സഞ്ജു സാംസണ് വീണ്ടും അവസരം. ടി 20 ലോകകപ്പിലെ ഇന്ത്യയുടെ അടുത്ത മത്സരം നമീബിയക്കെതിരെയാണ്. ഓപ്പണിംഗ് റോളിൽ യുവ താരം അഭിഷേക് ശർമ്മ ഉണ്ടാവില്ല. കനത്ത പനിയും, വയർ വേദനയും കാരണമാണ് അടുത്ത മത്സരത്തിൽ താരത്തിന് വിശ്രമം അനുവദിച്ചത്. ഇതോടെ ഇഷാൻ കിഷനോടൊപ്പം സഞ്ജു സാംസൺ ഓപണിംഗിലേക്ക് പരിഗണിക്കപ്പെടും എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
യുഎസ്എക്കെതിരെ അഭിഷേക് ശര്‍മയും ഇഷാന്‍ കിഷനുമായിരുന്നു ഇന്ത്യക്കായി ഓപ്പണ്‍ ചെയ്തത്. എന്നാല്‍ മത്സരത്തില്‍ ഗോൾഡന്‍ ഡക്കായി മടങ്ങിയ അഭിഷേക് ശര്‍മ കടുത്ത പനിയും വയറുവേദനയും മൂലം പിന്നീട് ഫീല്‍ഡിംഗിന് ഇറങ്ങിയിരുന്നില്ല.
നമീബിയയ്ക്കെതിരായ മത്സരത്തിന് മുന്നോടിയായി ടീം പരിശീലനത്തിനിറങ്ങിയപ്പോൾ അഭിഷേക് ശർമ ഇല്ലായിരുന്നു. ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തിലാണ് ഇന്ത്യ-നമീബിയ മത്സരം. അഭിഷേക് ശർമ അസുഖത്തിൽനിന്ന് മോചിതനായിട്ടില്ലെങ്കിലും നാളെ നടക്കുന്ന മത്സരത്തിൽ അദ്ദേഹം തിരിച്ചെത്തുമെന്ന പ്രതീക്ഷയുണ്ടെന്ന് അസിസ്റ്റന്റ് കോച്ച് റയാൻ ടെൻ ദോഷേറ്റ് പറഞ്ഞു.