വംശവെറിയുടെ ഇരകള്‍

സെബാസ്റ്റ്യൻ പോൾ

ഭീകരതയ്ക്ക് മതമില്ലെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുന്നതാണ് ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ്ചര്‍ച്ചിലെ രണ്ട് മസ്ജിദുകളിലുണ്ടായ ഭീകരാക്രമണം. കൂട്ടക്കുരുതിയുടെ ദൃശ്യങ്ങള്‍ ഫെയ്‌സ്ബുക്കില്‍ ലൈവ് ആയി കാണിച്ചു കൊണ്ടായിരുന്നു ഭീകരന്റെ താണ്ഡവം. ഓസ്‌ട്രേലിയയില്‍ നിന്നു വന്ന ഇരുപത്തിയേഴുകാരനായ കൊലയാളി ബ്രന്റന്‍ ഹാരിസണ്‍ ടറാന്റ് തന്റെ നടപടിയെ ന്യായീകരിക്കുന്ന രേഖയും പുറത്തു വിട്ടിട്ടുണ്ട്. വംശീയതയുടെ വിഷം വമിക്കുന്ന വിശ്വാസപ്രമാണമാണ് അയാളുടേത്. അയാള്‍ ലക്ഷ്യംവെച്ച മുസ്‌ലിങ്ങള്‍ ന്യൂസിലന്‍ഡിലെ ജനസംഖ്യയുടെ ഒരു ശതമാനമാണ്. കുടിയേറ്റക്കാരുടെ നാടാണ് തന്‍റേതെന്ന ചരിത്രം മറന്നു കൊണ്ടാണ് ടറാന്റ് കുടിയേറ്റക്കാരെ നിഗ്രഹിക്കാനിറങ്ങിയത്. നാസ്സികളുടെ സെമിറ്റിക് വിരുദ്ധ പ്രത്യയശാസ്ത്രത്തില്‍ ആകൃഷ്ടനായ ടറാന്റ് തന്റെ നയരേഖയില്‍ നോര്‍വീജിയന്‍ ഭീകരന്‍ ആന്‍ഡേഴ്‌സ് ബ്രെയ്‌വിക്കിനെ ആവേശപൂര്‍വം പരാമര്‍ശിക്കുന്നുണ്ട്. 2011ല്‍ 77 പേരാണ് ഓസ്‌ലോയില്‍ സമാനമായ സാഹചര്യങ്ങളില്‍ വെടിവെച്ചു കൊല്ലപ്പെട്ടത്.
നാസ്സി വാഴ്ചയുടെ തിരോധാനത്തോടെ അവസാനിച്ചുവെന്നു കരുതിയ വംശീയമഹിമയുടെ ദുര്‍ഭൂതം പലേടത്തായി തിരിച്ചു വന്നുകൊണ്ടിരിക്കുന്നു. ജര്‍മ്മനിയിലും ഫ്രാന്‍സിലും അടുത്ത കാലത്ത് മുസ്ലിം പള്ളികള്‍ ആക്രമിക്കപ്പെട്ടു. ബ്രിട്ടനില്‍ ഒരു എംപിക്ക് കുത്തേറ്റു. യു.എസില്‍ ഒരു സിനഗോഗിനു നേരേയുണ്ടായ ആക്രമണത്തില്‍ പതിനൊന്ന് ജൂതര്‍ കൊല്ലപ്പെട്ടു. നാസ്സികളുടേതില്‍ നിന്ന് അത്ര വ്യത്യസ്തമല്ലാത്ത യൂറോ-ക്രിസ്റ്റിയന്‍ വംശാധിപത്യം തന്നെയാണ് ഈ സംഭവങ്ങളുടെ പിന്നിലുള്ള പ്രേരണ. യു.എസിലേക്കുള്ള മുസ്‌ലിങ്ങളുടെ പ്രവേശം തടയണമെന്നാവശ്യപ്പെടുന്ന ട്രംപും യൂറോപ്പിനെ ക്രൈസ്തവമായി നിലനിര്‍ത്തണമെന്ന് താത്പര്യപ്പെടുന്ന ഹംഗറിയിലെ പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബനും കുടിയേറ്റക്കാര്‍ക്കും അഭയാര്‍ത്ഥികള്‍ക്കും എതിരായ നിലപാടുള്ള ഇറ്റലിയിലെ ആഭ്യന്തരമന്ത്രി മത്തേവോ സാല്‍വിനിയും ഇത്തരം ഭ്രാന്തന്മാര്‍ക്ക് ആവശ്യമായ പദാവലി സമൃദ്ധമായി നല്‍കുന്നുണ്ട്.

മുസ്‌ലിം വിരുദ്ധവും സെമിറ്റിക് വിരുദ്ധവുമായ രാഷ്ട്രീയ നിലപാടുകളില്‍ നിന്ന് പ്രചോദിതരാകുന്ന ബ്രെയ്‌വിക്കും ടറാന്റും അതുപോലുള്ളവരും ലക്ഷ്യംവെയ്ക്കുന്നത് സാധാരണ മനുഷ്യരെയാണ്. ഇസ്‌ലാമിസ്റ്റ് ഭീകരതയ്‌ക്കെതിരെയുള്ള സ്വാഭാവികമായ പ്രതികരണം എന്ന നില വിട്ട് വലതുപക്ഷ വംശീയ ഭീകരതയെ അതര്‍ഹിക്കുന്ന ഗൗരവത്തോടെ ലോകം കാണണം. ആക്രമണത്തിന്റെ ഇരകള്‍ക്ക് സാന്ത്വനവുമായി എത്തിയ ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡേന്‍ ലോകത്തിന്റെ മുഴുവന്‍ പ്രശംസയ്ക്ക് പാത്രമായി. പക്ഷേ ലോകം ഫെയ്‌സ്ബുക്കിലും ട്വിറ്ററിലും ഭീകരതയെ ആഘോഷമാക്കുകയായിരുന്നു. ഭീകരന്‍ ലൈവായി കാണിച്ച ദൃശ്യങ്ങള്‍ പങ്കുവെയ്ക്കുന്ന പതിനഞ്ച് ലക്ഷം വീഡിയോകള്‍ ആദ്യ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യേണ്ടി വന്നതായി ഫെയ്‌സ്ബുക് അറിയിച്ചു. ഭീകരതയുടെ ആഘോഷം ഭീകരത പോലെ തന്നെ ഗര്‍ഹ്യമാണ്.

Latest Stories

സംസ്ഥാനത്ത് കഞ്ചാവ് മിഠായികള്‍ വ്യാപിക്കുന്നു; യുപി സ്വദേശികളില്‍ നിന്ന് പിടിച്ചെടുത്തത് 2,000 ലഹരി മിഠായികള്‍; ലക്ഷ്യം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ടു

പശുവിന്റെ പേരില്‍ രാജ്യത്ത് വീണ്ടും ആക്രമണം; 60കാരനെ നഗ്നനാക്കി ബൈക്കില്‍ കെട്ടിവലിച്ചത് പട്ടാപ്പകല്‍; കൊടുംക്രൂരത മോഷണക്കുറ്റം ആരോപിച്ച്

പണം അയച്ചുകൊടുത്താല്‍ ലഹരി ഒളിപ്പിച്ച സ്ഥലത്തിന്റെ വിവരം ലഭിക്കും; ബംഗളൂരുവില്‍ നിന്ന് കേരള പൊലീസ് പൊക്കിയ വിദേശി എംഡിഎംഎ കുക്ക്

അനിയന്ത്രിതമായ ജനത്തിരക്ക്; പ്രസംഗിക്കാനാകാതെ രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും മടങ്ങി

കുടുംബത്തിലെ 26 അംഗങ്ങളെ വിളിച്ച് ഞാൻ ഒരു ആവേശത്തിൽ അത് പറഞ്ഞു, പിന്നെ സംഭവിച്ചത് എന്നെ ഞെട്ടിച്ചു: ദിനേശ് കാർത്തിക്ക്

കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമം; മൂന്നംഗ ഗുണ്ടാസംഘം പിടിയില്‍

മോഹൻലാലിന്റെ ഒരൊറ്റ വാക്കിലാണ് അന്ന് സെറ്റിലെ ആ വലിയ പ്രശ്നം പരിഹരിച്ചത്: ബ്ലെസ്സി

അവരുടെ ബന്ധം ഞാൻ അറിഞ്ഞത് മുതൽ അയാൾ ഉപദ്രവിക്കാൻ തുടങ്ങി; മരണപ്പെട്ട സീരിയൽ താരം പവിത്രയെ കുറിച്ചും ചന്ദുവിനെ കുറിച്ചും വെളിപ്പെടുത്തലുമായി ഭാര്യ ശിൽപ

അവയവങ്ങള്‍ക്ക് ഉയര്‍ന്ന തുക വാഗ്ദാനം; ഇറാനിലെത്തിച്ച് ശസ്ത്രക്രിയ; അവയവ മാഫിയ സംഘത്തിലെ പ്രധാന കണ്ണി അറസ്റ്റില്‍