Tuesday, 22 September 2026
‘Honest storytelling is a powerful means of change
08:34:26 AM IST
Film News

കാവ്യ മാരനും അനിരുദ്ധ് രവിചന്ദറും വിവാഹിതരാകുന്നു?; ഗ്രീസിൽ നടക്കുന്ന സ്വകാര്യ ചടങ്ങിൽ വിവാഹമെന്ന് റിപ്പോർട്ട്

SHARE

സൺറൈസേഴ്‌സ് ഹൈദരാബാദ് ഉടമ കാവ്യ മാരനും തെന്നിന്ത്യൻ സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും വിവാഹിതരാകുന്നുവെന്ന് റിപ്പോർട്ട്. ഗ്രീസിൽ നടക്കുന്ന സ്വകാര്യ ചടങ്ങിൽ നവംബർ 10ന് ഇരുവരും വിവാഹിതരാകുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ വിവാഹവുമായി ബന്ധപ്പെട്ട് ഇരുവരുടെയും കുടുംബങ്ങളിൽ നിന്നോ ഔദ്യോഗിക വൃത്തങ്ങളിൽ നിന്നോ സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഈ വർഷം അവസാനത്തോടെ സ്പെയിനിൽ വെച്ച് ഇരുവരും വിവാഹിതരാകുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ.

കാവ്യയും അനിരുദ്ധും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ വർഷങ്ങളായി പ്രചരിക്കുന്നുണ്ട്. ദീപാവലിക്ക് രണ്ട് ദിവസത്തിന് ശേഷം നടക്കുന്ന വിവാഹത്തിനായി ഇരുവരും കുടുംബാംഗങ്ങൾക്കൊപ്പം ഗ്രീസിലേക്ക് പോകുമെന്നാണ് ഇപ്പോഴത്തെ റിപ്പോർട്ട്. എന്നാൽ ഗ്രീസിൽ എവിടെയാണ് വിവാഹച്ചടങ്ങുകൾ നടക്കുന്നതെന്നോ ചടങ്ങുകളുടെ മറ്റ് വിശദാംശങ്ങളോ പുറത്തുവന്നിട്ടില്ല. അടുത്തിടെ അനിരുദ്ധിന്റെ ബന്ധുവും നടനുമായ വൈ.ജി. മഹേന്ദ്ര അനിരുദ്ധിന്റെ വിവാഹം ഉടൻ ഉണ്ടാകുമെന്ന് ഒരു അഭിമുഖത്തിൽ പറഞ്ഞതോടെയാണ് അഭ്യൂഹങ്ങൾക്ക് വീണ്ടും ശക്തി ലഭിച്ചത്.

അനിരുദ്ധിനെക്കുറിച്ച് സംസാരിക്കുന്നതിനിടെ കാവ്യയെ പ്രശംസിച്ച മഹേന്ദ്രയുടെ പരാമർശവും ശ്രദ്ധ നേടിയിരുന്നു. അനിരുദ്ധ് ശാന്തനായ വ്യക്തിയാണെന്നും വിവാഹം ഉടൻ നടക്കുമെന്നാണ് താൻ കേട്ടതെന്നും അദ്ദേഹം പറഞ്ഞു. വലിയൊരു ടീമിനെ നയിക്കാനുള്ള കഴിവുള്ള വ്യക്തിയാണ് കാവ്യയെന്നും ഇരുവരും മികച്ച ജോഡിയാണെന്നും മഹേന്ദ്ര അഭിപ്രായപ്പെട്ടു. 34 വയസ്സുകാരിയായ കാവ്യ സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ സിഇഒയും സൺ ടിവി നെറ്റ്‌വർക്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറുമാണ്. സൺ ഗ്രൂപ്പ് ചെയർമാൻ കലാനിധി മാരന്റെയും കാവേരി കലാനിധിയുടെയും മകളാണ് കാവ്യ.

അതേസമയം, 35 വയസ്സുകാരനായ അനിരുദ്ധ് രവിചന്ദർ കരിയറിന്റെ ഏറ്റവും മികച്ച ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. നടൻ രവി രാഘവേന്ദ്രയുടെയും നർത്തകി ലക്ഷ്മിയുടെയും മകനായ അനിരുദ്ധ്, ധനുഷ് നായകനായ ‘3’ എന്ന ചിത്രത്തിലൂടെയാണ് സംഗീതസംവിധായകനായി അരങ്ങേറ്റം കുറിച്ചത്. തുടർന്ന് തമിഴിന് പുറമെ തെലുങ്ക്, ഹിന്ദി സിനിമകളിലും ശ്രദ്ധേയമായ സംഗീതം ഒരുക്കി. നേരത്തെ കാവ്യയും അനിരുദ്ധും ലാസ് വേഗസിൽ അവധിക്കാലം ചെലവഴിച്ചതായും അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇരുവരുടെയും വിവാഹവാർത്തയിൽ ഔദ്യോഗിക സ്ഥിരീകരണം വരാനിരിക്കുന്നതേയുള്ളൂ.

Read More
s
എന്‍റര്‍ടൈന്‍മെന്‍റ് ഡെസ്ക്
View all posts →