Friday, 11 September 2026
‘Honest storytelling is a powerful means of change
08:24:43 PM IST
National

‘വിദ്യാർഥി പ്രതിഷേധത്തിനിടെ പോലീസ് AK-47 ഉപയോഗിച്ച് നാല് റൗണ്ട് വെടിയുതിർത്തത് ജീവനും പൊതുമുതലും സംരക്ഷിക്കാൻ’; വിശദീകരണവുമായി ബിഹാർ സർക്കാർ

ന്യൂസ് ഡെസ്ക് 18 August 2026, 11:30 am
SHARE

നീറ്റ് ക്രമക്കേടുകൾക്കെതിരായ വിദ്യാർഥി പ്രതിഷേധത്തിനിടെ AK-47 ഉപയോഗിച്ച് വെടിയുതിർത്ത സംഭവത്തിൽ വിശദീകരണവുമായി ബീഹാർ സർക്കാർ. പ്രതിഷേധക്കാർക്കിടയിൽ കുടുങ്ങിയതുകൊണ്ടാണ് കോൺസ്റ്റബിൾ വെടിവെച്ചതെന്നാണ് സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലെ വിശദീകരണം.

വിദ്യാർഥി സമരത്തിനിടെ കോൺസ്റ്റബിൾ അഭിഷേക് പട്ടേൽ സമരക്കാർക്കിടയിൽ കുടുങ്ങിയെന്നും, ജീവനും പൊതുമുതലും സംരക്ഷിക്കാനായി AK-47 ഉപയോഗിച്ച് നാല് റൗണ്ട് വെടിയുതിർത്തുവെന്നുമാണ് ബിഹാർ സർക്കാരിന്റെ വിശദീകരണം. ജൂലൈ 25ന് സിവാൻ ജില്ലയിൽ നടന്ന ബിഹാർ ബന്ദിനിടെയാണ് ജില്ലാ ഇന്റലിജൻസ് യൂണിറ്റിലെ കോൺസ്റ്റബിൾ അഭിഷേക് പട്ടേൽ AK-47 ഉപയോഗിച്ച് വെടിയുതിർത്തത്.

സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. എന്നാൽ, വെടിവെപ്പിൽ പ്രതിഷേധക്കാർക്ക് പരിക്കേറ്റെന്ന ആരോപണം ബിഹാർ സർക്കാർ നിഷേധിച്ചു. പ്രതിഷേധക്കാർക്ക് ഉണ്ടായ പരിക്കുകൾ AK-47 വെടിവെപ്പിനെ തുടർന്നല്ലെന്നും, കോൺസ്റ്റബിൾ വെടിയുതിർത്ത സ്ഥലത്ത് പരിക്കേറ്റവരാരും ഉണ്ടായിരുന്നില്ലെന്നും സർക്കാർ വ്യക്തമാക്കി.

സംഭവത്തിൽ കോൺസ്റ്റബിൾക്കെതിരെ നടപടി സ്വീകരിച്ചതായി ബിഹാർ സർക്കാർ അറിയിച്ചു. അനഭിലഷണീയമായ പെരുമാറ്റത്തിന്റെ പേരിൽ അദ്ദേഹത്തെ സസ്പെൻഡ് ചെയ്യുകയും വകുപ്പുതല അന്വേഷണം ആരംഭിക്കുകയും ചെയ്തു. AK-47 പ്ലാറ്റൂൺ തലത്തിലുള്ള ആയുധമാണെന്നും പ്രത്യേക ഓപ്പറേഷനുകൾക്ക് മാത്രമാണ് ഉപയോഗിക്കേണ്ടതെന്നും, ക്രമസമാധാന പാലനത്തിനിടെ ഇത് ഉപയോഗിക്കാൻ പാടില്ലെന്നും സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.

സംഭവത്തിൽ പോലീസ് വെടിവെക്കാൻ വ്യക്തമായ നിർദേശം നൽകിയിരുന്നില്ലെന്ന് സിവാൻ എസ്.പി. പുരൺ കുമാർ ഝാ നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രതിഷേധത്തിനിടെ AK-47 ഉപയോഗിക്കേണ്ട സാഹചര്യം സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. വെടിവയ്ക്കാനോ ആകാശത്തേക്ക് വെടിയുതിർക്കാനോ ഉത്തരവൊന്നും നൽകിയിരുന്നില്ലെന്ന് ജില്ലാ മജിസ്ട്രേറ്റും വ്യക്തമാക്കിയിരുന്നു.

Read More
s
ന്യൂസ് ഡെസ്ക്
View all posts →