‘സൗദി അറേബ്യയില്‍ പന്നി ഇറച്ചി വില്‍പ്പന നടത്തുന്ന ഹോട്ടല്‍ തുടങ്ങുകയാണെന്ന് വ്യാജ പ്രചാരണം’; പരാതിയുമായി റാപ്പർ വേടൻ
സൗദി അറേബ്യയിൽ പന്നിയിറച്ചി വിൽക്കുന്ന ഹോട്ടൽ തുടങ്ങാൻ പദ്ധതിയിടുന്നുവെന്ന വ്യാജപ്രചാരണത്തിനെതിരെ റാപ്പർ വേടൻ പരാതി നൽകി. സംസ്ഥാന പൊലീസ് മേധാവിക്കും സൈബർ പൊലീസിനുമാണ് പരാതി നൽകിയത്. പ്രോഗ്രാമുകൾ കൂടുതൽ ലഭിക്കാൻ സാധ്യതയുള്ള സമയങ്ങളിൽ ചിലർ ആസൂത്രിതമായി തനിക്കെതിരെ അപവാദപ്രചാരണം നടത്തുകയാണെന്ന് പരാതിയിൽ വേടൻ ആരോപിച്ചു. സൗദി അറേബ്യയിൽ പന്നിയിറച്ചി വിൽക്കുന്ന ഹോട്ടൽ തുടങ്ങുകയാണ് തന്റെ ലക്ഷ്യമെന്ന തരത്തിൽ ഫേസ്ബുക്കിലൂടെ വ്യാജപ്രചാരണം നടത്തിയവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
Vipin Vijayan, Ashok Perumeth, Majeed Psm എന്നീ പേരുകളിലുള്ള ഫേസ്ബുക്ക് അക്കൗണ്ടുകളിലൂടെ താൻ പറഞ്ഞതോ ചെയ്തതോ അല്ലാത്ത കാര്യങ്ങൾ വസ്തുതാവിരുദ്ധമായും അപകീർത്തികരമായും പ്രചരിപ്പിച്ചെന്നാണ് വേടന്റെ പരാതി. പ്രചരിക്കുന്ന കാര്യങ്ങൾ പൂർണമായും വ്യാജമാണെന്നും അത്തരമൊരു പ്രസ്താവന താൻ നടത്തിയിട്ടില്ലെന്നും പരാതിയിൽ വ്യക്തമാക്കി. വ്യാജവാർത്ത സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി പ്രചരിപ്പിച്ചതിലൂടെ തന്റെ സൽപ്പേരിനും വ്യക്തിപരമായ മാന്യതയ്ക്കും സാമൂഹിക പ്രതിച്ഛായയ്ക്കും ഗുരുതരമായ അപകീർത്തിയുണ്ടായെന്നും വേടൻ പറയുന്നു.
പ്രചാരണത്തിന്റെ സ്വഭാവം സമൂഹത്തിൽ മതസ്പർധയും സാമുദായിക സംഘർഷവും വർധിപ്പിക്കുന്ന തരത്തിലുള്ള തെറ്റിദ്ധാരണകൾക്കും വിരോധങ്ങൾക്കും ഇടയാക്കാൻ സാധ്യതയുണ്ടെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. വ്യാജപ്രചാരണം നടത്തിയ ഫേസ്ബുക്ക് പോസ്റ്റുകൾ നീക്കം ചെയ്യുകയും ഉത്തരവാദികൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുകയും വേണമെന്നാണ് സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ പരാതിയിൽ വേടന്റെ ആവശ്യം.
സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുടങ്ങുക വൈകുന്നേരം 6.30 മുതൽ രാത്രി 12.45 വരെയുള്ള പീക്ക് സമയങ്ങളിൽ
മുഖം നോക്കാതെ പറയേണ്ടത് പറയാൻ വീണ്ടും ‘മാധ്യമവിചാരം’; 16 വർഷങ്ങൾക്ക് ശേഷം ഡിജിറ്റൽ സ്ക്രീനിൽ സെബാസ്റ്റ്യൻ പോൾ!