കേരളത്തിലെ സ്ത്രീ വിഷയങ്ങൾ ഒരിക്കലും നീതിയുടെ ഭാഷയിൽ സംസാരിക്കപ്പെട്ടിട്ടില്ല. അവ എപ്പോഴും അധികാരത്തിന്റെ, പാർട്ടി സംരക്ഷണത്തിന്റെ, താരമൂല്യത്തിന്റെ, സംഘടനാ സൗകര്യത്തിന്റെ ഭാഷയിലാണ് വിവർത്തനം ചെയ്യപ്പെട്ടത്. സ്ത്രീയുടെ ശരീരം, അവളുടെ മൊഴി, അവളുടെ മൗനം ഇവയെല്ലാം രാഷ്ട്രീയത്തിനും സംസ്കാരത്തിനും ഉപയോഗിക്കാവുന്ന ഉപകരണങ്ങളായി മാത്രമാണ് ഇവിടെ നിലനിന്നത്. അതുകൊണ്ടാണ് ഓരോ സ്ത്രീ പീഡന കേസും കേസ് ആയി അല്ല, കണക്കുകൂട്ടൽ ആയി മാറുന്നത്.
സിനിമയിൽ ദിലീപ് എന്ന പേര് ഉയർന്നപ്പോൾ, സ്ത്രീ പീഡനം ഒരു നിമിഷം പൊതുസമൂഹത്തെ ഞെട്ടിച്ചു. പക്ഷേ ആ ഞെട്ടൽ നീതിയിലേക്കല്ല നീണ്ടത്; അത് ആരാധകസംരക്ഷണത്തിലേക്കും വ്യവസായ ഐക്യത്തിലേക്കുമാണ് വഴിമാറിയത്. “കുറ്റം തെളിഞ്ഞിട്ടില്ല” എന്ന വാചകം നിയമത്തിന്റെ സൂക്ഷ്മതയായി അല്ല, പ്രതിക്ക് സമയമുണ്ടാക്കുന്ന രാഷ്ട്രീയ കവചമായി ഉപയോഗിക്കപ്പെട്ടു. അതേ വ്യവസായത്തിൽ മുകേഷ്നെതിരെ ആരോപണങ്ങൾ ഉയർന്നപ്പോൾ, സംഘടനാ മൗനം എത്ര ശബ്ദമുള്ളതാകാമെന്ന് കേരളം കണ്ടു. സ്ത്രീ സുരക്ഷാ പ്രമേയങ്ങൾ സമ്മേളന ഹാളുകളിൽ പാസാകുമ്പോൾ, സ്ത്രീയുടെ അനുഭവം പുറത്തു നിൽക്കുകയായിരുന്നു.
രാഷ്ട്രീയത്തിലേക്ക് വരുമ്പോൾ, ഈ കപടത കൂടുതൽ നഗ്നമാകുന്നു. പി. ശശിക്കെതിരായ സ്ത്രീ പീഡന പരാതികൾ കൈകാര്യം ചെയ്തത് നീതിയുടെ മാനദണ്ഡത്തിൽ ആയിരുന്നില്ല; അധികാരത്തിന്റെ സൗകര്യത്തിലായിരുന്നു. അന്വേഷണ കമ്മീഷനുകൾ, ആരോഗ്യ കാരണങ്ങൾ, താൽക്കാലിക തരംതാഴ്ത്തൽ, പിന്നെ ശാന്തമായ പുനരധിവാസം ഇതെല്ലാം ചേർന്ന് ഒരു കാര്യമാണ് പറഞ്ഞത്: പാർട്ടിക്ക് അടുത്തവനാണെങ്കിൽ സ്ത്രീ പീഡനം പോലും മാനേജുചെയ്യാവുന്ന പ്രതിസന്ധി മാത്രമാണ്. ഒടുവിൽ അധികാരകേന്ദ്രത്തിലേക്ക് മടങ്ങിയെത്തിയ ഈ യാത്രയിൽ, സ്ത്രീയുടെ മൊഴി വഴിമധ്യേ എവിടെയോ നഷ്ടപ്പെട്ടു.
ഇതേ മാതൃക തന്നെയാണ് യുവജന രാഷ്ട്രീയത്തിലും. രാഹുൽ മാങ്കൂട്ടത്തിൻ്റെ വിഷയത്തിൽ എതിരാളികൾ നൈതിക പ്രസംഗങ്ങൾ നടത്തി, സ്വന്തം ചേരിയിൽ എത്തിയപ്പോൾ “കേസ് പഠിക്കണം”, “ഗൂഢാലോചന” എന്നിങ്ങനെ വാക്കുകൾ മൃദുവായി. സ്ത്രീയുടെ അനുഭവം ഇവിടെ സത്യമാണോ അല്ലയോ എന്നത് നിർണയിക്കുന്നത് അവൾ പറഞ്ഞത് അല്ല; അവൾ പറഞ്ഞത് ആർക്കെതിരെ എന്നതാണ്.
നിയമസഭയുടെ അന്തസിനെ തന്നെ ചോദ്യം ചെയ്ത ശ്രീരാമകൃഷ്ണനെസംബന്ധിച്ച വിവാദങ്ങളിലും, സ്ഥാപനപരമായ ഉത്തരവാദിത്തം ഒരു നിമിഷം പോലും കേന്ദ്രമാകാതെ “വ്യക്തിപരമായ തെറ്റ്” എന്ന ലഘൂകരണത്തിലാണ് കാര്യങ്ങൾ തീർന്നത്. അധികാരം ചോദ്യം ചെയ്യപ്പെടാതിരിക്കാൻ, സ്ത്രീയുടെ അനുഭവം വീണ്ടും സ്വകാര്യവൽക്കരിക്കപ്പെട്ടു. യുവജന സംഘടനകളിൽ ആർഷോയെപോലുള്ള പേരുകൾ ഉയരുമ്പോൾ, സംഘടനാ സംരക്ഷണം എത്ര വേഗത്തിൽ പ്രവർത്തിക്കുന്നുവെന്ന് കാണാം. ഇവിടെ അന്വേഷണമാണ് കുറ്റം. ചോദ്യം ചോദിക്കുന്നതാണ് ശത്രുത.
ഈ എല്ലാ കേസുകളും ചേർത്ത് വായിക്കുമ്പോൾ ഒരു ക്രൂര സത്യം തെളിയുന്നു: കേരളത്തിൽ സ്ത്രീപക്ഷത തിരഞ്ഞെടുത്തതാണ്. എതിരാളിയുടെ കേസാണെങ്കിൽ തെരുവ് സമരവും പ്രൈം ടൈം കോപവും. സ്വന്തം ആളാണെങ്കിൽ മൗനവും വൈകിപ്പിക്കൽ തന്ത്രങ്ങളും. സ്ത്രീയുടെ മൊഴി രാഷ്ട്രീയ സൗകര്യത്തിന് അനുസരിച്ച് വിശ്വസനീയമാകുകയും അവിശ്വസനീയമാകുകയും ചെയ്യുന്നു. മൊഴി മാറ്റിയാൽ അവൾ “പ്രശ്നത്തിൽ നിന്ന് രക്ഷപ്പെട്ടവൾ”. മൊഴിയിൽ ഉറച്ചുനിന്നാൽ അവൾ “ഗൂഢാലോചനയുടെ ഭാഗം”.
മാധ്യമങ്ങൾ ഈ സംവിധാനത്തിന്റെ വെറും സാക്ഷികളല്ല; പങ്കാളികളാണ്. വാർത്തയുടെ ദൈർഘ്യം, ചർച്ചയുടെ തീവ്രത, വിദഗ്ധരുടെ എണ്ണം ഇവയെല്ലാം നിശ്ചയിക്കുന്നത് കുറ്റത്തിന്റെ ഗുരുതരതയല്ല, പ്രതിയുടെ രാഷ്ട്രീയ–സാംസ്കാരിക വിലയാണ്. സ്ത്രീയുടെ വേദനയ്ക്ക് പ്രൈം ടൈം യോഗ്യത ലഭിക്കണമെങ്കിൽ, പ്രതി ഉപയോഗയോഗ്യനായിരിക്കണം.
ഈ ഇരട്ടത്താപ്പിന്റെ ഏറ്റവും ഭീകരമായ ഫലം സ്ത്രീകളുടെ മൗനമാണ്. പരാതി നൽകിയാൽ ഒറ്റപ്പെടൽ, തൊഴിൽ നഷ്ടം, സാമൂഹിക ആക്രമണം ഇവയെല്ലാം ഉറപ്പാണെന്ന് അവർ പഠിക്കുന്നു. അങ്ങനെ “പരാതിയില്ല” എന്ന കണക്കാണ് പിന്നെ പ്രതിയുടെ ഏറ്റവും വലിയ പ്രതിരോധം. ഇത് ഒരു യാദൃശ്ചിക പരാജയം അല്ല; ഇത് സിസ്റ്റമാറ്റിക് ക്രൂരതയാണ്. ഇവിടെ “സ്ത്രീ സംരക്ഷകൻ” എന്ന ലേബൽ ഒരു രാഷ്ട്രീയ കള്ളപ്രതിജ്ഞയായി മാറുന്നു. സ്വന്തം ആളെതിരെയും ഒരേ ധൈര്യത്തോടെ നടപടി സ്വീകരിക്കാൻ തയ്യാറാകാത്തിടത്തോളം, എല്ലാ സ്ത്രീപക്ഷ പ്രസംഗങ്ങളും വ്യാജമാണ്.
പിണറായി വിജയനെ ‘പോലുള്ള അധികാരകേന്ദ്രങ്ങളെ മഹത്വവൽക്കരിക്കാൻ നടക്കുന്ന ശ്രമങ്ങൾ, ഈ ചരിത്രത്തിന്റെ പശ്ചാത്തലത്തിൽ പരിഹാസ്യമാണ്. കാരണം അധികാരം ചോദ്യം ചെയ്യപ്പെടാതിരിക്കുമ്പോൾ, സ്ത്രീ നീതി എല്ലായ്പ്പോഴും ബലിയാകും. സ്ത്രീ നീതി ഒരു പാർട്ടി സ്ലോഗനല്ല. അത് ഒരു മൂല്യപരീക്ഷയാണ്. കേരളത്തിലെ സിനിമയും രാഷ്ട്രീയവും യുവജന സംഘടനകളും ഈ പരീക്ഷയിൽ തുടർച്ചയായി പരാജയപ്പെടുകയാണ്. പാർട്ടികൾ മാറും, നേതാക്കൾ മാറും, പക്ഷേ ഈ രാഷ്ട്രീയ–സാംസ്കാരിക പക്ഷപാതിത്വം തുടരുന്നിടത്തോളം, സ്ത്രീയുടെ ശരീരം ഈ സമൂഹത്തിന്റെ ഏറ്റവും വിലകുറഞ്ഞ ചർച്ചാവസ്തുവായിത്തന്നെ തുടരും.