ന്യുസിലാൻഡിനെതിരെ നടന്ന രണ്ടാം ഏകദിനത്തിൽ ഇന്ത്യ 7 വിക്കറ്റിനാണ് തോൽവി ഏറ്റുവാങ്ങിയത്. ഇതോടെ പരമ്പര 1-1 എന്ന നിലയിലാണ് ഇരു ടീമുകളും നിൽക്കുന്നത്. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയർത്തിയ 285 റണ്‍സിന്റെ വിജയ ലക്ഷ്യം കിവികൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 15 പന്തുകൾ ബാക്കിനിൽക്കെ മറികടന്നു. ന്യുസിലാൻഡിന് വേണ്ടി ഡാരിൽ മിച്ചൽ സെഞ്ചുറിയും, വിൽ യങ് അർദ്ധ സെഞ്ചുറിയും നേടി.
ഇപ്പോഴിതാ രണ്ടാം ഏകദിനത്തിലെ ഇന്ത്യയുടെ തോൽവിക്ക് കാരണം വ്യക്തമാക്കിയിരിക്കുകയാണ് നായകൻ ശുഭ്മാൻ ഗിൽ. മധ്യ ഓവറുകളിൽ ന്യൂസിലാൻഡിന്റെ വിക്കറ്റ് വീഴ്ത്താൻ സാധിക്കാതിരുന്നതാണ് ഇന്ത്യയുടെ തോൽവിക്ക് കാരണമെന്ന് ഗിൽ പറഞ്ഞു.
‘ന്യൂസിലൻഡ് ഇന്നിങ്‌സിലെ മധ്യ ഓവറുകളിൽ വിക്കറ്റെടുക്കാൻ നമുക്ക് സാധിച്ചില്ല. അഞ്ച് ഫീൽഡർമാർ സർക്കിളിനകത്ത് നിൽക്കുമ്പോൾ വിക്കറ്റുകൾ വീഴ്ത്തിയില്ലെങ്കിൽ കളി ജയിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. മത്സരത്തിൽ ഇന്ത്യ 15-20 റൺസ് അധികം നേടിയിരുന്നെങ്കിലും മധ്യ ഓവറുകളിൽ വിക്കറ്റ് വീഴ്ത്തിയില്ലെങ്കിൽ അതുകൊണ്ട് പ്രത്യേകിച്ച് കാര്യമുണ്ടാകുമായിരുന്നില്ല’
‘ന്യൂസിലാൻഡ് ബാറ്റിങ്ങിലെ ആദ്യ പത്തോവറിൽ നമ്മൾ മികച്ച രീതിയിലാണ് പന്തെറിഞ്ഞത്. അവരുടെ ഓപ്പണർമാരെ പുറത്താക്കാനും അവരെ സമ്മർദ്ദത്തിലാക്കാനും നമുക്ക് കസാധിച്ചു. എന്നാൽ മധ്യ ഓവറുകളിൽ അവർ മനോഹരമായി ബാറ്റ് ചെയ്തതോടെയാണ് കളി ഇന്ത്യയുടെ കൈവിട്ട് പോയത്,’ ഗിൽ പറഞ്ഞു.