Friday, 11 September 2026
‘Honest storytelling is a powerful means of change
08:35:53 PM IST
Kerala

ഹിന്ദുത്വ മുഖമൂടിക്ക് പിന്നിലെ അഴിമതി; അവഗണനയിൽ നീറി നേതാക്കൾ, കേരള ബിജെപിയെ വിഴുങ്ങി സുപ്രീമോ ഭരണം

Saj Kurian 20 August 2026, 6:01 pm
SHARE

അച്ചടക്കമുള്ള പാർട്ടിയെന്ന സംഘപരിവാർ അവകാശവാദത്തിന്റെ പൊള്ളത്തരം കേരളത്തിൽ പൂർണ്ണമായും തുറന്നുകാട്ടപ്പെടുകയാണ്. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ കോർപ്പറേറ്റ് ഏകാധിപത്യത്തിന് കീഴിൽ കേരള ബിജെപി ഇപ്പോൾ കേവലം ഒരു അഴിമതി കേന്ദ്രമായും കൊടിയ അധികാര വടംവലികളുടെ വേദിയായും അധഃപതിച്ചിരിക്കുന്നു. ഡൽഹിയിലെ എസി മുറികളിലിരുന്ന് കോർപ്പറേറ്റ് കമ്പനി നടത്തുന്ന ശൈലിയിൽ കേരളത്തിലെ പാർട്ടിയെ നയിക്കാൻ ശ്രമിക്കുന്ന ഈ ‘സുപ്രീമോ’ ഭരണം ബിജെപിയുടെ അടിത്തറയാണ് തോണ്ടുന്നത്. ചരിത്രത്തിലില്ലാത്ത വിധത്തിലുള്ള ഗ്രൂപ്പ് പോരിലേക്കും വിഭാഗീയതയിലേക്കുമാണ് ഈ നേതൃത്വം പാർട്ടിയെ തള്ളിയിട്ടിരിക്കുന്നത്.

പതിറ്റാണ്ടുകളായി പാർട്ടിക്കുവേണ്ടി വിയർപ്പൊഴുക്കിയ ജനകീയ നേതാക്കളെ മുഴുവൻ വെട്ടിനിരത്തിക്കൊണ്ടാണ് അദ്ദേഹം തന്റെ സിംഹാസനം ഉറപ്പിക്കുന്നത്. പാർട്ടിക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ശോഭ സുരേന്ദ്രനെപ്പോലുള്ള മുതിർന്ന നേതാക്കൾ പരസ്യമായി മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരയുകയും തന്നെ പൂർണ്ണമായും തഴഞ്ഞുവെന്ന് തുറന്നുപറയുകയും ചെയ്തത് ഈ സ്വേച്ഛാധിപത്യത്തിന്റെ ഏറ്റവും വലിയ തെളിവാണ്. അതുപോലെ തന്നെ, എം.ടി. രമേശിനെപ്പോലുള്ള താഴെത്തട്ടിൽ വലിയ സ്വാധീനമുള്ള നേതാക്കളെ ബോധപൂർവ്വം മൂലക്കിരുത്തി, തന്നെ സ്തുതിക്കുന്ന ഒരു ചെറുസംഘത്തെ മാത്രം വളർത്താനാണ് സംസ്ഥാന അധ്യക്ഷൻ ശ്രമിക്കുന്നത്.

​വിഭാഗീയത ഇല്ലാതാക്കാൻ വന്ന അധ്യക്ഷൻ പുതിയൊരു വിഭാഗം സൃഷ്ടിക്കുന്നതാണ് കേരളം കാണുന്നത്. മുൻ അധ്യക്ഷന്മാരായ കെ. സുരേന്ദ്രനെയും വി. മുരളീധരനെയും പാർട്ടിയുടെ സുപ്രധാന കോർ കമ്മിറ്റി യോഗത്തിലേക്ക് പോലും ക്ഷണിക്കാതെ ഒഴിവാക്കിയ നടപടി രാജീവ് ചന്ദ്രശേഖറിന്റെ ധാർഷ്ട്യവും ഏകാധിപത്യവും എത്രത്തോളം ഭീകരമാണെന്ന് വ്യക്തമാക്കുന്നു. തന്നെ ചോദ്യം ചെയ്യാൻ ആരുമുണ്ടാകരുതെന്ന പിടിവാശിയിൽ പി.കെ. കൃഷ്ണദാസ് പക്ഷവുമായി ചേർന്ന് അദ്ദേഹം നടത്തുന്ന ഈ വിഴുപ്പലക്കൽ പാർട്ടിയെ നെടുകെ പിളർത്തിയിരിക്കുകയാണ്.

തനിക്കെതിരെ പാർട്ടിയിൽ മറ്റൊരു അധികാര കേന്ദ്രം വളർന്നുവരരുത് എന്ന വാശിയിൽ, നിയമസഭാ കക്ഷി നേതാവായി മുതിർന്ന നേതാവ് വി. മുരളീധരനെ നിയമിക്കണമെന്ന ഭൂരിപക്ഷ തീരുമാനത്തെ അട്ടിമറിച്ചതും ഇതേ കോർപ്പറേറ്റ് ഈഗോ തന്നെയാണ്. ഈ കോർപ്പറേറ്റ് യുദ്ധത്തിൽ സഹികെട്ട് ജനകീയ മുഖമുള്ള നേതാക്കൾ പാർട്ടിയിൽ നിന്ന് കൂട്ടത്തോടെ കൊഴിഞ്ഞുപോകുകയാണ്. കഴിഞ്ഞ ദിവസം പാർട്ടി വിട്ട പ്രമുഖ നടനും സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന ദേവൻ ഈ അവഗണനയുടെയും അഹങ്കാരത്തിന്റെയും മറ്റൊരു ഇരയാണ്. ശ്രീനാരായണ ഗുരുവിന്റെ ആദർശങ്ങൾക്ക് ബിജെപിയിൽ യാതൊരു സ്ഥാനവുമില്ലെന്നും, പാർട്ടി പൂർണ്ണമായും സവർണ്ണ അജണ്ടകളിലേക്ക് ചുരുങ്ങിയെന്നും അദ്ദേഹം തുറന്നടിച്ചു.

സംസ്ഥാന അധ്യക്ഷനെ ഫോണിൽ വിളിക്കാൻ ആറുമാസമായി ശ്രമിച്ചിട്ടും കിട്ടിയില്ലെന്ന വെളിപ്പെടുത്തൽ രാജീവ് ചന്ദ്രശേഖറിന്റെ സഹപ്രവർത്തകരോടുള്ള പുച്ഛമാണ് കൃത്യമായി വെളിവാക്കുന്നത്. ഒരു വശത്ത് ഉന്നത ആശയങ്ങൾ പ്രസംഗിക്കുകയും മറുവശത്ത് കോടിക്കണക്കിന് രൂപ കൊള്ളയടിക്കുകയും ചെയ്യുന്ന ബിജെപിയുടെ തനിനിറം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളം വീണ്ടും കണ്ടതാണ്. തിരഞ്ഞെടുപ്പ് ഫണ്ടിൽ നിന്നും 12 കോടി രൂപയുടെ വൻ തിരിമറിയാണ് സംസ്ഥാന നേതൃത്വം നടത്തിയത്.

സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെയും അദ്ദേഹത്തിന്റെ വിശ്വസ്തനായ ജനറൽ സെക്രട്ടറി എസ്. സുരേഷിന്റെയും നേരിട്ടുള്ള മേൽനോട്ടത്തിലാണ് ഈ കോടികളുടെ ഫണ്ട് കൈകാര്യം ചെയ്തത് എന്ന് പാർട്ടി നേതാക്കൾ തന്നെ കോർ കമ്മിറ്റിയിൽ തുറന്നടിക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ഹെലികോപ്റ്റർ യാത്രയുടെയും സോഷ്യൽ മീഡിയ ക്യാമ്പയിനുകളുടെയും വ്യാജ ബില്ലുകളുടെയും മറവിൽ ഉന്നത നേതാക്കൾ സ്വന്തം പോക്കറ്റ് വീർപ്പിച്ചു.

താഴെത്തട്ടിലുള്ള പ്രവർത്തകർ പോസ്റ്ററൊട്ടിക്കാൻ പോലും പണമില്ലാതെ കഷ്ടപ്പെട്ടപ്പോൾ നേതൃത്വം നടത്തിയ ഈ വൻ കൊള്ള കൊടകര കുഴൽപ്പണ കേസിന്റെ തുടർച്ച മാത്രമാണ്. മുതിർന്ന നേതാക്കൾ ഇതിനെതിരെ പരസ്യമായി രംഗത്തുവന്നിട്ടും വിശ്വസ്തർക്കെതിരെ നടപടിയെടുക്കാൻ അധ്യക്ഷൻ തയ്യാറാകുന്നില്ല എന്നത് ഈ അഴിമതിയിൽ നേതൃത്വത്തിനുള്ള പങ്ക് വ്യക്തമാക്കുന്നു.

​ഇതിനെല്ലാം പുറമെ, ഇടതുപക്ഷത്തെ തകർക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ കോൺഗ്രസുമായി ബിജെപി ഉണ്ടാക്കിയിട്ടുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് മറ്റൊരു ഗൗരവകരമായ വിഷയം. പ്രതിപക്ഷ നേതാവായ പിണറായി വിജയനെ രാഷ്ട്രീയമായി വേട്ടയാടാനും കേരളത്തിന്റെ വികസനം മുരടിപ്പിക്കാനും, നിലവിലെ യുഡിഎഫ് മുഖ്യമന്ത്രിയായ വി.ഡി. സതീശനുമായി കേരള ബിജെപി നേതൃത്വം രഹസ്യ സഖ്യത്തിലേർപ്പെട്ടിരിക്കുകയാണ്. പുറമെ പരസ്പരം പോരടിക്കുന്നതായി അഭിനയിക്കുമ്പോഴും, ഭരണതലത്തിലും രാഷ്ട്രീയ നീക്കങ്ങളിലും യുഡിഎഫും ബിജെപിയും തമ്മിൽ അണിയറയിൽ വ്യക്തമായ ധാരണയുണ്ട്.

വർഗ്ഗീയ അജണ്ടകളും കോർപ്പറേറ്റ് ഫണ്ടും ഉപയോഗിച്ച് വോട്ടുബാങ്ക് രാഷ്ട്രീയത്തിനായി ഇവർ നടത്തുന്ന ഈ ഒത്തുകളി കേരളത്തിന്റെ മതേതര രാഷ്ട്രീയ പ്രബുദ്ധതയെ അപഹസിക്കുന്നതാണ്. ചുരുക്കത്തിൽ, അഴിമതി, ഏകാധിപത്യം, രൂക്ഷമായ ഗ്രൂപ്പുവഴക്ക്, വർഗ്ഗീയത എന്നിവയ്ക്ക് പുറമെ അധികാരത്തിന് വേണ്ടിയുള്ള രഹസ്യ ബാന്ധവങ്ങളുടെയും ഒരു കൂടാരമായി കേരള ബിജെപി പൂർണ്ണമായും തകർന്നിരിക്കുന്നു. ജനങ്ങളുടെ യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് ഒളിച്ചോടി, സ്വന്തം ഈഗോയും സാമ്പത്തിക താത്പര്യങ്ങളും മാത്രം ലക്ഷ്യമിട്ടുള്ള രാജീവ് ചന്ദ്രശേഖറിന്റെ ഈ കോർപ്പറേറ്റ് വലതുപക്ഷ രാഷ്ട്രീയത്തെ കേരളം തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

Read More
s
Saj Kurian
View all posts →