ന്യൂസിലൻഡിനെതിരെ നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ അക്സർ പട്ടേലിനെ ഉൾപ്പെടുത്താത്തതിൽ അമ്പരപ്പ് പ്രകടിപ്പിച്ച് മുൻ താരം മുഹമ്മദ് കൈഫ്. പരിമിത ഓവർ ക്രിക്കറ്റിൽ രവീന്ദ്ര ജഡേജയേക്കാൾ മികച്ച ഓൾറൗണ്ടർ അക്സറാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ആദ്യ രണ്ട് ഏകദിനങ്ങളിൽനിന്ന് ജഡേജ 4, 27 എന്നിങ്ങനെയാണ് റൺസ് നേടിയത്, വിക്കറ്റൊന്നും നേടാനായതുമില്ല. സ്പിന്നിനെ നേരിടാൻ പ്രയാസപ്പെടുന്ന ന്യൂസിലൻഡ് ബാറ്റർമാർക്കെതിരെ സീം ബോളിംഗ് ഓൾറൗണ്ടറായ നിതീഷ് കുമാർ റെഡ്ഡിയെ ടീം മാനേജ്‌മെന്റ് എന്തിന് പിന്തുണയ്ക്കുന്നുവെന്നും കൈഫ് ചോദിച്ചു.
“ഇരുവരിൽ ഒരാളെ തിരഞ്ഞെടുക്കേണ്ടി വന്നാൽ ഏകദിന ക്രിക്കറ്റിൽ പോലും ജഡേജയേക്കാൾ എത്രയോ മുന്നിലാണ് അക്സർ. അദ്ദേഹത്തിന്റെ സ്ട്രൈക്ക് റേറ്റ്, ബാറ്റിംഗ് മികവ്, സിക്സറുകൾ അടിക്കാനുള്ള കഴിവ് — ഇതൊന്നും ജഡേജയ്ക്കില്ല. ഐപിഎല്ലിലും നമ്മളിത് കണ്ടതാണ്. വൈറ്റ് ബോൾ ക്രിക്കറ്റിൽ ബാറ്റിംഗിലും ബോളിംഗിലും അക്സർ ഒരുപടി മുന്നിലാണ്. പവർപ്ലേയിൽ പന്തെറിയാനും അക്സറിന് സാധിക്കും. അദ്ദേഹം എന്തുകൊണ്ടാണ് ടീമിൽ പോലും ഇല്ലാത്തതെന്ന് എനിക്കറിയില്ല. സ്പിന്നിന് മുന്നിൽ പതറുന്ന ന്യൂസിലൻഡിനെതിരെ നിങ്ങൾ എന്തിനാണ് റെഡ്ഡിയെ കളിപ്പിക്കുന്നത്? ടീമിൽ ഇതിനകം തന്നെ നാല് പേസർമാരുണ്ട്, അർഷ്ദീപ് സിംഗ് പുറത്തിരിക്കുകയുമാണ്,” കൈഫ് തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.
അവസാന അഞ്ച് ഏകദിനങ്ങളിൽ നിന്ന് ജഡേജയ്ക്ക് ആകെ ഒരു വിക്കറ്റ് മാത്രമാണ് ലഭിച്ചത്. 257 എന്ന മോശം ശരാശരിയിലും 6.11 ഇക്കോണമിയിലുമാണ് അദ്ദേഹം പന്തെറിഞ്ഞത്. ബാറ്റിംഗിലാകട്ടെ, നാല് ഇന്നിംഗ്സുകളിൽ നിന്ന് വെറും 87 റൺസാണ് സമ്പാദ്യം. അതേസമയം, ഓസ്‌ട്രേലിയയ്‌ക്കെതിരായ കഴിഞ്ഞ പരമ്പരയിൽ അക്സർ മികച്ച പ്രകടനമാണ് നടത്തിയത്. രണ്ട് ഇന്നിംഗ്സുകളിൽ നിന്ന് 37.50 ശരാശരിയിൽ 75 റൺസ് നേടിയ അദ്ദേഹം, 4.45 എന്ന മികച്ച ഇക്കോണമിയിൽ മൂന്ന് വിക്കറ്റുകളും വീഴ്ത്തി. നിതീഷ് റെഡ്ഡിയെ കളിപ്പിക്കുന്നതിന് പകരം അക്സറിനെയും ജഡേജയെയും ഒരുമിച്ച് കളിപ്പിക്കുന്നത് ടീമിന് കൂടുതൽ സന്തുലിതാവസ്ഥ (Balance) നൽകുമെന്ന് കൈഫ് നിർദ്ദേശിച്ചു.
“ജഡേജയും അക്സറും ഒരുമിച്ച് കളിക്കണമെന്നാണ് എന്റെ ആഗ്രഹം. കഴിഞ്ഞ മത്സരത്തിൽ റെഡ്ഡിക്ക് പകരം അക്സർ ഉണ്ടായിരുന്നെങ്കിൽ ടീം കൂടുതൽ സന്തുലിതമായേനെ. ഇരുവരും ഇടംകൈയ്യൻ സ്പിന്നർമാരാണെങ്കിലും അവരുടെ ബോളിംഗ് ശൈലികൾ വ്യത്യസ്തമാണ്. പവർപ്ലേയ്ക്ക് ശേഷമാണ് ജഡേജ ബൗൾ ചെയ്യാൻ വരുന്നത്. എന്നാൽ അക്സറിന് പുതിയ പന്തിൽ ബൗൾ ചെയ്യാൻ കഴിയും. പുതിയ പന്തിൽ ഏറ്റവും നന്നായി പന്തെറിയുന്ന ബൗളറാണ് അദ്ദേഹം. ചാമ്പ്യൻസ് ട്രോഫിയിലും അദ്ദേഹം പുതിയ പന്തിൽ വിക്കറ്റുകൾ വീഴ്ത്തിയിരുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.