Friday, 11 September 2026
‘Honest storytelling is a powerful means of change
08:30:21 PM IST
Kerala

‘സിപിഐയുടെ അഭിമാനത്തിന് വിലയിടാൻ ആരെയും അനുവദിക്കില്ല’; പിണറായിയെ തിരുത്തി ബിനോയ് വിശ്വം

ന്യൂസ് ഡെസ്ക് 22 August 2026, 3:45 pm
SHARE

നിയമസഭയിലെ ഉപനേതൃസ്ഥാനം സംബന്ധിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നടത്തിയ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പിണറായിയുടെ പരാമർശം അദ്ദേഹം വഹിക്കുന്ന പദവിക്ക് നിരക്കാത്തതാണെന്ന് ബിനോയ് വിശ്വം പറഞ്ഞു. സി.പി.ഐയുടെ അഭിമാനത്തിന് വിലയിടാൻ ഒരു നേതാവിനും അവകാശമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഉപനേതൃസ്ഥാനം സംബന്ധിച്ച വിഷയം സി.പി.ഐയും സി.പി.എമ്മും ചർച്ചയ്ക്കായി മാറ്റിവെച്ചതാണ്. തർക്കവിഷയങ്ങൾ ഏകപക്ഷീയമായി പരിഹരിക്കാനാകില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. പിണറായിയുടെ പരാമർശം അദ്ദേഹത്തിന്റെ രാഷ്ട്രീയ പക്വതയ്ക്കോ എൽ.ഡി.എഫിന്റെ രാഷ്ട്രീയ സംസ്കാരത്തിനോ യോജിക്കുന്നതല്ലെന്നും അദ്ദേഹം വിമർശിച്ചു.

പ്രതിപക്ഷ ഉപനേതാവ് പദവി വേണമെന്ന നിലപാടിൽ നിന്ന് സി.പി.ഐ ഒരുവിധത്തിലും പിന്നോട്ടുപോകില്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. നിയമസഭയിൽ പാർലമെന്ററി യോഗങ്ങളോ കമ്മിറ്റികളോ എൽ.ഡി.എഫിന്റെതായി ഉണ്ടാകില്ലെന്ന നിലപാടും അദ്ദേഹം അറിയിച്ചു. എൽ.ഡി.എഫ് യോഗത്തിൽ നിന്ന് വിട്ടുനിൽക്കാൻ സി.പി.ഐ തീരുമാനിച്ചിട്ടില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ടതും അതിൽ പങ്കെടുത്തതും അതിന്റെ ഭാഗമായാണ്.

ചർച്ചയിൽ പങ്കെടുത്തവരെല്ലാം ഉപനേതൃസ്ഥാനം സംബന്ധിച്ച് വിട്ടുവീഴ്ച വേണ്ടെന്ന നിലപാടാണ് സ്വീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. നിയമസഭയിൽ പ്രത്യേക ബ്ലോക്കായി ഇരിക്കണമെന്ന ആവശ്യം ഉയർന്നിരുന്നെങ്കിലും അതിന്റെ ആവശ്യമില്ലെന്നാണ് സി.പി.ഐയുടെ നിലപാടെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.

Read More
s
ന്യൂസ് ഡെസ്ക്
View all posts →