Friday, 11 September 2026
‘Honest storytelling is a powerful means of change
08:23:50 PM IST
National

എൻഡോസ്കോപ്പി ക്യാമറ ഉപയോഗിച്ച് പരീക്ഷാ ചോദ്യപേപ്പർ ചോർത്തി, വിറ്റത് 11,000 രൂപയ്ക്ക്; പ്രൊഫസറും ആറ് വിദ്യാർത്ഥികളും അറസ്റ്റിൽ

ന്യൂസ് ഡെസ്ക് 23 August 2026, 4:05 pm
SHARE

ഛത്തീസ്ഗഢിൽ കാർഷിക സർവകലാശാല പരീക്ഷാ പേപ്പർ ചോർച്ച കേസിൽ പ്രൊഫസർ ഉൾപ്പെടെ ആറ് പേർ അറസ്റ്റിൽ. സീൽ ചെയ്ത കവറിൽ സൂചികൊണ്ട് ദ്വാരമുണ്ടാക്കി എൻഡോസ്കോപ്പ് ക്യാമറ വഴി ചോദ്യങ്ങൾ പകർത്തിയെന്നാണ് പൊലീസ് കണ്ടെത്തൽ. ചോദ്യങ്ങൾ 11,000 രൂപയ്ക്ക് വിദ്യാർത്ഥികൾക്ക് വിറ്റതായും രണ്ട് പേർ ഒളിവിലാണെന്നും പൊലീസ് അറിയിച്ചു.

ഇന്ദിരാഗാന്ധി കൃഷി വിശ്വവിദ്യാലയത്തിലെ ചോദ്യപ്പേപ്പർ ചോർച്ച കേസിൽ പ്രൊഫസറും അഞ്ച് വിദ്യാർഥികളും റായ്പൂർ പൊലീസിന്റെ പിടിയിൽ. പരാതി ലഭിച്ച് 36 മണിക്കൂറിനുള്ളിലാണ് അറസ്റ്റ്. ബി.എസ്.സി രണ്ടാം വർഷ എൻഡമോളജി പരീക്ഷയുടെ പേപ്പറാണ് ചോർന്നത്. സൈബർ സെല്ലിന്റെ സഹായത്തോടെ ഡിജിറ്റൽ തെളിവുകൾ പിന്തുടർന്നാണ് നൂറോളം ഉദ്യോഗസ്ഥരടങ്ങിയ സംഘം പ്രതികളെ പിടികൂടിയത്.

ദുർഗിലെ ഭാരതി അഗ്രികൾച്ചർ കോളജ് പ്രൊഫസർ യോഗേഷ് സോൻകേസരിയാണ് ചോദ്യപ്പേപ്പർ ചോർച്ചയുടെ പ്രധാന സൂത്രധാരനെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ഒരു വർഷമായി സർവകലാശാലയിൽ നിന്ന് ചോദ്യപ്പേപ്പറുകൾ എത്തിക്കുന്നതും ഉത്തരക്കടലാസുകൾ സമർപ്പിക്കുന്നതും ഈ പ്രൊഫസറായിരുന്നു. ഓഗസ്റ്റ് 17ന് സീൽ ചെയ്ത കവർ വീട്ടിലെത്തിച്ച ശേഷം ദ്വാരമുണ്ടാക്കി എൻഡോസ്കോപ്പ് ക്യാമറയിലൂടെ ചോദ്യപ്പേപ്പർ പകർത്തിയെന്നാണ് കണ്ടെത്തൽ.

ക്യാമറ അവസാന പേജുകൾ വരെ എത്താതിരുന്നതിനാൽ 18 ചോദ്യങ്ങൾ മാത്രമാണ് റെക്കോർഡ് ചെയ്യാൻ സാധിച്ചത്. തുടർന്ന് ഈ വീഡിയോ കണ്ട് ചോദ്യങ്ങൾ എഴുതിയെടുത്ത പ്രതി, 11,000 രൂപയ്ക്കാണ് ചോദ്യ പേപ്പർ വിറ്റത്. പേപ്പർ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ സർവകലാശാല പരീക്ഷ റദ്ദാക്കി അന്വേഷണം പ്രഖ്യാപിച്ചു.

പ്രധാന പ്രതിയായ പ്രൊഫസറും അഞ്ച് വിദ്യാർഥികളും നിലവിൽ കസ്റ്റഡിയിലാണ്. ഒളിവിൽ പോയ രണ്ട് പ്രതികൾക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി. സുരക്ഷാ വീഴ്ച പരിശോധിക്കുന്നതിന്റെ ഭാഗമായി കോളജ് പ്രിൻസിപ്പലിനെയും ഡീനിനെയും ചോദ്യം ചെയ്യും. ചോദ്യപ്പേപ്പർ ചോർച്ചയിൽ മുഖ്യമന്ത്രി വിഷ്ണു ദേവ് സായ് അതൃപ്തി രേഖപ്പെടുത്തി. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് സർവകലാശാല അഞ്ചംഗ സമിതിയെ നിയോഗിച്ചു.

Read More
s
ന്യൂസ് ഡെസ്ക്
View all posts →