വിദേശ പര്യടനങ്ങളിൽ കളിക്കാരെ കുടുംബങ്ങൾക്കൊപ്പം കൊണ്ടുപോകുന്നത് സംബന്ധിച്ച ബിസിസിഐയുടെ പുതിയ മാർഗ്ഗനിർദ്ദേശങ്ങളിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ മൗനം വെടിഞ്ഞു. ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ഇന്ത്യയുടെ തോൽവിക്ക് ശേഷം, വിദേശ പര്യടനങ്ങളിൽ കുടുംബാംഗങ്ങൾക്ക് കളിക്കാരോടൊപ്പം താമസിക്കാവുന്ന കാലയളവ് പരിമിതപ്പെടുത്തുന്ന ഒരു കൂട്ടം നിയമങ്ങൾ ബിസിസിഐ അവതരിപ്പിച്ചു.
പുതിയ നിയമങ്ങൾ അനുസരിച്ച്, 45 ദിവസമോ അതിൽ കൂടുതലോ നീണ്ടുനിൽക്കുന്ന പര്യടനങ്ങളിൽ കുടുംബങ്ങൾക്ക് പരമാവധി 14 ദിവസം കളിക്കാരോടൊപ്പം താമസിക്കാം. സീനിയർ ബാറ്റർ വിരാട് കോഹ്‌ലി ഈ നിയമത്തിനെതിരെ വിമർശനം ഉന്നയിച്ച് രംഗത്ത് വന്നിരുന്നു. അദ്ദേഹം പരസ്യമായി തന്റെ എതിർപ്പ് പ്രകടിപ്പിക്കുകയും നിയന്ത്രണത്തെ അനുകൂലിക്കുന്നില്ലെന്ന് പറയുകയും ചെയ്തു.
വിദേശത്ത് രാജ്യത്തെ പ്രതിനിധീകരിക്കുമ്പോൾ കളിക്കാർ അവധിയിലല്ലെന്ന് മനസ്സിലാക്കേണ്ടതുണ്ടെന്ന് ഗംഭീർ അഭിപ്രായപ്പെട്ടു. കുടുംബങ്ങൾ ചുറ്റും ഉണ്ടായിരിക്കുന്നത് ഒരു പരിധിവരെ നല്ലതാണെന്ന് അദ്ദേഹം സമ്മതിച്ചു. പക്ഷേ പ്രാഥമിക ശ്രദ്ധ എല്ലായ്പ്പോഴും ക്രിക്കറ്റിൽ തന്നെ തുടരണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
“കുടുംബങ്ങൾ പ്രധാനമാണ്, പക്ഷേ നിങ്ങൾ ഒരു കാരണത്താലാണ് ഇവിടെയുള്ളത്. ഇത് ഒരു അവധിക്കാലമല്ല, നിങ്ങൾ കളിക്കുന്നത് ഒരു വലിയ ഉദ്ദേശ്യത്തിനുവേണ്ടിയാണ്. നിങ്ങളെപ്പോലെ രാജ്യത്തിന്റെ അഭിമാനം ഉയർത്താൻ വളരെ കുറച്ച് ആളുകൾക്ക് മാത്രമേ അവസരം ലഭിക്കൂ. അതിനാൽ, ഞങ്ങളോടൊപ്പം കുടുംബങ്ങൾ ഉണ്ടായിരിക്കുന്നതിന് ഞാൻ എതിരല്ലെങ്കിലും, നിങ്ങൾക്ക് നൽകിയ അവസരത്തിന്റെ പ്രാധാന്യം മനസിലാക്കുക “, ഗംഭീർ പറഞ്ഞു.
കുടുംബത്തിന്റെ പിന്തുണയുടെ മൂല്യം അംഗീകരിച്ചുകൊണ്ട്, രാജ്യത്തോടുള്ള ഉത്തരവാദിത്തം നിറവേറ്റുന്നതിനാണ് എല്ലായ്പ്പോഴും മുൻഗണന നൽകേണ്ടതെന്ന് ഇന്ത്യൻ കോച്ച് ഊന്നിപ്പറഞ്ഞു.
“ചുറ്റും കുടുംബങ്ങൾ ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്, എന്നാൽ നിങ്ങളുടെ പ്രധാന ശ്രദ്ധ നമ്മുടെ രാജ്യത്തിന്റെ അഭിമാനം ഉയർത്തുന്നതിലും നിങ്ങൾ വഹിക്കുന്ന വലിയ പങ്ക് നിങ്ങൾ മനസ്സിലാക്കുന്നതിലുമാണെങ്കിൽ, ആ ലക്ഷ്യത്തോടുള്ള നിങ്ങളുടെ പ്രതിബദ്ധത ആദ്യം വരണം. നിങ്ങൾ ആ ലക്ഷ്യത്തിനായി പൂർണ്ണമായും സമർപ്പിക്കപ്പെടുമ്പോൾ, മറ്റെല്ലാം ശരിയാകും. എന്നെ സംബന്ധിച്ചിടത്തോളം, ആ ഉദ്ദേശ്യവും ലക്ഷ്യവും എല്ലായ്പ്പോഴും മറ്റെന്തിനെക്കാളും പ്രധാനമായിരിക്കും “, ഗംഭീർ കൂട്ടിച്ചേർത്തു.