെ തന്നെ വലിയ മാനുഷിക പ്രതിസന്ധി നേരിടുകയാണെന്നും യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറയുകയും ചെയ്തു. എണ്ണയ്ക്കുപുറമേ ഡിജിറ്റൽ ആസ്തികൾ, സാങ്കേതികവിദ്യ, സ്വർണം, വ്യോമയാനം, കപ്പൽഗതാഗതം തുടങ്ങിയ മേഖലകളിലേക്കും ഉപരോധം. ഇറാന്റെ സൈനിക-തന്ത്രപ്രധാന പദ്ധതികൾക്ക് ആവശ്യമായ സാങ്കേതികവിദ്യയും ഉപകരണങ്ങളും ലഭ്യമാക്കുന്നത് തടയുകയാണ് ലക്ഷ്യം.
ഇറാനെ സൈനികമായി ആക്രമിക്കുന്നതിനു പകരം സാമ്പത്തികമായി ഒറ്റപ്പെടുത്താനുള്ള നീക്കത്തിൽ എണ്ണവില ഇടിഞ്ഞു. ബ്രെന്റ് ക്രൂഡോയിൽ വില ബാരലിന് രണ്ടര ശതമാനത്തോളം ഇടിഞ്ഞ് 86.55 ഡോളറിലെത്തി. ഡബ്ല്യുടിഐ 80 ഡോളറിലും യുഎഇയുടെ മർബൻ 93.44 ഡോളറിലുമാണ്. ഇറാനെതിരെ ചുമത്തിയ സാമ്പത്തിക ഉപരോധം പ്രതീക്ഷിച്ചതിനേക്കാൾ കുറവാണെന്ന വിലയിരുത്തലിലാണ് വിപണി.
സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുടങ്ങുക വൈകുന്നേരം 6.30 മുതൽ രാത്രി 12.45 വരെയുള്ള പീക്ക് സമയങ്ങളിൽ
ബ്രിക്സ് ഉച്ചകോടിക്ക് ഷി ജിന്പിങ് ഇന്ത്യയിലെത്തും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ചൈന