വിഴിഞ്ഞം റോഡ് കണക്ടിവിറ്റി: മുഖ്യമന്ത്രിയുടെ ആരോപണം വസ്തുതാവിരുദ്ധം; ക്രെഡിറ്റ് തട്ടിയെടുക്കാനുള്ള രാഷ്ട്രീയ അഭ്യാസമെന്ന് പിണറായി വിജയൻ
വിഴിഞ്ഞം പദ്ധതിയുടെ റോഡ് കണക്ടിവിറ്റി എൽഡിഎഫ് സർക്കാർ വൈകിപ്പിച്ചെന്ന മുഖ്യമന്ത്രി വിഡി സതീശന്റെ ആരോപണം വസ്തുതാവിരുദ്ധവും അപഹാസ്യവുമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വിഴിഞ്ഞം പദ്ധതിയുടെ ക്രെഡിറ്റ് ഏറ്റെടുക്കാൻ യുഡിഎഫ് നടത്തുന്ന രാഷ്ട്രീയ നീക്കമാണിതെന്നും പിണറായി വിജയൻ ആരോപിച്ചു. കൊമേഴ്സ്യൽ ഓപ്പറേഷൻ ആരംഭിച്ച വിഴിഞ്ഞം തുറമുഖത്തിന്റെ 100 ശതമാനം പ്രവൃത്തിയും നടന്നത് എൽഡിഎഫ് സർക്കാരിന്റെ കാലത്താണെന്നും പിണറായി വിജയൻ വ്യക്തമാക്കി.
2022ൽ വിഴിഞ്ഞം തുറമുഖ നിർമാണത്തിനെതിരെ സമരം നടന്നപ്പോൾ യുഡിഎഫ് അതിന് പൂർണ പിന്തുണ നൽകിയിരുന്നുവെന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടി. അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി.ഡി. സതീശൻ സമരസ്ഥലം സന്ദർശിച്ച് തുറമുഖ നിർമാണം അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നുവെന്നും പിണറായി വിജയൻ ആരോപിച്ചു. വിലകുറഞ്ഞ സമ്മർദങ്ങൾക്ക് വഴങ്ങാതെ പദ്ധതി മുന്നോട്ടുകൊണ്ടുപോയത് എൽഡിഎഫ് സർക്കാരാണെന്നും പിണറായി വിജയൻ വ്യക്തമാക്കി.
ദേശീയപാത 66-നെ വിഴിഞ്ഞം തുറമുഖവുമായി ബന്ധിപ്പിക്കുന്ന റോഡിനായി ഭൂമി ഏറ്റെടുക്കൽ, നിയമനടപടികൾ, സർക്കാർ അനുമതികൾ തുടങ്ങിയ നടപടികൾ എൽഡിഎഫ് സർക്കാർ വേഗത്തിൽ പൂർത്തിയാക്കിയെന്നും പിണറായി വിജയൻ പറഞ്ഞു. 2022 ഏപ്രിലിൽ ഭൂമി ഏറ്റെടുക്കുന്നതിനുള്ള 4(1) വിജ്ഞാപനം പുറത്തിറക്കിയിരുന്നു. 2024 ഫെബ്രുവരിയിൽ 19(1) വിജ്ഞാപനവും പുറത്തിറക്കി. 2024-25 സാമ്പത്തിക വർഷത്തിൽ ഭൂമി ഏറ്റെടുക്കലിനായി 11 കോടി രൂപ അനുവദിക്കുകയും ചെയ്തു. റോഡ് കണക്ടിവിറ്റിക്ക് അന്തിമ അനുമതി ലഭിച്ച 2024 ജനുവരിയോടെ ആവശ്യമായ 42 സെന്റിൽ 35.81 സെന്റ് ഭൂമിയും ഏറ്റെടുത്തിരുന്നതായും പിണറായി വിജയൻ വ്യക്തമാക്കി.
ബാക്കിയുള്ള ഭൂമി ഏറ്റെടുക്കുന്നതിലും അനുമതികൾ നൽകുന്നതിലും ദേശീയപാത അതോറിറ്റിയാണ് കാലതാമസം വരുത്തിയതെന്നും സ്ഥിരം ക്ലോവർലീഫ് ഇന്റർചേഞ്ചിനും അപ്രോച്ച് റോഡിനുമുള്ള അനുമതി കേന്ദ്രം വൈകിപ്പിച്ചെന്നും പിണറായി വിജയൻ ആരോപിച്ചു. ഇക്കാര്യത്തിൽ ശശി തരൂർ എം.പി. ലോക്സഭയിൽ വിഷയം ഉന്നയിക്കേണ്ടിവന്നതായും ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ പ്രസ്താവനകൾ വസ്തുതാപരമാണോയെന്ന് മാധ്യമങ്ങളും ജനങ്ങളും പരിശോധിക്കുന്നത് സ്വാഗതാർഹമാണെന്നും പിണറായി വിജയൻ പറഞ്ഞു. വസ്തുതാപരമല്ലാത്ത പരാമർശങ്ങൾ മുഖ്യമന്ത്രി ഒഴിവാക്കണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുടങ്ങുക വൈകുന്നേരം 6.30 മുതൽ രാത്രി 12.45 വരെയുള്ള പീക്ക് സമയങ്ങളിൽ
മുഖം നോക്കാതെ പറയേണ്ടത് പറയാൻ വീണ്ടും ‘മാധ്യമവിചാരം’; 16 വർഷങ്ങൾക്ക് ശേഷം ഡിജിറ്റൽ സ്ക്രീനിൽ സെബാസ്റ്റ്യൻ പോൾ!