അടുത്ത വർഷം നടക്കാൻ പോകുന്ന ടി 20 ലോകകപ്പിനായുള്ള ഇന്ത്യൻ സ്‌ക്വാഡിനെ പ്രഖ്യാപിച്ച് ബിസിസിഐ. ആരാധകർക്ക് ആവേശമായി മലയാളി താരം സഞ്ജു സാംസൺ ആദ്യ വിക്കറ്റ് കീപ്പറായി ടീമിൽ ഇടം നേടി. സൂര്യകുമാർ യാദവ് നയിക്കുന്ന ടീമിൽ അക്‌സർ പട്ടേലാണ് വൈസ് ക്യാപ്റ്റൻ.
നാളുകൾ ഏറെയായി മോശമായ പ്രകടനം കാഴ്ച വെച്ച താരമാണ് ശുഭ്മൻ ഗിൽ. ഇപ്പോൾ കഴിഞ്ഞ ഏഷ്യ കപ്പിലും സൗത്ത് ആഫ്രിക്കൻ പരമ്പരയിലും ടീമിന് വേണ്ടി കാര്യമായ സംഭാവനകൾ ചെയ്യാൻ താരത്തിന് സാധിച്ചില്ല. ഇതോടെ ഓപണർ സ്ഥാനത്തേക്ക് സഞ്ജു സാംസണ് വീണ്ടും അവസരം ലഭിക്കുകയായിരുന്നു. എന്നാൽ ഗിൽ കാരണം യശസ്‌വി ജയ്‌സ്വാളിന്റെ അവസരങ്ങളും നഷ്ടപ്പെട്ടു എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ആകാശ് ചോപ്ര.
” ഗില്ലിന് പകരം യശസ്വി ജയ്സ്വാളായിരുന്നു ഓപ്പണറായി കളിക്കേണ്ടിയിരുന്നത്. കാരണം, 2024ലെ ലോകകപ്പ് ടീമിന്‍റെ ഭാഗമായിരുന്നു ജയ്സ്വാള്‍. എന്നാല്‍ ടീമില്‍ ഒഴിവില്ലാത്തതിനാല്‍ അന്ന് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചില്ല. അതിന് മുമ്പ് കളിച്ചപ്പോള്‍ സെഞ്ചുറി നേടിയ താരം കൂടിയാണ് ജയ്സ്വാള്‍. മൂന്ന് ഫോര്‍മാറ്റിലും സെഞ്ചുറി നേടിയ ആറ് ഇന്ത്യൻ താരങ്ങളില്‍ ഒരാളുമാണ് അവന്‍”
” എന്നാല്‍ പരീക്ഷണങ്ങള്‍ തുടര്‍ന്നപ്പോള്‍ ജയ്സ്വാള്‍ ടീമില്‍ നിന്ന് പുറത്തായി. സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരായി തിളങ്ങിയപ്പോള്‍ ജയ്സ്വാള്‍ സാധ്യതാ ടീമുകളില്‍ പോലും എത്തിയില്ല. അതിനുശേഷം ഗില്ലിനെവെച്ചുള്ള പരീക്ഷണം കൂടിയായതോടെ അവന്‍ പൂര്‍ണമായും പുറത്തായി. ഗില്ലിനെ ടീമിലെടുത്തുവെന്ന് മാത്രമല്ല, വൈസ് ക്യാപ്റ്റനുമാക്കി. അതോടെ ഗില്ലിനെ ഒഴിവാക്കാന്‍ പറ്റാത്ത സ്ഥിതി വന്നു. ഞാനായിരുന്നു സെലക്ടറെങ്കില്‍ തീര്‍ച്ചയായും ജയ്സ്വാളിനെ ഏഷ്യാ കപ്പില്‍ ഓപ്പണറാക്കുമായിരുന്നു. എന്നാല്‍ പിന്നീട് നടന്നതെല്ലാം ചരിത്രമായിരുന്നു” ആകാശ് ചോപ്ര പറഞ്ഞു.