ലോർഡ്‌സിൽ നടന്ന തന്റെ പത്രസമ്മേളനത്തിനിടെ ഇന്ത്യയുടെ ബോളിംഗ് സൂപ്പർസ്റ്റാർ ജസ്പ്രീത് ബുംറയ്ക്ക് രസകരമായ ഒരു നിമിഷം ലഭിച്ചു. അഞ്ച് വിക്കറ്റ് നേട്ടത്തിലൂടെ ഐക്കണിക് ലോർഡ്‌സ് ഓണേഴ്‌സ് ബോർഡിൽ തന്റെ പേര് രജിസ്റ്റർ ചെയ്ത ബുംറ, മേശപ്പുറത്ത് ഒരു ഫോൺ റിംഗ് ചെയ്തപ്പോൾ രസകരമായ ഒരു പ്രതികരണം നടത്തി.
മത്സരശേഷം നടത്തിയ പത്രസമ്മേളനത്തിൽ ബുംറ റിപ്പോർട്ടർമാരെ കാണുകയും അവരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയും ചെയ്യുന്നതിനിടെയാണ് സംഭവം. ഒരു ചോദ്യത്തിന് മറുപടി നൽകുന്നതിനിടെ, പെട്ടെന്ന് ഒരു ഫോൺ റിംഗ് ചെയ്തു, ബുംറ ഫോൺ എടുത്ത് മാറ്റിവയ്ക്കാൻ നിർബന്ധിതനായി. “ആരുടെയോ ഭാര്യ വിളിക്കുന്നു. പക്ഷേ ഞാൻ അത് എടുക്കില്ല, ഞാൻ അത് അങ്ങനെ തന്നെ വിടും,” താരം ചിരിയോടെ പറഞ്ഞു.
ലോർഡ്‌സിൽ നടന്ന മൂന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സിൽ ഇംഗ്ലണ്ടിനെ 387 റൺസിന് പുറത്താക്കുന്നതിൽ ബുംറയുടെ പങ്ക് വലുതായിരുന്നു. അഞ്ച് വിക്കറ്റ് വീഴ്ത്തി താരം ലോർഡ്‌സിന്റെ ഓണേഴ്‌സ് ബോർഡിൽ ഇടം നേടി, പട്ടികയിലെ 14-ാമത്തെ ഇന്ത്യക്കാരനായി. എഡ്ജ്ബാസ്റ്റണിൽ നടന്ന രണ്ടാം ടെസ്റ്റിൽനിന്ന് വർക്ക്‌ലോഡ് മാനേജ്‌മെന്റിന്റെ ഭാഗമായി വിശ്രമം അനുവദിച്ച ബുംറ തന്റെ മികച്ച പ്രകടനത്തോടെ തിരിച്ചെത്തി.
ടെസ്റ്റ് ക്രിക്കറ്റിൽ താരത്തിന്റെ 15-ാമത്തെയും വിദേശത്ത് 13-ാമത്തെയും അഞ്ച് വിക്കറ്റ് നേട്ടമാണ് ഇത്. വിദേശ ടെസ്റ്റുകളിൽ കപിൽ ദേവിന്റെ 12 അഞ്ച് വിക്കറ്റ് നേട്ടങ്ങളുടെ റെക്കോർഡ് അദ്ദേഹം മറികടന്നു. വെറും 35 മത്സരങ്ങളിൽ നിന്നാണ് അദ്ദേഹം ഈ നാഴികക്കല്ല് പിന്നിട്ടത്.