വിവരം നൽകുന്നവർക്ക് 15 ലക്ഷം രൂപ പാരിതോഷികം; ലഷ്‌കർ ഇ തൊയ്ബ കമാൻഡർ ലത്തീഫ് ഭട്ടിനായി തെരച്ചിൽ ഊർജിതമാക്കി ജമ്മു കശ്മീർ പൊലീസ്
ജമ്മു കശ്മീർ പോലീസ് കേന്ദ്രഭരണ പ്രദേശത്ത് അടുത്തിടെ നടന്ന ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങൾക്ക് പിന്നിലുള്ളയാളാണെന്ന് കരുതപ്പെടുന്ന ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ലത്തീഫ് ഭട്ടിനെ അറസ്റ്റ് ചെയ്യുന്നതിലേക്ക് നയിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് 15 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. ദക്ഷിണ കശ്മീരിലെ നിരവധി ജില്ലകളിലും ജമ്മു പ്രവിശ്യയുടെ ചില ഭാഗങ്ങളിലും ഭട്ടിന്റെ ഫോട്ടോ പതിച്ച ‘വാണ്ടഡ്’ പോസ്റ്ററുകൾ സുരക്ഷാ സേന സ്ഥാപിച്ചിട്ടുണ്ട്.
ലഷ്കർ കമാൻഡറുടെ സ്ഥാനം സംബന്ധിച്ച എന്തെങ്കിലും വിവരങ്ങൾ പങ്കുവെക്കാൻ പോലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. കൂടാതെ വിവരം നൽകുന്നവരുടെ ഐഡന്റിറ്റി കർശനമായി രഹസ്യമായി സൂക്ഷിക്കുമെന്നും ഉറപ്പ് നൽകിയിട്ടുണ്ട്.
ഷോപ്പിയാൻ ഏറ്റുമുട്ടലിലൂടെയാണ് ലഷ്കർ കമാൻഡറായ ഭട്ട് ശ്രദ്ധേയനായത്; ആ ഏറ്റുമുട്ടലിൽ ലഷ്കറിന്റെ ഉന്നത കമാൻഡറായ സാക്കിർ ഗനായിക്കൊപ്പം ഭട്ടും കുടുങ്ങിയിരുന്നു. അഞ്ച് ദിവസം നീണ്ടുനിന്ന ആ ഏറ്റുമുട്ടലിൽ സുരക്ഷാ സേന സാക്കിറിനെ വധിച്ചു. എന്നാൽ ഭട്ട് രക്ഷപെട്ടു. അതിർത്തിക്കപ്പുറത്തുള്ളവരുടെ നിർദ്ദേശപ്രകാരം, ഇതര സംസ്ഥാനക്കാരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങൾ നടത്താനായി ഭട്ട് ‘സ്ലീപ്പർ സെല്ലുകളെ’ (രഹസ്യമായി പ്രവർത്തിക്കുന്ന സംഘങ്ങളെ) വീണ്ടും സജീവമാക്കിയതായി അന്വേഷണ ഏജൻസികൾ സംശയിക്കുന്നു.
കഴിഞ്ഞ മാസം അനന്ത്‌നാഗിൽ നടന്ന ആസൂത്രിതമായ ആക്രമണത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയാണ് ഭട്ട്. ഇതിനു പിന്നാലെ കാശ്മീരിലുടനീളം പോലീസ് ശക്തമായ നടപടികൾ ആരംഭിച്ചിരുന്നു. കഴിഞ്ഞ ആഴ്ച കുൽഗാമിൽ രണ്ട് കുടിയേറ്റ തൊഴിലാളികളെ കൊലപ്പെടുത്തിയ സംഭവത്തിലും ഇയാൾക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നു.
പ്രാഥമിക അന്വേഷണത്തിൽ, ഇരു സംഭവങ്ങളിലും എകെ 47 തോക്കുകൾക്ക് പകരം പിസ്റ്റളാണ് ഭീകരർ ഉപയോഗിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതോടെ ആണ് കൃത്യത്തിന് പിന്നിൽ പ്രാദേശികമായി റിക്രൂട്ട് ചെയ്തവരാണെന്ന അനുമാനത്തിലേക്ക് അന്വേഷണ സംഘം എത്തിയത്. രണ്ട് ആക്രമണങ്ങളുടെയും രീതികൾ ലഷ്കർ ഇ തൊയ്ബയുടെ നിഴൽസംഘടനയായി ജമ്മു കശ്മീരിൽ പ്രവർത്തിക്കുന്ന ദ റസിസ്റ്റൻസ് ഫ്രണ്ടിൻ്റെ രീതികളുമായി സാമ്യമുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
ഉപരോധം പിൻവലിച്ചാൽ 7 ദിവസത്തിനകം ഹോർമുസ് തുറക്കാമെന്ന് ഇറാൻ; ചർച്ചയ്ക്ക് തയ്യാറെന്ന് അമേരിക്ക
രാഹുലിന്റെ ചോരയ്ക്ക് ദാഹിച്ച ഇ.ഡിക്ക് കേരളത്തിൽ റെഡ് കാർപെറ്റ്; സംഘപരിവാറിനായി ഇടതുപക്ഷത്തെ വേട്ടയാടാൻ വി.ഡി സതീശൻ