മാസങ്ങള്‍ക്ക് മുമ്പ് നടന്ന ഐപിഎലില്‍ വെറും സീറോയായി തലകുനിച്ച് മടങ്ങിയവന്‍ ക്രിക്കറ്റ് ലോകത്തിന് മുഴുവന്‍ ഹീറോയാകുന്ന കാഴ്ചയാണ് ഇന്നലെ നടന്ന ടി20 ലോകകപ്പ് ഫൈനലില്‍ കാണാനായത്. ആറുമാസം നീണ്ട മൗനത്തിനൊടുവില്‍ ഹാര്‍ദിക് പാണ്ഡ്യ ഉള്ളുനിറഞ്ഞ് സന്തോഷിച്ചു. മനസിലം അപമാനഭാരമെല്ലാം ഇറക്കി വെച്ച് കണ്ണീരണിഞ്ഞു.
അങ്ങേയറ്റം വൈകാരികമായ നിമിഷമാണിത്, പ്രത്യേകിച്ച് എനിക്ക്. കഴിഞ്ഞ ആറുമാസമായി ഒരക്ഷരം മിണ്ടിയിരുന്നില്ല. മോശമായിരുന്നു കാര്യങ്ങള്‍.. പക്ഷേ തിളങ്ങാനാകുന്ന സമയം വരുമെന്ന് എനിക്കറിയാമായിരുന്നു.
പരമാവധി സമചിത്തത പാലിക്കുന്നതിലും, സമ്മര്‍ദം ദക്ഷിണാഫ്രിക്കയ്ക്ക് നല്‍കുന്നതിലുമായിരുന്നു ഞങ്ങളുടെ ശ്രദ്ധ. അവസാന ഓവറില്‍ എന്റെ ലക്ഷ്യം കാണണമെന്ന് ഉറപ്പിച്ചു. ആ സമ്മര്‍ദം ഞാന്‍ ആസ്വദിച്ചു- ഹാര്‍ദിക് കൂട്ടിച്ചേര്‍ത്തു.
അവസാന ഓവറില്‍ 16 റണ്‍സ് പ്രതിരോധിക്കേണ്ടതിന്റെ ഉത്തരവാദിത്വം ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്കാണ് നായകന്‍ രോഹിത് ശര്‍മ്മ നല്‍കിയത്. അത് നൂറ്റിയൊന്ന് ശതമാനം ആത്മാര്‍ത്ഥതയില്‍ താരം പൂര്‍ത്തീകരിച്ച് ടീമിന് ഏഴ് റണ്‍സ് ജയം സമ്മാനിച്ചു. ജസ്പ്രീത് ബുംറയുടെയും അര്‍ഷ്ദീപ് സിംഗിന്റെയും അവസാന ഓവറുകളും ദക്ഷിണാഫ്രിക്കെയ വിജയത്തില്‍നിന്നും അകറ്റി. ഇന്ത്യയ്ക്കായി ഹാര്‍ദ്ദിക് മൂന്നും ബുംറ അര്‍ഷ്ദീപ് എന്നിവര്‍ രണ്ടും അക്‌സര്‍ പട്ടേല്‍ ഒരു വിക്കറ്റും വീഴ്ത്തി.