Friday, 11 September 2026
‘Honest storytelling is a powerful means of change
08:25:09 PM IST
Kerala

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച ആര്‍ രാജേഷിന്റെ മൃതദേഹത്തോട് അനാദരവ്; പയ്യന്നൂര്‍ തഹസില്‍ദാര്‍ക്കെതിരെ കുടുംബം, ആവശ്യം അവഗണിച്ചെന്ന് ആരോപണം

ന്യൂസ് ഡെസ്ക് 7 August 2026, 9:53 am
SHARE

കണ്ണൂര്‍ മീന്തുള്ളിയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച തിരുവനന്തപുരം സ്വദേശി ആര്‍ രാജേഷിന്റെ മൃതദേഹത്തോട് അനാദരവുണ്ടായതില്‍ പയ്യന്നൂര്‍ തഹസില്‍ദാര്‍ക്കെതിരെ ആരോപണവുമായി കുടുംബം രംഗത്ത്. മൃതദേഹം തിരുവനന്തപുരത്ത് എത്തിക്കാന്‍ ഫ്രീസര്‍ സംവിധാനമുള്ള ആംബുലന്‍സ് വേണമെന്ന ആവശ്യം തഹസില്‍ദാര്‍ അവഗണിച്ചെന്നാണ് ആരോപണം. രാജേഷിന്റെ മൃതദേഹം കണ്ണൂരില്‍ നിന്ന് ചാവക്കാട് വരെ എത്തിച്ചത് ഫ്രീസറില്ലാത്ത ആംബുലന്‍സിലാണ്. പിന്നീട് റോഡരികില്‍ വെച്ചാണ് മൃതദേഹം മറ്റൊരു ആംബുലന്‍സിലേക്ക് മാറ്റിയത്.

പരിയാരം മെഡിക്കല്‍ കോളജിലേക്ക് മൃതദേഹം കൊണ്ടുവന്നു. അതിനുശേഷം കളക്ടറുടെ ഉത്തരവനുസരിച്ച് തഹസില്‍ദാരാണ് കാര്യങ്ങളൊക്കെ കൈകാര്യം ചെയ്തത്. അനുവദിച്ച ആംബുലന്‍സില്‍ ഫ്രീസര്‍ ഇല്ലായിരുന്നു. ഇക്കാര്യം ഞങ്ങളുടെ പഞ്ചായത്ത് മെമ്പര്‍ സൂചിപ്പിച്ചിരുന്നു. അതിനെ കുറിച്ചൊന്നും പേടിക്കണ്ട. കൊണ്ടുപൊയ്‌ക്കൊള്ളു. ബാക്കി കാര്യങ്ങള്‍ താന്‍ ഏറ്റു എന്നാണ് പറഞ്ഞത്. ഫ്രീസര്‍ വേണമെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ആ കാര്യങ്ങള്‍ ഏറ്റെടുക്കുന്നുവെന്നാണ് പറഞ്ഞത്. വിവാദം ഒഴിവാക്കാനാണ് ആ സമയത്ത് ഒന്നും പറയാതിരുന്നതെന്നും കുടുംബം വ്യക്തമാക്കി.

ഈ കഴിഞ്ഞ ശനിയാഴ്ചയാണ് കണ്ണൂര്‍ മീന്‍തുള്ളി തുരുത്തില്‍ ഒറ്റപ്പെട്ടുപോയ ആളെ രക്ഷിക്കുന്നതിനിടെ രാജേഷ് ഒഴുക്കില്‍പ്പെട്ടത്. സാഹസിക കായിക ഇനമായ റെപ്പലിങ് പരിശീലകനും ദുരന്തമുഖങ്ങളിലെ സജീവ രക്ഷാപ്രവര്‍ത്തകനുമായ രാജേഷ് സുരക്ഷിതമായി മടങ്ങിയെത്തുമെന്നാണ് കരുതിയിരുന്നതെങ്കിലും പ്രതീക്ഷകള്‍ വിഫലമാക്കി മൃതദേഹം കണ്ടെത്തുകയായിരുന്നു. മൂന്നുദിവസം കഴിഞ്ഞാണ് രാജേഷിന്റെ മൃതദേഹം ലഭിക്കുന്നത്. തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേ ചാവക്കാട് വച്ച് കാര്യങ്ങള്‍ ശരിയല്ലെന്ന് മനസിലായതോടെയാണ് ആംബുലന്‍സില്‍ നിന്ന് മൃതദേഹം മറ്റൊരു ആംബുലന്‍സിലേക്ക് മാറ്റിക്കയറ്റിയത്. പിന്നെയും ചെങ്ങന്നൂരിലെ വെള്ളക്കെട്ടും കടന്നാണ് ആ മനുഷ്യസ്‌നേഹിയുടെ ശരീരം തിരുവനന്തപുരത്തേക്ക് എത്തിയത്.

Read More
s
ന്യൂസ് ഡെസ്ക്
View all posts →